Saffron Politics

ആര്‍എസ്എസിന്റെ അടുത്ത സര്‍കാര്യവാഹ്‌ തെരഞ്ഞെടുപ്പ് തീരുമാനിക്കും, കാവി രാഷ്ട്രീയത്തിന്റെ ഭാവി

രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കാനിരിക്കുന്ന ഒരു കൂട്ടം തെരഞ്ഞെടുപ്പുകളിലേക്കുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം സംസ്ഥാനങ്ങളിലെ നിയമസഭതെരഞ്ഞെടുപ്പുകളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി തെരഞ്ഞെടുപ്പും അക്കൂട്ടത്തില്‍ രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പുകളാണ്. എന്നാല്‍ സമകാലിക സാഹചര്യങ്ങളില്‍ അതിനൊപ്പമോ അതിലധികമോ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു തെരഞ്ഞെടുപ്പുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയദിശാബോധത്തെ രൂപീകരിക്കുന്ന, സര്‍ക്കാരിന് പുറത്തുള്ള ആ അധികാരസ്ഥാനത്തേക്കുള്ള ആ നിര്‍ണ്ണായക തെരഞ്ഞെടുപ്പ് എന്നാല്‍ ഇതുവരെ പൊതുശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

ഈ വര്‍ഷം മാര്‍ച്ചില്‍ നാഗ്പൂരില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് തങ്ങളുടെ അടുത്ത സര്‍കാര്യവാഹിനെ (ജനറല്‍ സെക്രട്ടറി) തെഞ്ഞെടുക്കും. 2009 മുതലുള്ള പന്ത്രണ്ട് വര്‍ഷക്കാലം ഭരണചുമതല നിര്‍വ്വഹിച്ച മുതിര്‍ന്ന നേതാവ് സുരേഷ് ഭയ്യാജി ജോഷിക്ക് പകരക്കാരനെ കണ്ടെത്തുകയാണ് തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം

ആര്‍എസ്എസിന്റെ ഭരണനിര്‍വ്വഹണത്തിലെ ഏറ്റവും ഉന്നതസ്ഥാനങ്ങളിലൊന്നായ സര്‍കാര്യവാഹാണ്‌ സംഘടനയുടെ ദൈനംദിന കാര്യങ്ങളുടെ ചുമതല വഹിക്കുന്നത്. ഇത്തരം ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന, സംഘടനയുടെ രാഷ്ട്രീയ, ആചാര, ധാര്‍മ്മിക ദാര്‍ശനികനും മാര്‍ഗദര്‍ശിയുമായ സര്‍സംഘചാലകില്‍ നിന്ന് വ്യത്യസ്തമാണ് സര്‍കാര്യവാഹിന്റെ പ്രവര്‍ത്തനങ്ങള്‍.

മുന്നിലുള്ളത് രണ്ട് നിര്‍ണ്ണായക പരിപാടികള്‍

2018 ല്‍ കാലാവധി അവസാനിക്കേണ്ടിയിരുന്ന ജോഷിക്കുപകരം സഹസര്‍കാര്യവാഹില്‍ ഒരാളായ ദത്തത്രേയ ഹോസാബലെ സ്ഥാനമേല്‍ക്കുമെന്ന് അന്ന് വ്യാപകമായി ഊഹാപോഹങ്ങളുയര്‍ന്നിരുന്നു.

എന്നാല്‍ ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടുകൂടി ജോഷി സ്ഥാനത്ത് നിലനിര്‍ത്തപ്പെടുകയായിരുന്നു. അദ്ദേഹം സ്ഥാനത്ത് ശക്തമായി തുടരുന്നതു വഴി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്രമോഡിയും തമ്മിലെ ബന്ധത്തെ അസ്വസ്ഥപ്പെടുത്താതെ തന്നെ ബിജെപി കേന്ദ്രീകൃത സ്വഭാവത്തില്‍ നിന്ന് സംഘത്തിന് വിട്ടുനില്‍ക്കാമെന്ന ആര്‍എസ്എസിലെ ഉന്നതസ്ഥാനീയരുടെ അഭിപ്രായത്തെ തുടര്‍ന്നായിരുന്നു തീരുമാനം.

ഇന്ന് ആര്‍എസ്എസിന് രണ്ട് സുപ്രധാന ഭാവിവികാസങ്ങളിലാണ് കണ്ണുള്ളത്. 2024-ലെ പൊതുതെരഞ്ഞെടുപ്പാണതിലാദ്യത്തേത്, ബിജെപിക്ക് വീണ്ടുമൊരു വിജയമൊരുക്കാന്‍ സംഘപരിവാറിന്റെ എല്ലാ ഊര്‍ജ്ജവുമവര്‍ ഉപയോഗിക്കും.

എന്നിരുന്നാലും ആര്‍എസ്എസിനെ സംബന്ധിച്ച് കൂടുതല്‍ പ്രാധാന്യം സംഘടനാ രൂപീകരണത്തിന്റെ ശതാബ്ദിക്കാണ്: 1925-ലെ വിജയദശമി ദിനത്തില്‍ കെ ബി ഹെഡ്‌ഗെവാറാണ് ആര്‍എസ്എസ് സ്ഥാപിച്ചത്. ഇതുവരെ പദ്ധതികള്‍ തയ്യാറാക്കപ്പെട്ടിട്ടില്ലെങ്കിലും 2024-ല്‍ രാജ്യവ്യാപക ശതാബ്ദി ആഘോഷങ്ങള്‍ക്ക് ആര്‍എസ്എസ് തുടക്കം കുറിക്കാനാണ് സാധ്യത. അതിലേക്കുള്ള മുന്നൊരുക്കങ്ങള്‍ ഒരു വര്‍ഷത്തിനകം തന്നെ ആരംഭിച്ചേക്കും.

1988-89 വര്‍ഷങ്ങളില്‍ ആര്‍എസ്എസ് ഹെഡ്‌ഗേവാറിന്റെ ജന്മശതാബ്ദി ആഘോഷിച്ചതും ആ കാമ്പയിനോടെ സംഘടനയുടെ ജനസമ്മതിയിലുണ്ടായ ഗണ്യമായ വര്‍ദ്ധനവും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

എന്നാല്‍ ലോക്‌സഭയില്‍ രണ്ട് പ്രതിനിധികള്‍ മാത്രമുള്ള 1980കളിലെ അനുബന്ധ രാഷ്ട്രീയ ശക്തിയല്ല ഇന്ന് സംഘപരിവാര്‍ എന്നതുകൊണ്ടുതന്നെ ശതാബ്ദി ആഘോഷങ്ങള്‍ കൂടുതല്‍ ഗംഭീരമായിരിക്കുമെന്നതില്‍ സംശയിക്കാനില്ല.

ഇതാണ് അടുത്ത സഹകാര്യവാഹിന്റെ തെരഞ്ഞെടുപ്പിനെ നിര്‍ണ്ണായകമാക്കുന്നത്. 2027 വരെയുള്ള രണ്ട് ടേമം സംഘടനയുടെ ചുക്കാന്‍ പിടിക്കുക എന്നാതായിരിക്കും അദ്ദേഹത്തിന്റെ ചുമതല.

പുതിയ സര്‍കാര്യവാഹിന്റെ പ്രാധാന്യം

അഖില ഭാരതീയ പ്രതിനിധി സഭയുടെ (എബിപിഎസ്) വാര്‍ഷിക യോഗത്തില്‍ നടക്കാനിരിക്കുന്ന സര്‍കാര്യവാഹ്‌ തെരഞ്ഞെടുപ്പ്, മുന്‍ഗണനകളുടെ പുനപരിശോധന, ഹ്രസ്വകാല ലക്ഷ്യങ്ങളുടെ പുനക്രമീകരണം, ഉന്നതസംഘാംഗങ്ങള്‍ക്കിടയിലെ പുതിയ സമവാക്യങ്ങള്‍ എന്നിവയ്ക്ക് മുന്നോടിയായി ആയിരിക്കും നടത്തപ്പെടുക.

ഏറ്റവും പ്രധാനമായി, വിജയിക്കുന്ന സ്ഥാനാര്‍ഥി നിയമിക്കുന്നവരായിരിക്കും അക്കാലയളവില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളിലിരിക്കുന്നതും ഹിന്ദു ദേശവാദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളായ ആര്‍എസ്എസ്- ബിജെപി അധികാരത്തിന്റെ സന്തുലിതാവസ്ഥയെ സംബന്ധിച്ച് സൂചനകള്‍ നല്‍കുന്നതും.

ഏകദേശം 1400 അംഗങ്ങളുള്ള എബിപിഎസ് കൂട്ടായ തീരുമാനങ്ങളെടുക്കാനുള്ള ആര്‍എസ്എസിന്റെ ഉന്നതസമിതിയാണ്. വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായും നടത്തേണ്ട എബിപിഎസ് യോഗം സാധാരണ മൂന്നുവര്‍ഷത്തലൊരിക്കലാണ് തെരഞ്ഞെടുപ്പിനായി നാഗ്പൂരില്‍ ചേരുന്നത്. മറ്റുവര്‍ഷങ്ങളില്‍ മറ്റ് നഗരങ്ങളിലായിരിക്കും സമ്മേളനങ്ങള്‍. 2018 മാര്‍ച്ചിലാണ് അവസാനമായി നാഗ്പൂര്‍ സമ്മേളനം നടന്നത്.

കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ നിയന്ത്രണവിധേയമായി ആയിരിക്കും സമ്മേളനത്തിന്റെ നടത്തിപ്പ്. അതേസമയം 500 അംഗങ്ങളിലേക്ക് വെട്ടിച്ചുരുക്കിയ സമിതിയെടുക്കുന്ന തീരുമാനങ്ങള്‍ക്ക് മുന്‍വര്‍ഷങ്ങളിലെ അതേ പ്രാധാന്യമുണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14, 15 ദിവസങ്ങളില്‍ ബെംഗളുരുവില്‍ നടക്കേണ്ടിയിരുന്ന എബിപിഎസ് സമ്മേളനം കൊവിഡ് ജാഗ്രതയെ കരുതി ആര്‍എസ്എസ് ഉപേക്ഷിക്കുകയായിരുന്നു.

നാഗപൂര്‍ സമ്മേളനത്തിന്റെ പ്രാധാന്യം

അതിനുശേഷം നടത്തപ്പെട്ട ഏറ്റവും വലിയ യോഗം ജനുവരി ഏഴിന് അഹമ്മദാബാദില്‍ ചേര്‍ന്ന ത്രിദിന സമന്വയ് ബൈഠകാണ്. (ഏകോപന യോഗം) 30ലധികം ആര്‍എസ്എസ് സംഘടനകളുടെ പ്രതിനിധികളും 150 ലധികം സംഘപരിവാര്‍ നേതാക്കളുമാണ് ഈ യോഗത്തില്‍ പങ്കെടുത്തത്. അതിനുമുന്‍പുള്ള കൂടിക്കാഴ്ചകള്‍ ഉന്നതനേതൃത്വവുമായുള്ള കൂടിക്കാഴ്ചകളും മോഹന്‍ ഭഗവത്, ഭയ്യാജി ജോഷി എന്നിവരുടെ വിവിധ വേദികളിലേക്കുള്ള യാത്രകളും മാത്രമായിരുന്നു.

രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ധനസമാഹരണ യജ്ഞം വിജയകരമാക്കുന്നതിനുവേണ്ടി വിവിധ അനുബന്ധ സംഘടകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആ ചര്‍ച്ചകള്‍.

ജനുവരി 15 മുതല്‍ ആരംഭിക്കുന്ന ഈ പരിപാടി 1989-ല്‍ അയോധ്യയിലേക്ക് നടത്തപ്പെട്ട ശിലാപൂജ യാത്രയ്ക്ക് ശേഷമുള്ള സംഘപരിവാറിന്റെ ഏറ്റവും വലിയ ബഹുജനസമ്പര്‍ക്ക പരിപാടിയായാണ് കണക്കാക്കപ്പെടുന്നത്.

മാര്‍ച്ചില്‍ നാഗ്പൂരില്‍ നടക്കാനിരിക്കുന്ന എബിപിഎസ് യോഗത്തില്‍ പങ്കെടുക്കുന്നവര്‍ അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നതിനൊപ്പം യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത പ്രതിനിധികളുടെ അഭിപ്രായങ്ങളും അറിയിക്കും.

പൊതുജനങ്ങള്‍ക്കിടയില്‍ വളരെക്കുറച്ച് മാത്രമേ ചര്‍ച്ചചെയ്യപ്പെടുന്നുള്ളൂ എങ്കിലും ആര്‍എസ്എസിന്റെ സര്‍കാര്യവാഹായി ആര് തെരഞ്ഞെടുക്കപ്പെടുമെന്നത് ആര്‍എസ്എസിന്റെ മാത്രമല്ല മുഴുവന്‍ കാവി സംഘടനാനേതാക്കളുടെയും ആകുലതയാണ്.

പരമ്പരാഗതമായി ഒരു സര്‍സംഘചാലകിനെ (മറ്റ് മുതിര്‍ന്ന് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം) നാമനിര്‍ദ്ദേശം ചെയ്യുന്നത് സ്ഥാനമൊഴിയുന്ന നേതാവാണ്. അദ്ദേഹം ആഗ്രഹിക്കുന്നതുവവരെയോ അല്ലെങ്കില്‍ നിലവിലെ രീതികളനുസരിച്ച് 75 വയസ്സുവരെയോ ഔദ്യോഗിക സ്ഥാനത്ത് തുടരുന്നു. അതേസമയം, ഒരു സര്‍കാര്യവാഹിനെ എബിപിഎസ് തെരഞ്ഞെടുക്കുന്നത് മൂന്നുവര്‍ഷത്തേക്കാണ്. സംഘപരിവാറിലെ ഉന്നതാംഗങ്ങളാണ് അഭിപ്രായ ഐക്യത്തോടെ അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നത്.

ആര്‍എസ്എസ് തങ്ങളുടെ ഉന്നതാധികാരിയെ തെരഞ്ഞെടുക്കുന്നതെങ്ങനെ?

ആര്‍എസ്എസ് വൃത്തങ്ങള്‍ വിവരിക്കുന്നത് പ്രകാരം സംഘടനയുടെ നിര്‍ണ്ണായക നിയമനം നടത്തുന്നത് പരസ്പരം അഭിപ്രായ ഏറ്റുമുട്ടലുകളില്ലാത്ത റൗണ്ട്‌അബൗട്ട് സ്വഭാവത്തിലാണ്. ചെറിയ സംഘങ്ങളായോ ചിലപ്പോള്‍ ഒന്നോ രണ്ടോ വ്യക്തികള്‍ക്കുള്ളിലോ ആയിരിക്കും ചര്‍ച്ചകള്‍ നടത്തപ്പെടുന്നത്. ഒരു വ്യക്തി തന്റെ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെക്കുകയും അത് പ്രതികൂലിക്കുന്നവരുടെ പ്രതികരണങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാതെയും മുന്നോട്ടുപോകുന്നതാണ് അത്തരം ചര്‍ച്ചകളുടെ രീതി.

ശാഖകളില്‍ നിന്ന് വളര്‍ന്നുവന്നവര്‍ മാത്രമായിക്കണം സംഘടനയുടെ നിര്‍ണ്ണായകസ്ഥാനങ്ങള്‍ അലങ്കരിക്കുന്നതെന്ന് നാഗ്പൂര്‍ ആസ്ഥാനമായുള്ള ആര്‍എസ്എസ് നേതൃത്വം ഉറപ്പുവരുത്തുന്നതായി സംഘടനയ്ക്ക് അകത്തും പുറത്തുമുള്ള ആര്‍എസ്എസ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ക്കശമായ സംഘടനാചട്ടക്കൂടിനുള്ളില്‍ വളര്‍ന്നുവന്നവര്‍ ഉയര്‍ന്ന ധാര്‍മ്മിക തലത്തില്‍ നില്‍ക്കുന്നവരാണെന്ന് സംഘടനയിലെ യാഥാസ്ഥിതിക വിഭാഗം വിശ്വസിക്കുന്നു.

ഇത്‌ ആര്‍എസ്എസിനുള്ളിലെ പാരമ്പര്യവാദികളെ, ബിജെപിയില്‍ നിന്നോ എബിവിപി പോലുള്ള മറ്റ് അനുബന്ധ സംഘടകളില്‍ നിന്നോ ഉള്ളവരെ ഇത്തരം സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നതില്‍ ഉറപ്പില്ലാതെയാക്കുന്നു. ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന വിശ്വസ്തരൊഴിച്ചാല്‍ സംഘത്തിന് പുറത്തുനിന്നുള്ളവരെ മറ്റ് ശക്തികള്‍ക്ക്‌ സ്വാധീനിക്കാന്‍ കഴിയുമോ എന്ന സംശയമാണിതിനുകാരണം.

ആരാകും ആര്‍എസ്എസിലെ ഏറ്റവും ശക്തനായ രണ്ടാമന്‍

2014 മുതലുണ്ടായ അഭൂതാപൂര്‍വ്വമായ ഉയര്‍ച്ചയുമായി ആര്‍എസ്എസിനുമേല്‍ പിടിമുറുക്കുകയാണ് ബിജെപി. നാഗ്പൂര്‍ നേതൃത്വത്തിന്റെ വല്ല്യേട്ടന്‍ സ്ഥാനം ഇതിനകം തന്നെ അവര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ബിജെപിയുടെ ഈ സമാന്തര ഭരണത്തിന്റെ വിവിധ ഉദാഹരണങ്ങള്‍ ബിജെപി നേതൃത്വത്തെ പിന്തുടരുന്ന ആര്‍എസ്എസ് നേതാക്കളില്‍ 2018 മുതല്‍ കാണാം.

ആത്മനിര്‍ഭരതയെന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോഡി അവതരിപ്പിച്ചതുമുതല്‍, ഒരു പൊതുപ്രസംഗത്തിലുമത് പരാമര്‍ശിക്കപ്പെടാതെ പോകാതിരിക്കാന്‍ മോഹന്‍ ഭാഗവതും മറ്റ് ആര്‍എസ്എസ് നേതാക്കളും കാണിച്ച ശ്രദ്ധയാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. ആര്‍എസ്എസ് അജണ്ടകള്‍ നിശ്ചയിച്ചിരുന്ന വാജ്‌പേയി ഭരണകാലത്തില്‍ നിന്നുള്ള സുപ്രധാന ദിശാമാറ്റമാണിതെന്ന് ആര്‍എസ്എസിനകത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരുപിടി സംഘടനാനേതാക്കളില്‍ നിന്നും സഹസര്‍കാര്യവാഹുകളില്‍ നിന്നും മറ്റ് ഉന്നതനേതാക്കളില്‍ നിന്നുമായിരിക്കും ആര്‍എസ്എസ് തങ്ങളുടെ അടുത്ത സര്‍കാര്യവാഹകിനെ തെരഞ്ഞെടുക്കുക.

എതായാലും സാധ്യതാപട്ടികയില്‍ ഇത്തവണയും ഹോസാബലെക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ ശാഖസമ്പ്രദായത്തിനകത്ത് കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന മന്‍മോഹന്‍ വൈദ്യയെപ്പോലെയുള്ളവരോട് (ആറ് ജോയിന്റ് സെക്രട്ടറിമാരില്‍ ഒരാള്‍) മത്സരിക്കേണ്ടിവരും അദ്ദേഹത്തിന്. പിന്നീടുള്ളത് ആര്‍എസ്എസിനൊപ്പവും ബിജെപിക്കൊപ്പവും ഒരുപോലെ പ്രവര്‍ത്തിച്ച് പരിചയമുള്ള കൃഷ്ണ ഗോപാലാണ്. 2014-ല്‍ നിര്‍ണ്ണായക സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചത് അദ്ദേഹമായിരുന്നു. 65 വയസ്സുകാരനായ അദ്ദേഹത്തിന് മുന്നില്‍ ഇനിയും ഒരു പതിറ്റാണ്ട് ബാക്കിയുണ്ട്.

കാര്‍ഷകസമരങ്ങള്‍ ആര്‍എസ്എസിനും ബിജെപിക്കുമിടയില്‍ വിള്ളലുണ്ടാക്കുമോ

അടുത്ത സര്‍കാര്യവാഹിന്റെ തെരഞ്ഞെടുപ്പ് സംഘടനയുടെ പ്രത്യേയശാസ്ത്രപരമായ നിലപാടിനെ സ്വധീനിക്കുകയില്ലെങ്കിലും നിര്‍ണ്ണായ നയപരിപാടികളില്‍ നിലപാടുകള്‍ മാറ്റിയേക്കാം. കര്‍ഷക സമരത്തെ സംബന്ധിച്ച് മാറിക്കൊണ്ടിരിക്കുന്ന ആര്‍എസ്എസ് ബിജെപി സമവാക്യങ്ങള്‍ അതിന് സൂചന നല്‍കുന്നുണ്ട്.

2018ല്‍ വീണ്ടും സര്‍കാര്യവാഹായി ജോഷി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കര്‍ഷകരുടെ ആവശ്യങ്ങളോടുള്ള നിലപാടെന്താണെന്ന ചോദ്യം അദ്ദേഹത്തോട് ഉന്നയിക്കപ്പെട്ടിരുന്നു. സര്‍ക്കാരും ഭാരതീ കിസാന്‍ സംഘ്, സ്വദേശ് ജഗ്രന്‍ മഞ്ച്‌ എന്നിവരും തമ്മിലെ അഭിപ്രായ വ്യത്യാങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. ഇന്ത്യയുടെ കാര്‍ഷിക പ്രതിസന്ധിയുടെ സത്യാവസ്ഥയും തീവ്രതയും അംഗീകരിക്കുന്നുവെന്നും ഒരു സര്‍ക്കാരും കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിരിക്കരുതെന്നുമായിരുന്നു അന്ന് ജോഷിയുടെ മറുപടി.

ആര്‍എസ്എസ് ഇതുവരെ സര്‍ക്കാരിനെ പരസ്യമായി പിന്തുണച്ചിട്ടുണ്ടെങ്കിലും, ചില നേതാക്കള്‍ അതിന് വിരുദ്ധമായ വീക്ഷണം പുലര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയൊരു സമവാക്യം രൂപപ്പെടുന്നതിന് മുന്‍പ് അടുത്ത സര്‍കാര്യവാഹിന്റെ തെരഞ്ഞെടുപ്പ് സംബന്ധിച്ച പല ഘട്ട ചര്‍ച്ചകള്‍ ആവശ്യമായി വരുമെന്നത് വ്യക്തമാണ്.

ദി ക്വിന്റില്‍ നിലാഞ്ജന്‍ മുഖോപാദ്യായ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Latest News