പിടിച്ചുനിര്‍ത്താന്‍ പി വി അന്‍വര്‍; തിരിച്ചെടുക്കാന്‍ വി വി പ്രകാശ്; നിലമ്പൂരില്‍ പോരാട്ടം ഇഞ്ചോടിഞ്ചാകുമോ
മലപ്പുറം ജില്ലയിലെ ഇടത് സിറ്റിംഗ് മണ്ഡലങ്ങളിലൊന്നായ നിലമ്പൂര്‍ 2016- നിയമസഭാതെരഞ്ഞെടുപ്പിലെ നിര്‍ണ്ണായക അട്ടിമറിമാറ്റത്തിനുശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ഒരുകാലത്ത് കോണ്‍ഗ്രസിലെ പ്രധാനികളിലൊരാളായിരുന്ന ആര്യാടന് മുഹമ്മദിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലം അതേ നേതാവിന്റെ മകന്റെ തോല്‍വിയിലൂടെയായിരുന്നു അന്ന് യുഡിഎഫിന്റെ കൈവിട്ട് പോയത്. 2016-ല്‍ ആര്യാടന് മുഹമ്മദ് തെരഞ്ഞെടുപ്പ് കളമൊഴിഞ്ഞ് മകന് വഴിയൊരുക്കിയപ്പോള്‍ എതിര്സ്ഥാനാര്ത്ഥിയായെത്തിയത് വ്യവസായിയും പഴയ കോണ്‍ഗ്രസുകാരനുമായ പി വി അന്‍വറായിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവുമധികം പ്രതീക്ഷ പ്രതീക്ഷ വെച്ചിരുന്ന നിലമ്പൂരില്‍ പക്ഷേ ആര്യാടന് ഷൗക്കത്ത് 11504 […]
31 March 2021 10:31 AM GMT
അനുപമ ശ്രീദേവി

മലപ്പുറം ജില്ലയിലെ ഇടത് സിറ്റിംഗ് മണ്ഡലങ്ങളിലൊന്നായ നിലമ്പൂര്‍ 2016- നിയമസഭാതെരഞ്ഞെടുപ്പിലെ നിര്‍ണ്ണായക അട്ടിമറിമാറ്റത്തിനുശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ഒരുകാലത്ത് കോണ്‍ഗ്രസിലെ പ്രധാനികളിലൊരാളായിരുന്ന ആര്യാടന് മുഹമ്മദിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലം അതേ നേതാവിന്റെ മകന്റെ തോല്‍വിയിലൂടെയായിരുന്നു അന്ന് യുഡിഎഫിന്റെ കൈവിട്ട് പോയത്. 2016-ല്‍ ആര്യാടന് മുഹമ്മദ് തെരഞ്ഞെടുപ്പ് കളമൊഴിഞ്ഞ് മകന് വഴിയൊരുക്കിയപ്പോള്‍ എതിര്സ്ഥാനാര്ത്ഥിയായെത്തിയത് വ്യവസായിയും പഴയ കോണ്‍ഗ്രസുകാരനുമായ പി വി അന്‍വറായിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവുമധികം പ്രതീക്ഷ പ്രതീക്ഷ വെച്ചിരുന്ന നിലമ്പൂരില്‍ പക്ഷേ ആര്യാടന് ഷൗക്കത്ത് 11504 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ആര്യാന്മാരുടെ കുത്തക എന്നറിയപ്പെട്ടിരുന്ന നിലമ്പൂരിലെ ആ തോല്‍വി.
1967 മുതലുള്ള നിലമ്പൂര്‍ മണ്ഡലത്തിന്റെ ചരിത്രം ആര്യാടന് മുഹമ്മദ് എന്ന കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയ ജീവിതത്തെ അടയാളപ്പെടുത്തുന്നതുകൂടിയാണ്. 1967-മുതല്‍ നിലവിലുള്ള മണ്ഡലം പിന്നിട്ട പതിനാല് തെരഞ്ഞെടുപ്പുകളില്‍ പത്തിലും മത്സരിച്ച ആര്യാടന് മുഹമ്മദിന് എട്ട് വിജയങ്ങളും രണ്ട് തോല്‍വിയുമാണ് നിലമ്പൂര്‍ നല്‍കിയത്. 1977, 1980 തെരഞ്ഞെടുപ്പുകളിലും 1987- 2011 വരെ തുടര്‍ച്ചയായ ആറുതെരഞ്ഞെടുപ്പുകളിലും വിജയിക്കാനായപ്പോള്‍ അടിപതറിയത് 1967-ലെ ആദ്യ തെരഞ്ഞെടുപ്പിലും 1982-ല്‍ മുന്‍മന്ത്രി ടി കെ ഹംസയോടും മാത്രമായിരുന്നു.
മലപ്പുറം ജില്ലയുടെ രൂപീകരണത്തിനുമുന്പ് നിലവിലുള്ള നിലമ്പൂര്‍ മണ്ഡലം 1967-ലാണ് ആദ്യ തെരഞ്ഞെടുപ്പ് നേരിട്ടത്. അന്ന് കോണ്‍ഗ്രസിന്റെ യുവനേതാവായിരുന്ന ആര്യാടന് മുഹമ്മദിനെ പരാജയപ്പെടുത്തി സിപിഐഎയുടെ തൊഴിലാളി നേതാവായ കരിക്കാടന്‍ കുഞ്ഞാലി എന്ന കെ കുഞ്ഞാലി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1969-ല്‍ എംഎല്‍എയായിരിക്കെ നിലമ്പൂരില്‍ വെച്ച് കരിക്കാടന്‍ കുഞ്ഞാലി വെടിയേറ്റ് മരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യ ക്വട്ടേഷന്‍ കൊലപാതമെന്ന് നിരീക്ഷിക്കപ്പെടുന്ന കേസില്‍ ആര്യാടന് മുഹമ്മദിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടെങ്കിലും പിന്നീട് കോടതി അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കി. അതേസമയം, കുഞ്ഞാലിയുടെ മരണത്തെ തുടര്‍ന്ന് നടന്ന 1970-ലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചു. സിപിഐഎമ്മിന്റെ വി പി അബൂബക്കറിനെ പിന്തള്ളി യുഡിഎഫ് സ്വതന്ത്രന് എം പി ഗംഗാധരനായിരുന്നു വിജയം. 1977-ലെ തെരഞ്ഞെടുപ്പില്‍ ആര്യാടന് മുഹമ്മദ് സിപിഐഎമ്മിന്റെ കെ സൈദാലിക്കുട്ടിയെ പരാജയപ്പെടുത്തി ആദ്യമായി നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തി.

അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് ആന്റണിയും കൂട്ടരുമെത്തിയതിനുശേഷം നടന്ന 1980-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് (യു) – കോണ്‍ഗ്രസ് (ഐ) പാര്‍ട്ടികള്‍ തമ്മിലായിരുന്നു മത്സരം. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തുനിന്ന് കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ത്ഥിയായ സി ഹരിദാസ് അന്ന് കോണ്‍ഗ്രസ് (ഐ) ബാനറില്‍ മത്സരിച്ച ഇന്നത്തെ സിപിഎം നേതാവ് ടി കെ ഹംസയെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചു. അതേസമയം പാര്‍ലമെന്റിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ആര്യാടന് മുഹമ്മദിനെ എല്‍ഡിഎഫ് നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍-വനം വകുപ്പ് മന്ത്രിയാക്കി. അതോടെ നിയമസഭാ അംഗമല്ലാതിരുന്ന ആര്യാടന് മുഹമ്മദിന് മത്സരിക്കാന്‍ സി ഹരിദാസ് രാജിവെച്ചു. എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട് പത്തുദിവസത്തിനുള്ളിലായിരുന്നു രാജി. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ എം ആര് ചന്ദ്രനെ പരാജയപ്പെടുത്തി ആര്യാടന് മുഹമ്മദ് രണ്ടാം തവണ നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തി. എന്നാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നായനാര്‍ മന്ത്രിസഭ വീണതോടെ 1982-ലെ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന അദ്ദേഹത്തെ 1566 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ടി കെ ഹംസ പരാജയപ്പെടുത്തി.
1987-ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ ആര്യാടന് മുഹമ്മദ് സിപിഐഎമ്മിന്റെ ദേവദാസ് പൊറ്റക്കാടിനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയുള്ള ആ മടക്കത്തിനുശേഷം 2011-വരെ അദ്ദേഹത്തിന്റെ കോട്ടയായിരുന്നു നിലമ്പൂര്‍. 1991, 1996, 2001 തെരഞ്ഞെടുപ്പുകളില്‍ ഇടത് സ്വതന്ത്രരായ കെ അബ്ദുറഹിമാന് മാസ്റ്ററും മലയില്‍ തോമസ് മാത്യുവും പി അന്‍വര്‍ മാസ്റ്ററുമായിരുന്നു ആര്യാടന് മുഹമ്മദിന്റെ പ്രധാന എതിരാളികള്‍. 2006- ല്‍ അദ്ദേഹത്തോട് പരാജയപ്പെട്ട ഇടത് സ്ഥാനാര്‍ത്ഥി നിലവിലെ കേരള നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനായിരുന്നു. 18070 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് ആര്യാടന് മുഹമ്മദ് മണ്ഡലം നിലനിര്‍ത്തിയത്. 2011-ല്‍ വീണ്ടും സ്വതന്ത്രരെ പരീക്ഷിച്ച ഇടതുപക്ഷമുന്നണി പ്രശസ്ത സാഹിത്യ വിമര്ശകന് എം തോമസ് മാത്യുവിനെ സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ അത്തവണയും അദ്ദേഹം വിജയമാവര്ത്തിച്ചെങ്കിലും 5598 വോട്ടുകളിലേക്ക് ഭൂരിപക്ഷം ഇടിഞ്ഞു.
2016ല്‍ നിലമ്പൂര്‍ മണ്ഡലത്തെ മൂന്ന് പതിറ്റാണ്ടോളം പ്രതിനിധീകരിച്ച ആര്യാടന് മുഹമ്മദ് മത്സര രംത്തുനിന്ന് പിന്മാറുകയും അദ്ദേഹത്തിന്റെ മകനും നിലമ്പൂര്‍ നഗരസഭ മുന്‍ ചെയര്‍മാനും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ആര്യാടന് ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു. എന്നാല്‍ യുഡിഎഫിന്റെ പ്രതീക്ഷകളെ തകര്‍ത്ത് കന്നിയങ്കത്തിനിറങ്ങിയ അദ്ദേഹം എല്‍ഡിഎഫ് സ്വതന്ത്രനായിരുന്ന പി വി അന്‍വറിനോട് പരാജയപ്പെട്ടു. 2011-ല്‍ ഏറനാട് മണ്ഡലത്തില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടതിനുശേഷമായിരുന്നു 2016-ലെ പി വി അന്‍വറിന്റെ ആ അട്ടിമറി വിജയം. എല്‍ഡിഎഫിന് 2016-ല്‍ മലപ്പുറത്ത് വിജയിക്കാനായ ആകെ നാല് സീറ്റുകളിലൊന്നായിരുന്നു നിലമ്പൂര്‍.

നിലമ്പൂര്‍ താലൂക്കിലെ നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ നിയമസഭാമണ്ഡലം. തദ്ദേശതെരഞ്ഞെടുപ്പില്‍ 794 വോട്ടുകളുടെ നേരിയ ലീഡിന് യുഡിഎഫ് മുന്നിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന നിലമ്പൂര്‍ നഗരസഭാ ഭരണം ആദ്യമായി പിടിക്കാന്‍ എല്‍ഡിഎഫിനായിരുന്നു. ചുങ്കത്തറ, എടക്കര, വഴിക്കടവ്, മൂത്തേടം, കരുളായി എന്നീ അഞ്ച് പഞ്ചായത്തുകളുടെ ഭരണം യുഡിഎഫ് നേടിയപ്പോള്‍ വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്തുകള്‍ തിരിച്ചുപിടിക്കാനായതായിരുന്നു നേട്ടമായത്. പോത്തുകല്ല്, അമരമ്പലം പഞ്ചായത്തുകളായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. അതേസമയം, നിലമ്പൂര്‍ നഗരസഭയില്‍ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുകകയും ചെയ്തു. കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്സഭാമണ്ഡലത്തിലുള്പ്പെടുന്ന നിലമ്പൂരില്‍ നിന്ന് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ അറുപതിനായിരത്തിന് മുകളില്‍ വോട്ടുകളാണ് അദ്ദേഹം നേടിയത്.
ഇക്കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ദുരന്തങ്ങളാല്‍ വാര്‍ത്തകളില്‍ നിറഞ്ഞ നിലമ്പൂരില്‍ കരുളായിയിലെ മാവോയിസ്റ്റ് വെടിവയ്പ്പും കവളപ്പാറയിലെ ഉരുള്‍പൊട്ടലും അടക്കം തെരഞ്ഞെടുപ്പ് ചര്ച്ചകളാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഉരുള്‍പൊട്ടല്‍ അപകടമുണ്ടായ കവളപ്പാറ ഉള്‍പ്പെട്ട മണ്ഡലത്തില്‍ പ്രളയ പുനരധിവാസമാണ് പ്രധാനപ്പെട്ട വിഷയം. ഇപ്പോഴും പോത്തുകല്ല് അടക്കമൂള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കവളപ്പാറ ഉള്‍പ്പെടുന്ന ഭൂദാനം വാര്‍ഡില്‍ നിന്ന് കവളപ്പാറ കോളനി നിവാസികളുടെ പ്രതിനിധിയായ ദിലീപ് മങ്ങാട്ടുതൊടിയില്‍ മത്സരിച്ചു വിജയിച്ചിരുന്നു. പ്രളയബാധിതര്‍ക്ക് ധനസഹായമടക്കമുള്ള സഹായങ്ങള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന് എല്‍ഡിഎഫ് വാദിക്കുമ്പോള്‍ ദുരന്ത ബാധിതര്‍ക്കു സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളില്‍ അധികവും പാലിക്കപ്പെട്ടില്ലെന്നാണ് യുഡിഎഫ്, എന്‍ഡിഎ പക്ഷങ്ങളുടെ വാദം.

തദ്ദേശതെരഞ്ഞെടുപ്പ് ഫലമടക്കം അട്ടിമറി സൂചനയാകാവുന്ന നിലമ്പൂല്‍ നിലനിര്‍ത്താന്‍ സിറ്റിംഗ് എംഎല്‍എ പി വി അന്‍വറിനേക്കാള്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിനില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ വ്യാവസായിക ആവശ്യത്തിനുവേണ്ടി ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ പോയ എംഎല്‍എ തെരഞ്ഞെടുപ്പ് എത്തിയിട്ടും മണ്ഡലത്തിലെത്താതിരുന്നത് വലിയ തരത്തില്‍ ചര്‍ച്ചയായിരുന്നു. ഒരു ഘട്ടത്തില്‍ എംഎല്‍എക്ക് പകരം വി എം ഷൗക്കത്തിന്റെയടക്കം പേര് എല്‍ഡിഎഫിന്റെ പരിഗണനയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിനുമുന്‍പേ മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ അന്‍വറിനുവേണ്ടി പ്രചാരണം ആരംഭിച്ചിരുന്നു.
തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ഖനന വ്യവസായ ആവശ്യവുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലായിരുന്ന പി വി അന്‍വര്‍ എംഎല്‍എ രണ്ട് മാസത്തോളം മണ്ഡലത്തില്‍ നിന്ന് മാറി നിന്നിരുന്നു. ഇക്കാലയളവില്‍ എംഎല്‍എയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പൊലീസിന് പരാതി നല്‍കുകയും അദ്ദേഹം ഘാനയില്‍ ജയിലിലാണെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരണമുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ ഇത്തരം പ്രചാരണങ്ങള്‍ക്ക് മറുപടി കൊടുത്ത എംഎല്‍എ മണ്ഡലത്തില്‍ തിരിച്ചെത്തി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുകയായിരുന്നു. 2018-ലെ പ്രളയത്തിലും 2019-ലെ കവളപ്പാറ ഉുള്പ്പൊട്ടലില് സാഹചര്യത്തിലും എംഎല്‍എ നടത്തിയ ഇടപെടലുകളിലൂടെ വര്‍ദ്ധിച്ച ജനകീയതയും വികനപ്രവര്ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് ഇത്തവണ വിജയം പ്രതീക്ഷിക്കുന്നത്.

മറുപക്ഷത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത് മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി വി പ്രകാശിനെയാണ്. നിലമ്പൂരിലേക്കുള്ള സാധ്യതാപട്ടികയില്‍ ആദ്യഘട്ടം മുതല്‍ ഒന്നാം സ്ഥാനത്ത് വി വി പ്രകാശായിരുന്നെങ്കിലും ഏറെ തര്‍ക്കങ്ങള്‍ക്കൊടുവിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. 2016-ല്‍ പി വി അന്‍വറിനോട് പരാജയപ്പെട്ട ആര്യാടന് ഷൗക്കത്ത് നിലമ്പൂര്‍ ആവശ്യപ്പെട്ട് എത്തിയതായിരുന്നു പ്രതിസന്ധിക്ക് കാരണമായത്. ഒടുവില്‍ വി വി പ്രകാശ് – ആര്യാടന് ഷൗക്കത്ത് വിഷയം രൂക്ഷമായപ്പോള്‍ ഇരുവര്‍ക്കും പകരം മറ്റൊരാള്‍ എന്ന സമവായ നീക്കത്തില്‍ കല്‍പ്പറ്റയിലേക്ക് പരിഗണിച്ചിരുന്ന ടി സിദ്ധിഖിനെ നിലമ്പൂരിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ആര്യാടന് ഷൗക്കത്തിന് താത്കാലിക ഡിസിസി അദ്ധ്യക്ഷ സ്ഥാനം നല്കി അനുനയിപ്പിച്ച് വി വി പ്രകാശിനെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ട് ഔദ്യോഗിക പ്രഖ്യാപമുണ്ടായി. ഇതോടെ പ്രചാരണം അവസാനഘട്ടത്തില്‍ ശക്തമാക്കിയ യുഡിഎഫ് ക്യാമ്പ് പി വി അന്‍വര്‍ ഉള്‍പ്പെട്ട തടയണ നിര്‍മാണക്കേസും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സമയത്തെ അന്‍വറിന്റെ അസാന്നിധ്യവുമാണ് ചര്‍ച്ചയാക്കുന്നത്.

2011-ല്‍ ബിജെപി മത്സരിച്ചപ്പോള്‍ 3.25 ശതമാനം വോട്ടുകളുണ്ടായിരുന്നു മണ്ഡലത്തില്‍ എന്ഡിഎക്കുണ്ടായിരുന്നത്. അത്തവണ സ്ഥാനാര്‍ത്ഥിയായിരുന്ന കെ സി വേലായുധന് 4425 വോട്ടുകളായിരുന്നു മണ്ഡലത്തില്‍ നേടാനായത്. തുടര്‍ന്ന് 2016-ല്‍ ബിജെപി ബിഡിജെഎസിന് സീറ്റ് വിട്ടുകൊടുത്തു. തുടര്‍ന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി ഗിരീഷ് മേക്കാട്ട് മത്സരിക്കുകയും 12284 വോട്ടുകളുമായി 7.56 ശതമാനത്തിലേക്ക് വോട്ടുവിഹിതം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇത്തവണ നഗരസഭയില്‍ അക്കൗണ്ട് തുറക്കാനായതടക്കമുള്ള മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ ബിഡിജെഎസില്‍ നിന്ന് സീറ്റ് തിരിച്ചെടുത്ത് കരുത്തനായ സ്ഥാനാര്‍ഥിയെ പരീക്ഷിക്കുകയാണ് ബിജെപി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി കെ അശോക് കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.