Top

സുധീരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നിർദേശം; സുധാകരന് തലവേദ​ന

നിലവിൽ കോൺ​ഗ്രസിലുണ്ടായിരിക്കുന്ന പ്രതിസന്ധികൾക്ക് പിന്നിൽ സുധാകരന്റെ നിലപാടുകളാണെന്ന് വിമർശനം നിലനിൽക്കെയാണ് മറ്റൊരു മുതിർന്ന നേതാവ് കൂടി മാറിനിൽക്കുന്നത്.

26 Sep 2021 1:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുധീരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നിർദേശം; സുധാകരന് തലവേദ​ന
X

കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ നിന്നും രാജിവെച്ച വി.എം സുധീരനെ അനുനയിപ്പിക്കാൻ ഹൈക്കമാന്റ് നിർദ്ദേശം. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ സുധീരനുമായി ആശയം വിനിമയം നടത്തും. താരീഖ് അൻവർ തലസ്ഥാനത്ത് എത്തിയതോടെ പുനസംഘടന ചർച്ചകളും സജീവമായി. സുധീരന്റെ രാജി ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്നത് കെപിസിസി കെ സുധാകരനായിരിക്കും. നിലവിൽ കോൺ​ഗ്രസിലുണ്ടായിരിക്കുന്ന പ്രതിസന്ധികൾക്ക് പിന്നിൽ സുധാകരന്റെ നിലപാടുകളാണെന്ന് വിമർശനം നിലനിൽക്കെയാണ് മറ്റൊരു മുതിർന്ന നേതാവ് കൂടി മാറിനിൽക്കുന്നത്.

വി എം സുധീരനെ നേരിൽ കണ്ട് അനുനയിപ്പിക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം. മുൻ കെപിസിസി അദ്ധ്യഷൻ കൂടിയായ സുധീരന്റെ രാഷ്ട്രീയ കാര്യസമിതിയിൽ നിന്നുള്ള രാജിയിൽ അതൃപ്തി പ്രകടിപ്പിച്ച ഹൈക്കമാന്റ് എത്രയും പെട്ടെന്ന് അനുനയിപ്പിക്കണമെന്ന നിർദ്ദേശമാണ് നൽകിയത്. ഈ സാഹചര്യത്തിലാണ് നേതാക്കൾ സുധീരനെ നേരിൽ കാണുന്നത്. രാജി അനാവശ്യ ചർച്ചകൾക്ക് വഴിയൊരുക്കിയെന്ന വിമർശനം കെപിസിസിക്കുണ്ട്.

അതേസമയം സുധീരന്റെ രാജിയിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് കടുത്ത അമർഷമുണ്ട്. രാജിക്കാര്യം അറിയിക്കാൻ വിളിച്ചപ്പോൾ പിന്മാറണമെന്നായിരുന്നു സുധാകരൻ ആവശ്യപ്പെട്ടത്. പക്ഷെ ഇത് ചെവിക്കൊള്ളാതെ രാജിവെച്ചതാണ് അതൃപ്തിക്ക് കാരണം. അതുകൊണ്ട് തന്നെ സുധീരനെ നേരിൽ കണ്ട് അനുനയിപ്പിക്കാൻ സുധാകരൻ തയ്യാറാകുമോ എന്ന കാര്യം സംശയമാണ്. അതിനിടെ താരീഖ് അൻവറും സംഘവും തലസ്ഥാനത്ത് എത്തിയതോടെ കെ പി സി സി പുനസഘടന ചർച്ചകൾ സജീവമായി.

മുതിർന്ന നേതാക്കളുമായി താരീഖ് ആശയ വിനിമയം നടത്തും. ജനപ്രതിനിധികൾ, ജില്ലാ നേതാക്കന്മാർ എന്നിവരുടെ അഭിപ്രായം തേടിയ ശേഷമാകും ഹൈക്കമാന്റ് സംഘം തിരിച്ച് പോവുക. പുനസംഘടന മാനദണ്ഡങ്ങൾക്കെതിരെ നേതാക്കൾ നൽകിയ പരാതികളും താരീഖ് പരിശോധിക്കും. നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. നേരത്തെ ഈ കാര്യം ചൂണ്ടിക്കാട്ടി സുധീരൻ ഉൾപ്പടെയുള്ള നേതാക്കൾ ഹൈക്കമാന്റിന് പരാതി നൽകിയിരുന്നു.

Popular Stories

    Next Story