Top

'പുതിയ തട്ടകത്തിലെ ആദ്യ ചുമതല'; പി എസ് പ്രശാന്തിന് പദവി നല്‍കി സിപിഐഎം

കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റായാണ് നിയമിച്ചിരിക്കുന്നത്.

22 Sep 2021 5:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുതിയ തട്ടകത്തിലെ ആദ്യ ചുമതല; പി എസ് പ്രശാന്തിന് പദവി നല്‍കി സിപിഐഎം
X

കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയിലെത്തിയ പി എസ് പ്രശാന്തിന് പദവി നല്‍കി സിപിഐഎം. പി എസ് പ്രശാന്തിനെ കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റായാണ് നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പ്രശാന്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് സിപിഐഎമ്മില്‍ ചേര്‍ന്നത്.

ചൊവ്വാഴ്ച്ചയാണ് എന്തുകൊണ്ട് താന്‍ കമ്മ്യൂണിസ്റ്റായെന്ന ചോദ്യത്തിന് മറുപടിയുമായി പി എസ് പ്രശാന്ത് രംഗത്തെത്തിയത്. കെപിസിസിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളോടെയായിരുന്നു പ്രശാന്തിന്റെ പ്രതികരണം. കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന സംഘടനാ രോഗങ്ങളെ ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മെയിലയച്ചെങ്കിലും അത് ഗൗരവത്തിലെടുക്കാതെ തന്നെ പുറത്താക്കാനുള്ള ഗൂഡാലോചനയാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തിയതെന്നുമായിരുന്നു പ്രശാന്തിന്റെ പ്രതികരണം. പുതിയ തട്ടകത്തിലെ ആദ്യ ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു പ്രശാന്തിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

'30 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് സിപിഐഎം എന്ന പ്രസ്ഥാനത്തില്‍ ചേരാന്‍ തീരുമാനിച്ചത് വേദനാജനകമായ ചില സംഘടനാനുഭവങ്ങള്‍ നല്കിയ പാഠങ്ങള്‍ കൊണ്ടാണ്. സംഘടനാ തലത്തില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പാലിച്ച് കൊണ്ട് പല നേതാക്കളോടും അന്വോഷണ സമിതിക്ക് മുന്നിലും പരാതി നല്കിയതിന് ശേഷവും എന്റെ പരാതിക്കൊ ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്കോ കെപിസിസി പ്രസിഡന്റോ മറ്റേതെങ്കിലും മുതിര്‍ന്ന നേതാക്കളോ അന്വേഷണ സമിതിയോ ഒരു വിലയും കല്‍പ്പിക്കുന്നില്ലായെന്ന ഉറച്ച ബോധ്യം വന്നതിന് ശേഷമാണ് വളരെ വേദനയോട് കൂട്ടി പാര്‍ട്ടി വിട്ട് പോകാന്‍ തീരുമാനിക്കുന്നത്.' എന്നായിരുന്നു തന്റെ രാജിയെക്കുറിച്ച് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്.

നിയമസഭാ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ ശ്രമിക്കുന്നത് ആദ്യ സംഭവമല്ലെന്നും പ്രശാന്ത് പറഞ്ഞിരുന്നു. അതിനെ സംബന്ധിച്ച അന്വോഷണം നടക്കുകയും അന്വേഷണ റിപ്പോര്‍ട്ട് കടലാസില്‍ ഒതുങ്ങുന്നതും കോണ്‍ഗ്രസിന്റെ പതിവ് സംഘടനാ ശൈലിയുമാണ്, എല്‍ഡിഎഫ് നേതൃത്വം നല്കുന്ന സര്‍ക്കാരിന് അനുകൂലമായി ജനങ്ങള്‍ക്കിടയില്‍ അനുകൂല തരംഗം ഉണ്ടായിരുന്നു എന്നതും ആ തരംഗത്തെ അതിജീവിക്കാനുള്ള സംഘടനാ ബലമോ വിശ്വാസ്യതയോ യുഡിഎഫ് നേത്യത്വത്തിന് ഉണ്ടായിരുന്നില്ല എന്നതും നമ്മുടെ ചില മാഫിയ സംഘങ്ങളുടെ 'പാര വയ്പും ' കൂടി ആയപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് വിജയം ഒരു സീറ്റില്‍ ഒതുങ്ങി. അതുകൊണ്ട് തന്നെ ഇലക്ഷന്‍ പരാജയത്തിന് ശേഷം അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനെ നേരില്‍ കാണുകയും ഇലക്ഷനുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞുതുമില്ല. എന്നാല്‍ നെടുമങ്ങാട് മണ്ഡലത്തിലെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശ്രീ പാലോട് രവിയുടേയും മാഫിയാ സംഘത്തിന്റേയും സകല വിവരങ്ങളും മുല്ലപ്പള്ളി രാമചന്ദ്രന്‍ സാര്‍ നന്നായി മനസ്സിലാക്കിയിരുന്നുവെന്നുമായിരുന്നു പ്രശാന്ത് പറഞ്ഞത്.

അതേസമയം കോണ്‍ഗ്രസില്‍ രാജിവെക്കാന്‍ താനെടുത്ത തീരുമാനത്തില്‍ അഭിമാനിക്കുന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ജനാധിപത്യമുള്ള മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് സോഷ്യലിസ്റ്റ് മൂല്ല്യങ്ങള്‍ക്കായി പോരാടുന്ന സിപിഐഎം എന്ന സംഘടനയിലാണ് താന്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത. മാത്രമല്ല ഒരു സാധാരണ തൊഴിലാളിയുടെ മകന് സുരക്ഷിതത്വബോധത്തോടേയും ആത്മവിശ്വാസത്തോടേയും പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന സംഘടന സിപിഐഎം ആണെന്ന് തിരിച്ചറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Next Story