Top

നേവിസിന്റെ ഹൃദയം കൊണ്ടുപോകാൻ എന്തുകൊണ്ട് എയർ ആംബുലൻസ് ഉപയോ​ഗിച്ചില്ല; വിശദീകരിച്ച് ആരോ​ഗ്യമന്ത്രി

4.10ന് എറണാകുളത്ത് നിന്നും ഹൃദയവുമായി പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി

25 Sep 2021 2:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നേവിസിന്റെ ഹൃദയം കൊണ്ടുപോകാൻ എന്തുകൊണ്ട് എയർ ആംബുലൻസ് ഉപയോ​ഗിച്ചില്ല; വിശദീകരിച്ച് ആരോ​ഗ്യമന്ത്രി
X

എറണാകുളത്ത് വെച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ (25) ഹൃദയം കോഴിക്കോട് എത്തിക്കാന്‍ എന്തുകൊണ്ട് സംസ്ഥാന സർക്കാരിന്റെ എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്.

4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ (Cold ischemia time) ഹൃദയം എത്തിച്ചാല്‍ മതിയാകും. സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച് സമയം പാഴാകാന്‍ സാധ്യതയുണ്ട്.

അതേസമയം എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങള്‍ ആശുപത്രിയിലും നടത്തിയിരുന്നു. ഇതോടെ 4.10ന് എറണാകുളത്ത് നിന്നും ഹൃദയവുമായി പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമായിരുന്നു യാത്രയെന്നും മന്ത്രി വിശദീകരിച്ചു.

കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കായാണ് ഹൃദയം കോഴിക്കോട് എത്തിച്ചത്. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.

ഫ്രാൻസിൽ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കൊവിഡ് കാരണം ഇപ്പോൾ ഓൺലൈനായാണ് ക്ലാസ്. കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാൻ വൈകിയിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണർത്താൻ ചെന്നപ്പോൾ അബോധാവസ്ഥയിൽ കിടന്നിരുന്നു. ഉടൻ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നു. ആരോഗ്യ നിലയിൽ വലിയ മാറ്റം വരാത്തതിനാൽ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.

Popular Stories

    Next Story