Top

'ഞാന്‍ ആക്രമിക്കുന്നവരാണ് നിരാശയിലാകുന്നത്'; രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ തള്ളി അശോക് ഗെഹ്ലോട്ട്‌

'ഗരീബിനെയും' ​'ഗണേശിനെയും' ഒരുപോലെ പരി​ഗണിച്ചാൽ പകുതി പ്രശ്നങ്ങൾ ഒഴിവാക്കാമെന്നും അശോക് ​ഗെഹ്ലോട്ട്

16 May 2022 11:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാന്‍ ആക്രമിക്കുന്നവരാണ് നിരാശയിലാകുന്നത്; രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ തള്ളി അശോക് ഗെഹ്ലോട്ട്‌
X

ഉദയ്പൂർ: രാഷ്ട്രീയപരമായി താൻ ആക്രമിക്കുന്നവരാണ് നിരാശരാകുന്നതെന്ന് വ്യക്തമാക്കി രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ അശോക് ​ഗെഹ്ലോട്ട്. ഉദയ്പൂരിൽ നടന്ന കോൺ​ഗ്രസിന്റെ ചിന്തൻ ശിവിരിൽ രാഹുൽ ​ഗാന്ധിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ​ഗെഹ്ലോട്ട്. കോൺ​ഗ്രസിനെ വീണ്ടെടുക്കുന്നതിൽ നിങ്ങൾ ഓരോരുത്തരും കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും, ഒരുപക്ഷെ മുതിർന്ന നേതാക്കളും പ്രവർത്തകരും അതിനിടക്ക് വിഷാദത്തിലേക്ക് നീങ്ങാമെന്നുമായിരുന്നു രാഹുലിന്റെ പരാമർശം.



ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ ത്രിദിന ചർച്ചാ വേദിയായ ചിന്തൻ ശിവിരിന്റെ സമാപനദിനത്തിലായിരുന്നു രാഹുൽ ​ഗാന്ധിയുടെ പരാമർശം. നമുക്ക് കോൺ​ഗ്രസിനെ പുനരുജ്ജീവിപ്പിക്കണമെന്ന് പറഞ്ഞ രാഹുൽ അതിന് കുറുക്കുവഴികളില്ലെന്നും കഠിനാധ്വാനിക്കാൻ ഏറെയുണ്ടെന്നും പ്രവർത്തകരെ ഓർമപ്പെടുത്തി. ഒരുപക്ഷെ അതിനിടയിൽ മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും വിഷാദത്തിലേക്ക് നീങ്ങാമെന്നും അദ്ദേഹം പറഞ്ഞു. ഇത് നിസ്സാരമായൊരു പോരാട്ടമല്ലെന്നും പ്രത്യേയശാസ്ത്രപരമായ പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പോരാട്ടം ഒരു പ്രാദേശിക പാർട്ടിക്കും സാധ്യമല്ലെന്നും രാഹുൽ ​ഗാന്ധി അറിയിച്ചു.



പാർട്ടിയുടെ മോശം പ്രകടനത്തിൽ വിഷമം തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു ​ഗെഹ്ലോട്ട് രാഹുലിന്റെ പരാമർശത്തിനോടും പ്രതികരിച്ചത്. രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ചും, എന്തുകൊണ്ട് ഭയപ്പെടണമെന്നതും, ആരാണ് ഉത്തരവാദികളെന്നും താൻ സത്യസന്ധമായി പറയാറുണ്ട്. ഇതിനെയെല്ലാം നിരന്തരമായി ആക്രമിക്കാറുണ്ടെന്നും പറഞ്ഞ ​ഗെഹ്ലോട്ട് താൻ ആക്രമിക്കുന്നവരാണ് വിഷാദത്തിലാകുന്നതെന്നും അല്ലാതെ താനല്ലെന്നും കൂട്ടിച്ചേർത്തു. ​

'ഗരീബിനെയും' '​ഗണേശിനെയും' ഒരുപോലെ പരി​ഗണിച്ചാൽ പകുതി പ്രശ്നങ്ങൾ ഒഴിവാക്കാമെന്നും അശോക് ​ഗെഹ്ലോട്ട് പറഞ്ഞു.



സംഘടനാപരമായ നിർണായക മാറ്റങ്ങളും, ജനങ്ങളുമായി പാർട്ടിയെ ബന്ധിപ്പിക്കാനുമുള്ള മാർ​ഗങ്ങളും ചർച്ച ചെയ്ത ചിന്തൻ ശിവിരിൽ അടുത്ത മാസങ്ങളിലായി രണ്ട് ജനകീയ പ്രക്ഷോഭങ്ങൾ നടത്തുമെന്നും പ്രഖ്യാപനമുണ്ട്.

Story Highlights: Ashok Gehlot on Rahul Gandhi's Statement states Senior leaders and workers go into depression

Next Story