Top

'യുപി സര്‍ക്കാര്‍ എന്നെ കൊല്ലും'; ജയിലില്‍ വിഐപി പരിഗണന ആവശ്യപ്പെട്ട് ബിഎസ്പി എംഎല്‍എ

യുപി സര്‍ക്കാര്‍ തന്നെ 'ഭക്ഷണത്തില്‍ വിഷം കലര്‍ത്തി' കൊന്നേക്കുമെന്നാണ് എംഎല്‍എയുടെ ആരോപണം

24 Sep 2021 11:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുപി സര്‍ക്കാര്‍ എന്നെ കൊല്ലും; ജയിലില്‍ വിഐപി പരിഗണന ആവശ്യപ്പെട്ട് ബിഎസ്പി എംഎല്‍എ
X

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നെ ജയിലില്‍വെച്ച് കൊലപ്പെടുത്തിയേക്കുമെന്ന് ഗുണ്ടാത്തലവനും ബിഎസ്പി എംഎല്‍എയുമായ മുഖ്താന്‍ അന്‍സാരി. നിലവില്‍ തടവില്‍ കഴിയുന്ന യുപിയിലെ ബാന്ദ ജയിലില്‍ വിഐപി പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ബരാബങ്കി പ്രത്യേക സെഷന്‍സ് ജഡ്ജിയ്ക്ക് മുന്നില്‍ ഹാജരായപ്പോഴായിരുന്നു ആരോപണം.

യുപി സര്‍ക്കാര്‍ തന്നെ 'ഭക്ഷണത്തില്‍ വിഷം കലര്‍ത്തി' കൊന്നേക്കുമെന്നാണ് എംഎല്‍എയുടെ ആരോപണം. വിഐപി തടവുകാർക്ക് അവരുടെ മുന്നില്‍വെച്ച് പാചകം ചെയ്ത ഭക്ഷണമാണ് ലഭിക്കുന്നത്. ഇത് തന്റെ സുരക്ഷ ഉറപ്പുവരുത്തുമെന്നാണ് അന്‍സാരിയുടെ വാദം.

നേരത്തെ തനിക്ക് ജയിലില്‍ വിഐപി പരിഗണന ലഭിച്ചിരുന്നുവെന്നും എന്നാല്‍ പുതിയ സര്‍ക്കാര്‍ ഇത് നിഷേധിച്ചതോടെ ഒരു സാധാരണ തടവുകാരനെ പോലെ ജീവിക്കേണ്ടി വരികയാണെന്നും മുഖ്താര്‍ കോടതിയില്‍ പറഞ്ഞു. ബിജെപി തങ്ങളുടെ മുന്‍ എംഎല്‍എമാര്‍ക്കും മുന്‍ പാര്‍ട്ടി മേധാവികള്‍ക്കും പോലും ജയിലില്‍ വിഐപി സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സാരിയുടെ ആവശ്യം.

അന്‍സാരിയുടെ അഭിഭാഷകന്‍ രണ്‍ധീര്‍ സിംഗ് സുമനും കോടതിയില്‍ ഇതേ ആവശ്യമുന്നയിച്ച് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അപേക്ഷയില്‍ അന്‍സാരി ബിരുദധാരിയാണെന്നും ആദായനികുതി അടയ്ക്കുന്ന പൗരനാണെന്നും 25 വര്‍ഷമായി യുപി നിയമസഭയില്‍ അംഗമാണെന്നും പരിഗണിച്ച് അദ്ദേഹത്തെ വിഐപി തടവുകാരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു.

ജയില്‍ മാനുവല്‍ പ്രകാരം സംസ്ഥാന സര്‍ക്കാര്‍, ജില്ലാ മജിസ്‌ട്രേറ്റ്, സെഷന്‍സ് ജഡ്ജി, അഡീഷണല്‍ സെഷന്‍സ് ജഡ്ജി എന്നിവര്‍ക്ക് ഒരു തടവുകാരന് വിഐപി പരിഗണന നല്‍കാന്‍ അധികാരമുണ്ടെന്നും, സംസ്ഥാന സര്‍ക്കാരും ജില്ലാ മജിസ്ട്രേറ്റും അന്‍സാരിക്ക് ഈ സൗകര്യങ്ങള്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ കോടതി സെഷന്‍സ് കോടതി അനുകൂല നിലപാട് എടുക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അതേസമയം, കേസിന്റെ വിചാരണ കോടതി ഒക്ടോബര്‍ ഏഴിലേക്ക് മാറ്റിവെച്ചു.

യുപിയിലെ വിവിധ ജില്ലകളിലായി മുഖ്താർ അന്‍സാരിക്കെതിരെ 38 കേസുകളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. പണമാവശ്യപ്പെട്ട് വ്യവസായിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പഞ്ചാബിലെ ജയിലില്‍ കഴിഞ്ഞിരുന്ന അന്‍സാരിയെ യുപി ജയിലിലേക്ക് മാറ്റിയത് രാഷ്ട്രീയ ചർച്ചയായിരുന്നു.

Popular Stories

    Next Story