തടവുകാർക്ക് ഫോൺ വിളിക്കാൻ ഒത്താശ; ജയിൽ സുപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്
വിയ്യൂരിൽ ജയിലിൽ സുരക്ഷാ ക്രമീകരണങ്ങളിൽ ഉൾപ്പെടെ സമഗ്ര അഴിച്ചു പണി വേണം. ടി പി വധക്കേസ് പ്രതി കൊടി സുനിയെ കൊലപ്പെടുത്താൻ ക്വട്ടേഷനുണ്ടെന്ന അരോപണത്തിലും അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
22 Sep 2021 11:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലെ പ്രതികളുടെ ഫോൺ വിളി സംബന്ധിച്ച് ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്. ജയിൽ സൂപ്രണ്ട് എ.ജി സുരേഷിനെതിരെയാണ് നോട്ടീസ്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്ന് നോട്ടീസിൽ ജയിൽ ഡി.ജി.പി വൈ അനിൽകാന്ത് വ്യക്തമാക്കിയിട്ടുണ്ട്. വിയ്യൂർ ജയിലിൽ പ്രതികളുടെ ഫോൺ വിളിയുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഉത്തര മേഖല ജയിൽ ഡി ഐ ജിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയിൽ മേധാവി ഷേക് ദർവേഷ് സാഹേബ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. 7 ദിവസത്തിനകം മറുപടി നൽകണം. സൂപ്രണ്ടിന്റെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുക.
ടിപി ചന്ദ്രശേഖര വധക്കേസ് പ്രതി കൊടി സുനിയും തൃശ്ശൂരിലെ ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദും ആയിരത്തിലധികം ഫോൺ വിളികൾ നടത്തിയിട്ടുണ്ടെന്നാണ് ഉത്തരമേഖലാ ഡിഐജിയുടെ കണ്ടെത്തൽ. ഫോൺ വിളി അന്വേഷിക്കാൻ നിലവിൽ ജയിൽ വകുപ്പിന് സാങ്കേതിക സംവിധാനങ്ങളിലെന്നും പരിമിതികളുണ്ടെന്നും വ്യക്തമാക്കിയാണ് സമഗ്രമായ പൊലീസ് അന്വേഷണത്തിന് ശുപാർശ ചെയ്യ്തത് വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥതലത്തിൽ സമഗ്ര ശുദ്ധീകരണം വേണമെന്നും ഡിഐജി പറയുന്നു. തടവുകാരുടെ വഴിവിട്ട നീക്കങ്ങൾക്ക് ചില ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്.
എന്നാൽ തന്നെ കൊലപ്പെടുത്താൻ റഷീദ് ക്വട്ടേഷൻ ഏറ്റെടുത്തുവെന്ന കൊടിസുനിയുടെ മൊഴിയിൽ കഴമ്പില്ലെന്നാണ് ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതെന്നും സൂചനയുണ്ട്. കൊടിസുനിയും റഷീദും ഉൾപ്പെടെയുള്ള സംഘങ്ങൾ തമ്മിൽ പരസ്പര സൗഹൃദമുണ്ടെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ആ സാഹചര്യത്തിൽ ആരോപണത്തിൽ കഴമ്പില്ലെന്നാണ് വ്യക്തമാക്കുന്നത്. എങ്കിലും ഈ ആരോപണവും പോലീസ് അന്വേഷിക്കണമെന്ന് ശുപാർശയുണ്ട്.