നെയ്യാറ്റിന്‍കര സംഭവം: മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു; ‘വീഴ്ച്ച പരിശോധിക്കണം’
നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിക്കലിനിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു. പൊലീസിന്റെ വീഴ്ച്ച പരിശോധിക്കണമെന്നും നാലാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു. തിരുവനന്തപുരം റൂറല്‍ ജില്ലാ മേധാവിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളിലൊരാളായ അമ്പിളിയുടെ മൃതദേഹം തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. അയല്‍വാസിയായ വസന്തയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞിരുന്നു. രാജന്റേയും അമ്പിളിയുടെയും മക്കള്‍ക്ക് ജോലി ഉറപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിലവില്‍ വസന്തയെ വീട്ടില്‍നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത് […]

നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിക്കലിനിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു. പൊലീസിന്റെ വീഴ്ച്ച പരിശോധിക്കണമെന്നും നാലാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു. തിരുവനന്തപുരം റൂറല്‍ ജില്ലാ മേധാവിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്.
നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളിലൊരാളായ അമ്പിളിയുടെ മൃതദേഹം തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. അയല്‍വാസിയായ വസന്തയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞിരുന്നു. രാജന്റേയും അമ്പിളിയുടെയും മക്കള്‍ക്ക് ജോലി ഉറപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിലവില്‍ വസന്തയെ വീട്ടില്‍നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റിയിരിക്കുകയാണ്. രാഹുലിനും രഞ്ജിത്തിനും ഭൂമി വിട്ടുകൊടുക്കില്ലെന്നാണ് പരാതിക്കാരികൂടിയായ വസന്ത അറിയിച്ചിരിക്കുന്നത്.
ഇതിനിടെ, രാജനെയും ഭാര്യ അമ്പിളിയെയും ഒഴിപ്പിക്കാന്‍ ശ്രമിച്ചത് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനു മുമ്പാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു. നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 21ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. 22ാം തീയ്യതി ഉച്ചയോട് കൂടി കോടതി കേസ് പരിഗണിക്കുകയും നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് ജനുവരി 15 വരെ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷമാണ് ഒഴിപ്പിക്കല്‍ വിധി സ്റ്റേ ചെയ്തു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. കേസ് ജനുവരി 15 ന് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു. എതിര്‍കക്ഷിയായ വസന്തയ്ക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റൂറല്‍ എസ്പിക്കാണ് അന്വേഷണച്ചുമതല. പൊലീസിന്റെ വീഴ്ച അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിട്ടുണ്ട്. രാജന്റെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. അടിയന്തിര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. സര്‍ക്കാര്‍ വീട് വെച്ചു നല്‍കുമെന്നും അറിയിച്ചു.