Top

കൊവിഡ് നഷ്ടപരിഹാരം പത്തുലക്ഷം വരെയാക്കണം, നാര്‍ക്കോട്ടിക് ജിഹാദ് വിഷത്തില്‍ സര്‍ക്കാര്‍ നിലപാട് പരസ്പര വിരുദ്ധം: യുഡിഎഫ് യോഗം

23 Sep 2021 1:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് നഷ്ടപരിഹാരം പത്തുലക്ഷം വരെയാക്കണം, നാര്‍ക്കോട്ടിക് ജിഹാദ് വിഷത്തില്‍ സര്‍ക്കാര്‍ നിലപാട് പരസ്പര വിരുദ്ധം: യുഡിഎഫ് യോഗം
X

കൊവിഡ് മൂലം മരണപ്പെടുന്നവര്‍ക്ക് നിലവില്‍ കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിരിക്കുന്ന 50000 രൂപ അപര്യാപ്തമാണെന്ന് യുഡിഎഫ്. ഏതു പ്രായത്തില്‍പ്പെട്ടവര്‍ മരിച്ചാലും ഒരേ തുക നഷ്ടപരിഹാരം നല്‍കുന്നത് പ്രായോഗികമല്ല. പകരം പ്രായമനുസരിച്ച് വര്‍ഗീകരിച്ച് അഞ്ചു ലക്ഷം മുതല്‍ പത്തുലക്ഷം വരെ എന്ന കണക്കില്‍ കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറും ചേര്‍ന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഇതില്‍ വലിയ തുക കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടതെന്നുമാണ് യുഡിഎഫിന്റെ നിര്‍ദേശം.

സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് മറച്ചുവെച്ചെന്ന് വ്യക്തമാണ്. ഓരോ ജില്ലയിലും ആയിരത്തിലധികം മരണങ്ങള്‍ രേഖപ്പെടുത്തപ്പെടാതെ പോയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ തന്നെ നടത്തിയ പരിശോധനയില്‍ നിന്ന് വ്യക്തമായിരിക്കുന്നത്. ഈ ഘട്ടത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശിക്കുമ്പോള്‍ മറച്ചുവെച്ച മരണങ്ങള്‍ നടന്ന കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാതെ പോകുന്ന അവസ്ഥയുണ്ടാകും. അതിനാല്‍ ഐസിഎംആര്‍ മാനദണ്ഡങ്ങളനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് മരണങ്ങളുടെ കണക്ക് പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കണമെന്നും യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വിടാത്ത പക്ഷം കടുത്ത പ്രക്ഷോഭത്തിലേക്ക് യുഡിഎഫ് നീങ്ങുമെന്നും വിഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് ഏകോപന സമിതിയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.

നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സര്‍ക്കാര്‍ ഇടയ്ക്കിടയ്ക്ക് നിലപാട് മാറ്റുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മന്ത്രി വാസവന്‍ പാലായില്‍ പോയി പറഞ്ഞതിനും സിപിഐഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്‍ വാര്‍ത്താസമ്മേളനങ്ങളില്‍ പറഞ്ഞതിനും വിരുദ്ധമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന. എന്നാല്‍ ആ നിലപാട് പറയാന്‍ തന്നെ മുഖ്യമന്ത്രി 14 ദിവസം വൈകി. സംഘപരിവാര്‍ ആഗ്രഹിച്ചതുപോലെ രണ്ട് സമുദായങ്ങള്‍ തമ്മിലെ സംഘര്‍ഷം നീണ്ടു പോകണമെന്ന് സര്‍ക്കാരും സിപിഐഎമ്മും ആഗ്രഹിച്ചതിനാലാണ് മുഖ്യമന്ത്രി മറുപടി വൈകിച്ചത്. സര്‍വ്വകക്ഷി യോഗം വിളിക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതിന്റെ കാരണമതാണെന്നും വിഡി സതീശന്‍ പറഞ്ഞു.

അതേസമയം, സര്‍വ്വകക്ഷിയോഗം പ്രശ്‌ന പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വിവാദവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും മേശയ്ക്കുചുറ്റും ഇരുത്തി ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സമാധാനം സ്ഥാപിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന നിലയിലാണ് ആവശ്യം ഉന്നയിക്കുന്നതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ബിഷപ്പ് വിഷയത്തില്‍ തന്റെ നിലപാട് ആവര്‍ത്തിച്ചു ചോദിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

കെ റെയില്‍ അതിവേഗ സില്‍വര്‍ ലെയ്ന്‍ പദ്ധതി അശാസ്ത്രീയവും അപ്രായോഗികവുമാണ്. പതിനാല് ജില്ലകളിലൂടെ കടന്നുപോകുന്ന പദ്ധതിക്കായി അലൈന്‍മെന്റ് പോലും തയ്യാറാകാതെ ഭൂമി ഏറ്റെടുക്കുന്നത്. ഇതിനെല്ലാം അതിന് ആനുപാതിമായ ഗുണം ഉണ്ടാകുമോ എന്ന് സംശയമാണ്. ഇതിന് പുറമെ ഒരു വിഭാഗത്തിനായി തയ്യാറാക്കുന്ന പദ്ധതി കേരളത്തെ രണ്ടായി പിളര്‍ത്തും. ഇതെല്ലാം കണക്കിലെടുത്ത് സര്‍ക്കാര്‍ പദ്ധതി പുനപരിശോധിക്കണമെന്നും ബദല്‍ പദ്ധയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്ന പക്ഷം യുഡിഎഫ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Next Story

Popular Stories