Top

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം രാജ്യത്തിന് ഗുണകരമല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി; 'അതേ സമയം കേന്ദ്ര നടപടിയില്‍ സംശയമുണ്ട്'

പി എഫ് ഐ രാഷ്ട്രീയത്തോട് ലീഗ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും പിഎഫ്ഐയുടെ സ്വാഭാവിക എതിരാളി മുസ്ലിം ലീഗാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

28 Sep 2022 9:12 AM GMT
ലക്ഷ്മി

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം രാജ്യത്തിന് ഗുണകരമല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി; അതേ സമയം കേന്ദ്ര നടപടിയില്‍ സംശയമുണ്ട്
X

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം രാജ്യത്തിന് ഗുണകരമല്ലെന്നും അതേസമയം കേന്ദ്രനടപടിയില്‍ സംശയമുണ്ടെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ വര്‍ഗീയതയെ ഊട്ടിവളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. വെറുപ്പിന് കാരണമായ അങ്ങേയറ്റം അപലനീയമായ പ്രസ്താവനകള്‍ നടത്തുന്ന സംഘടനകള്‍ കേന്ദ്ര ഭരണത്തിന്റ തണലില്‍ കഴിയുകയാണ്. ഒരു വിഭാഗത്തെ വര്‍ഗീയത പ്രചരിപ്പിക്കാന്‍ വിടുകയും മറുകൂട്ടരെ നിരോധിക്കുകയും ചെയ്യുന്നതിലെ നിക്ഷ്പക്ഷത ചോദ്യം ചെയ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിഎഫ്ഐ രാഷ്ട്രീയത്തോട് ലീഗ് ഒരിക്കലും വിട്ടുവീഴ്ച ചെയ്യതിട്ടില്ലെന്നും പി എഫ് ഐയുടെ സ്വാഭാവിക എതിരാളി മുസ്ലിം ലീഗാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് അബ്ദുല്‍ സത്താര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമനടപടികള്‍ സ്വീകരിക്കാനായി ഉടന്‍ തന്നെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. അധികൃതര്‍ നടത്തിയ റെയ്ഡില്‍ പൂര്‍ണ്ണമായി സഹകരിച്ചെന്നും അബ്ദുല്‍ സത്താര്‍ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യങ്ങളെ കണ്ടതിന് ശേഷമാണ് അബ്ദുല്‍ സത്താറിനെ കസ്റ്റഡിയിലെടുത്തത്.

തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. സംഘടനയെ നിരോധിക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്നുവെന്നും അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വുമണ്‍ ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍, റിഹേബ് ഫൗണ്ടേഷന്‍ എന്നിയ്ക്കാണ് നിരോധനം.

സെപ്തംബര്‍ 22, 27 തീയതികളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സംസ്ഥാന പൊലീസ് എന്നിവര്‍ രാജ്യത്തെ പിഎഫ്ഐ ഓഫീസുകളില്‍ വ്യാപകറെയ്ഡ് നടത്തിയിരുന്നു. ചൊവ്വാഴ്ച്ചത്തെ റെയ്ഡില്‍ സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഡല്‍ഹി, അസം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ ഇന്നലെ റെയ്ഡ് നടക്കുന്നത്. 176 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

STORY HIGHLIGHTS: The activities of Popular Front is not good for India and at the same time there is doubt about the central government action: PK Kunhalikutty

Next Story