Interview

‘ലാലേട്ടനും മമ്മൂക്കയും വ്യത്യസ്ത മതസ്ഥരല്ലേ? ഇത് ചിലരുടെ വിദ്വേഷ മനോഭാവം’; നിര്‍മ്മല്‍ പാലാഴി അഭിമുഖം

മകന്റെ നോമ്പ് അനുഭവം പങ്കുവെച്ചതിന് പിന്നാലെ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന വിദ്വേഷ കമന്റുകള്‍ക്കം, പ്രചരണങ്ങള്‍ക്കും മറുപടിയുമായി നടനും കൊമേഡിയനുമായ നിര്‍മ്മല്‍ പാലാഴി.

ഞാനൊരു മതേതര സ്വഭാവം സൂക്ഷിക്കുന്ന വ്യക്തിയാണ്

ഞാന്‍ അങ്ങനെ മതേതരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കലാകാരനാണ്. കാരണം ഞാന്‍ ജനിച്ചതും വളര്‍ന്നതും അത്തരം സാഹചര്യത്തിലാണ്. ഞാന്‍ പണ്ടും ഇത്തരം കാര്യങ്ങളില്‍ നിലപാട് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. അന്നൊന്നും സോഷ്യല്‍ മീഡിയ ഇല്ലല്ലോ. ആ സമയത്ത് ഇത്തരം വിദ്വേഷം നിറഞ്ഞ വിയോജിപ്പുകളും നേരിട്ടിട്ടില്ല. ഒരുപക്ഷേ പലര്‍ക്കും വിയോജിപ്പ് നേരിട്ട് പറയാന്‍ മടിയായിരിക്കും. നവമാധ്യമങ്ങളുടെ പുതിയ കാലത്ത് ഇത്തരക്കാര്‍ക്ക് അഭിപ്രായം പറയാനുള്ള പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക്. നേരിട്ടല്ലാത്തു കൊണ്ട് ഇവരുടെ വിദ്വേഷ വിചാരത്തിന് മൂര്‍ച്ഛയേറും, ചുരുക്കി പറഞ്ഞാല്‍ ഉള്ളിലുള്ളതെല്ലാം പുറത്തുവരും. അതുകൊണ്ടാണ് മതേതരപരമായ അഭിപ്രായപ്പെടലിനെ പ്രശ്നമായി എടുക്കുന്നത്. അഭിപ്രായ പ്രകടനം വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തിയ മാത്രം ചിന്തിച്ചാല്‍ മതി. ഞാന്‍ എന്ത് പോസ്റ്റ് ഇടുന്നു എന്നുള്ളത് എന്റെ വ്യക്തിപരമായ കാര്യമാണ്. ഒരു കമന്റ് ഇടുന്നതിന് മുമ്പ് ഈ കാര്യം മാത്രം ചിന്തിച്ചാല്‍ നല്ലത്.

മകന്‍ നോമ്പെടുത്ത സോഷ്യല്‍ മീഡിയ പോസ്റ്റ്

എല്ലാ മനുഷ്യരും എല്ലാ നാട്ടിലുള്ള ആളുകളും നല്ല രീതിയില്‍ മതസൗഹാര്‍ദം കാത്ത് സൂക്ഷിക്കുന്നവരാണ്. എനിക്ക് അറിയുന്ന മിമിക്രിയിലും, സിനിമയിലും ഉള്ള ഏറ്റവും നല്ല സുഹൃത്തുക്കളും അങ്ങനെ തന്നെയാണ്. ഏറ്റവും വലിയ കാര്യം പറയുകയാണെങ്കില്‍ നമ്മുടെ ലാലേട്ടനും മമ്മൂക്കയും രണ്ട് മതസ്ഥരാണ്. ഏറ്റവും വലിയ സൗഹൃദമുള്ളത് അവിടെയാണ്. മലയാളികളുടെ പ്രതിനിധികളായ രണ്ട് ആള്‍ക്കാരാണ്. പിന്നെ മോന്‍ നോമ്പെടുത്തത്, ഞാന്‍ രണ്ട് മൂന്ന് വര്‍ഷമായിട്ട് നോമ്പ് എടുക്കാറുണ്ടായിരുന്നു. എന്റെ കൂടെ റിഷാല്‍ എന്നൊരു കുട്ടിയുണ്ടായിരുന്നു. അവനില്‍ നിന്നാണ് അതിന്റെ വിശ്വാസത്തെ കുറിച്ചെല്ലാം കൂടുതലായിട്ട് അറിഞ്ഞത്. നമ്മള്‍ എറണാംകുളത്തേക്കോ, തിരുവനന്തപുരത്തേക്കോ നോമ്പിന്റെ സമയത്ത് പോവുകയാണെങ്കിലും പള്ളിയില്‍ നിസ്‌കരിക്കേണ്ട സമയത്ത് എത്ര തിരക്കാണെങ്കിലും ഞാന്‍ വണ്ടി സൈഡാക്കി അവനോട് നിസ്‌കരിച്ച് വരാന്‍ പറയുമായിരുന്നു.

നോമ്പ് തുറക്കാനാണെങ്കിലും അങ്ങനെ തന്നെ. ആ സമയത്ത് എനിക്ക് സംതൃപ്തി കിട്ടുന്ന കാര്യങ്ങളെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷെ അത് ആരെയും അറിയിക്കാറില്ല. അറിയിക്കാന്‍ പാടില്ല എന്നാണ് കേട്ടിട്ടുള്ളത്. ഈ നോമ്പിന്റെ സമയത്ത് എനിക്ക അത് ചെയ്യാന്‍ കഴിഞ്ഞില്ല. അത് പറ്റാത്തതിനാല്‍ 27-ാം രാവിന്റെ സമയത്ത് ഞാന്‍ നോമ്പും എടുത്തിട്ടില്ല. പിന്നെ മകന്‍ അവന്റെ സുഹൃത്തുക്കള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ ഒരു കൗതുകത്തിന് ചെയ്തതാണ്. അപ്പോ എന്റെ സുഹൃത്ത് പറഞ്ഞു നോമ്പ് എടുക്കുകയാണേല്‍ അടുത്ത വീട്ടില്‍ നിന്ന് തുറക്കണ്ട സ്വന്തം വീട്ടില്‍ നിന്ന് തുറന്നാല്‍ മതിയെന്നും പറഞ്ഞിരുന്നു. അവന്‍ ഒരു ഉച്ചയാവുമ്പഴേക്കും നോമ്പ് മുറിക്കുമെന്നാണ് കരുതിയത്. പക്ഷെ വൈകുന്നേരം വരെ പിടിച്ചു നിന്നു. നോമ്പ് തുറക്കാന്‍ വിഭവങ്ങള്‍ വാങ്ങാന്‍ പോയപ്പോഴേക്കും എല്ലാം കാലിയായിരുന്നു.

കുറേ വിഭവങ്ങളൊക്കെ വേണമെന്ന് മകന്‍ ആവശ്യപ്പെട്ടിരുന്നു, ഞാനത് മറന്നു. പിന്നെ ഉന്നക്കായേലും, കാരക്ക മിട്ടായിലും നാരങ്ങവെള്ളത്തിലും ഒതുക്കി. പിറ്റേ ദിവസം ഫേസ്ബുക്ക് പോസ്റ്റ് കണ്ട് എന്റെ സുഹൃത്തുക്കളുടെ മക്കള്‍ ഇവന് നോമ്പ് തുറ വിഭവങ്ങളുമായി വന്നിരുന്നു. അതാണ് നമ്മുടെ നാട്. അതൊരിക്കലും ഞാന്‍ കുറച്ച് സിനിമകള്‍ ചെയ്തു എന്നുള്ളത് കൊണ്ടല്ല. കാലങ്ങളായി ഇത്തരക്കാരുമായാണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ട് എനിക്ക് അങ്ങനെ അല്ലാതെ മറ്റ് രീതിയില്‍ ചിന്തിക്കാന്‍ കഴിയില്ലല്ലോ.

മക്കളെ കുറിച്ച് മോശം പറഞ്ഞാല്‍ അച്ഛനെന്ന നിലയില്‍ ഞാന്‍ വെറുതേയിരിക്കില്ല

നോമ്പിന്റെ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിന് എന്റെ ഒരു സുഹൃത്ത് വന്നിരുന്നു. അപ്പോ അവരാണ് മക്കളെ എടുത്തുള്ള ഫോട്ടോ എടുത്തത്. ഞാന്‍ ആ പോസ്റ്റ് എഴുതുമ്പോള്‍ മക്കള്‍ അടുത്തില്ലായിരുന്നു. മക്കള് എന്റെ ജീവനാണ്. ആക്സിഡന്റ് കൂടി കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ മക്കളെക്കുറിച്ചുള്ള ആവലാതികളായിരുന്നു മനസ് നിറയെ. ഒരു കൗണ്‍സിംഗിനൊക്കെ പോകേണ്ടി വന്നു. ക്ലാസിലെ കുട്ടികള്‍ തമ്മില്‍ ചെറിയ വഴക്കുണ്ടാക്കിയതിന് നഴ്സറിയില്‍ വരെ പോയി ടീച്ചറോട് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് മക്കളെ കുറിച്ച് പോസ്റ്റ് ഇട്ടത്. അവര്‍ മക്കളെ പോലും മോശമായി ചിത്രീകരിച്ചപ്പോള്‍ എനിക്ക് ഒന്ന് കൂടെ പൊള്ളി. എന്നെ കുറിച്ചായിരുന്നെങ്കില്‍ ഒരു പക്ഷെ ഞാന്‍ മറുപടി കൊടുക്കില്ലായിരുന്നു. പക്ഷെ സ്വന്തം മക്കളെ പറ്റിയല്ലെ. മകനെ കുറിച്ച് അത്രയും വൃത്തികെട്ട വാക്കുകളൊക്കെ ചിലര്‍ ഉപയോഗിച്ചു. മക്കളെ കുറിച്ച് പറയുമ്പോള്‍ ഒരു അച്ഛന്‍ എന്ന നിലയില്‍ ഞാന്‍ പ്രതികരിക്കും.

വിദ്വേഷ കമന്റുകള്‍ വ്യക്തിത്വവുമായി ബന്ധപ്പെട്ടതാണ്

വിദ്വേഷ പ്രചരണങ്ങളും കമന്റുകളും ഒരു പ്രത്യേക കക്ഷി രാഷ്ട്രീയ, സംഘടന സെറ്റപ്പല്ല. മറിച്ച് ഒരു മനുഷ്യന്റെ ഉള്ളിലുള്ള വൃത്തികേടാണ് പുറത്ത് വരുന്നത്. ഞാനുള്‍പ്പെടെയുള്ള പലരെയും അവര്‍ വേട്ടയാടുകയാണ്. നിങ്ങളൊരു രാഷ്ട്രീയ കക്ഷിയുടെ ഭാഗമായാല്‍ വിദ്വേഷം ഉണ്ടാവുമെന്നല്ല, മറിച്ച് നിങ്ങളുടെ ഉള്ളില്‍ അത്തരത്തിലൊരു വിദ്വേഷ ചിന്തയുണ്ടെങ്കിലും ഏത് കക്ഷിയാണെങ്കിലും അതു തന്നെയാണ് പുറത്തുവരിക. അതൊക്കെ നമുക്ക് വ്യക്തി പരമായ മനോഭാവമായെ പറയാന്‍ പറ്റുള്ളു. ഒരു സമൂഹത്തിന്റെയോ, സംഘടനയുടെയോ പേര് പറയാന്‍ പറ്റില്ലല്ലോ. അതൊക്കെ ഓരോ ആളുകള്‍ അല്ലെ ചിന്തിക്കേണ്ടത്.

മിമിക്രിക്കാരനാണ്, നടനാണ്, കൃത്യമായ നിലപാടുകളും കാഴ്ച്ചപ്പാടുകളും ഉണ്ട്

ഈ മിമിക്രിക്കാരന്‍ മിമിക്രിയും, സിനിമക്കാരന്‍ സിനിമയും ചെയ്താല്‍ മതിയെന്ന് ചിലരൊക്കെ പറയാറുണ്ട്. ഞാനതൊന്നും മുഖവിലയ്‌ക്കെടുക്കാറില്ല. ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ശരിയെന്ന് തോന്നുന്നതും പൊതു സമൂഹത്തിന് വലിയ മോശം വരാത്തുതുമായ കാര്യങ്ങള്‍ ഞാന്‍ ചെയ്യും. തീര്‍ച്ചയായും അത്തരം കാര്യങ്ങള്‍ എടപെടുകയും ചെയ്യും. ഇല്ലെങ്കില്‍ പിന്നെ ഞാന്‍ ഒരു വ്യക്തിയാണെന്ന് പറയുന്നതില്‍ കാര്യമില്ലല്ലോ. നമ്മള്‍ വേദിയില്‍ കയറി കോമാളിത്തരം കാണിക്കുന്ന ആള്‍ക്കാര്‍ മാത്രമാണെന്നാണ് തോന്നല്‍. നമുക്ക് നമ്മുടെതായ കാര്യങ്ങള്‍ പറയാനുണ്ടാവില്ലേ

Covid 19 updates

Latest News