Top

ജയിലിൽ നിരാഹാരമിരുന്ന യൂട്യൂബർ ​സവുക്ക് ശങ്കര്‍ ഗുരുതരാവസ്ഥയിൽ; പ്രിസണേഴ്സ് റൈറ്റ്സ് ഫോറം എം കെ സ്റ്റാലിന് കത്തയച്ചു

ജയിലില്‍ സന്ദര്‍ശന വിലക്ക് നേരിട്ടതിനെ തുടര്‍ന്നാണ് സവുക്ക് ശങ്കര്‍ നിരാഹാരം തുടങ്ങിയത്

2 Oct 2022 4:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജയിലിൽ നിരാഹാരമിരുന്ന യൂട്യൂബർ  ​സവുക്ക് ശങ്കര്‍ ഗുരുതരാവസ്ഥയിൽ; പ്രിസണേഴ്സ് റൈറ്റ്സ് ഫോറം എം കെ സ്റ്റാലിന് കത്തയച്ചു
X

ചെന്നൈ: ജയില്‍ സന്ദര്‍ശകരെ വിലക്കിയതിനെ തുടര്‍ന്ന് നിരാഹാരമിരുന്ന പ്രശസ്ത യൂട്യൂബര്‍ സവുക്ക് ശങ്കറിന്റെ ആരോഗ്യനില ഗുരുതരം. ജയിലിനകത്ത് മൂന്നു ദിവസം നിരാഹാരം നടത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യ നില വഷളായത്. സവുക് ശങ്കറിന്റെ ആരോഗ്യ നില ചൂണ്ടിക്കാണിച്ചുകൊണ്ട് തടവുകാരുടെ അവകാശ സംരക്ഷണ ചുമതല വഹിക്കുന്ന പുഗളേന്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. സംഭവത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നും കത്തില്‍ പുഗളേന്തി ആവശ്യപ്പെട്ടു.

ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നതിനേക്കാള്‍ നല്ലത് ഹിംസക്കെതിരായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയുടെ മൗലികാവകാശങ്ങള്‍ പുനഃസ്ഥാപിക്കുകയാണെന്ന് ഒക്ടോബര്‍ രണ്ടിനയച്ച കത്തില്‍ പുഗളേന്തി മുഖ്യമന്ത്രിയോട് പറഞ്ഞു. ജുഡീഷ്യറിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ മദ്രാസ് ഹൈക്കോടതിയാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആറുമാസത്തേക്ക് ജയില്‍ ശിക്ഷക്ക് വിധിച്ചു. സെപ്റ്റംബര്‍ 24ന് സര്‍വീസില്‍നിന്നും പിരിച്ചുവിട്ട വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡയറക്ടറിന്റെ ഉത്തരവ് ശങ്കര്‍ കീറി കളഞ്ഞിരുന്നു. ഈ കാരണത്താലാണ് ശങ്കറിന്റെ സന്ദര്‍ശനാവകാശം ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ഒരു മാസത്തേക്കാണ് വിലക്ക്. തുടര്‍ന്നാണ് സെപ്റ്റംബര്‍ 30 മുതല്‍ ശങ്കര്‍ നിരാഹാരം തുടങ്ങിയത്.

മുഖ്യമന്ത്രിക്കയച്ച കത്തില്‍ പുഗളേന്തി ശങ്കറിന്റെ ആവശ്യങ്ങളും ഉയര്‍ത്തിക്കാട്ടി. സന്ദര്‍ശന വിലക്ക് നീക്കണമെന്നും ജീവനില്‍ പേടിയുളളതിനാല്‍ ചെന്നൈലുളള പുഴല്‍ ജയിലിലേക്ക് മാറ്റമണമെന്നും ആവശ്യപ്പെട്ടു. ജയിലില്‍ സന്ദര്‍ശകരെ വിലക്കിയത് സ്വാഭാവിക അവകാശങ്ങള്‍ക്ക് എതിരാണ്, ജയില്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് ഉദ്യോഗസ്ഥര്‍ ഈ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും പുഗളേന്തി ആരോപിച്ചു. സന്ദര്‍ശന വിലക്കുകാരണം ബന്ധുക്കള്‍ക്കോ,സുഹൃത്തുക്കള്‍ക്കോ നിയമ വിദഗ്ധര്‍ക്കോ ശങ്കറിനെ കാണാന്‍ സാധിക്കുന്നില്ലെന്നും സുപ്രീം കോടതിയിലേക്കുളള അപ്പീല്‍ വിവരങ്ങള്‍ ചര്‍ച്ച ചെയ്യാനും സാധിക്കുന്നില്ലെന്ന് കത്തില്‍ പരാമര്‍ശിച്ചു.

ജുഡീഷ്യറി വ്യവസ്ഥകള്‍ അഴിമതിയിലാണ് എന്ന പ്രസാതാവന തന്റെ യൂ ട്യൂബ് ചാനലിലൂടെ നടത്തിയതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ കേസില്‍ ശങ്കറിനെതിരെ മദ്രാസ് ഹൈക്കോടതി ആറുമാസത്തെ തടവിന് വിധിച്ചത്. ആദ്യം മധുര സെന്‍ട്രല്‍ ജയിലിലായിരുന്ന ഇയാളെ സുരക്ഷാ കാരണങ്ങളാല്‍ പിന്നീട് കടലൂര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് 2008 ല്‍ ഡിവിഎസി യില്‍ നിന്ന് ശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ ശങ്കര്‍ നിയമപരമായി വെല്ലുവിളിച്ചിരുന്നു. കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പട്ടതിനെ തുടര്‍ന്ന് സെപ്റ്റംബര്‍24 നാണ് ശങ്കറിനെ ഡിവിഎസി ഓഫീസിലെ ക്ലര്‍ക്ക് സ്ഥാനത്തുനിന്നും പിരിച്ചുവിട്ടത്.

STORY HIGHLIGHTS: YouTuber Savukku Shankar, who was on hunger strike in jail, is in serious condition; Prisoners' Rights Forum wrote to MK Stalin

Next Story