Top

ജനനനിരക്ക് 1.4 മാത്രമെന്ന് സീറോ മലബാര്‍ സഭ; ഏതെങ്കിലും മതവിഭാഗത്തില്‍ ആളെ കുറയ്ക്കാന്‍ ശ്രമമില്ലെന്ന് യുക്തിവാദി നേതാവ്

സാമൂഹിക മാധ്യമങ്ങളുടെ വരവോടെ യുക്തിവാദം കൂടുതല്‍ പേരിലേക്ക് പ്രചരിക്കുന്നുണ്ടെന്ന് കേരള യുക്തിവാദി സംഘം മുന്‍ സംസ്ഥാന പ്രസിഡന്റ്

23 May 2022 3:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനനനിരക്ക് 1.4 മാത്രമെന്ന് സീറോ മലബാര്‍ സഭ; ഏതെങ്കിലും മതവിഭാഗത്തില്‍ ആളെ കുറയ്ക്കാന്‍ ശ്രമമില്ലെന്ന് യുക്തിവാദി നേതാവ്
X

തൃശൂര്‍: പതിനെട്ട് വര്‍ഷത്തിനിടെ അരലക്ഷം പേര്‍ സഭ ഉപേക്ഷിച്ചെന്ന ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസംഗത്തേച്ചൊല്ലി വിവാദം തുടരുന്നു. ബിഷപ്പിനെ പിന്തുണച്ച് സീറോ മലബാര്‍ സഭ കുടുംബ കൂട്ടായ്മ സെക്രട്ടറി ഡെയ്‌സന്‍ പാണേങ്ങാടന്‍ രംഗത്തെത്തി. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരമാണ് ബിഷപ്പ് പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്ന് ഡെയ്‌സണ്‍ പരഞ്ഞു. സീറോ മലബാര്‍ സഭയില്‍ ജനന നിരക്ക് 1.4 മാത്രമാണ്. രണ്ട് കുട്ടികള്‍ പോലുമില്ലാത്ത അവസ്ഥയിലെത്തി. പ്രായം കഴിഞ്ഞിട്ടും വിവാഹിതരാകാത്ത ആണുങ്ങള്‍ സഭയില്‍ ലക്ഷക്കണക്കിനാണ്. വിവാഹപ്രായം എത്തുമ്പോള്‍ ആണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ മാതാപിതാക്കള്‍ ശുഷ്‌കാന്തി കാണിക്കണമെന്നാണ് സഭയുടെ നിലപാടെന്നും ഡെയ്‌സണ്‍ പാണേങ്ങാടന്‍ പ്രതികരിച്ചു.

നിരീശ്വരവാദികളുടെ ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ കാരണം വിശ്വാസികളായ പെണ്‍കുട്ടികള്‍ സഭ വിടുകയാണെന്ന ആരോപണം കേരള യുക്തിവാദി സംഘം മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എന്‍ അനില്‍കുമാര്‍ തള്ളി. ഏതെങ്കിലും മതവിഭാഗത്തില്‍ ആളെ കുറയ്ക്കാന്‍ യുക്തിവാദികള്‍ ഒരു ശ്രമവും നടത്തുന്നില്ല. സാമൂഹിക മാധ്യമങ്ങളുടെ വരവോടെ യുക്തിവാദം കൂടുതല്‍ പേരിലേക്ക് പ്രചരിക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷെ, അത് ഏതെങ്കിലും പ്രത്യേക സമൂഹത്തെ ലക്ഷ്യമാക്കിയാണെന്ന് വാദിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

'എതീസ്റ്റ്' ഗ്രൂപ്പുകളിലേക്ക് പെണ്‍കുട്ടികള്‍ ആകര്‍ഷിക്കപ്പെടുകയാണെന്നും ഈ സംഘങ്ങള്‍ക്ക് സംസ്ഥാനം മുഴുവന്‍ നെറ്റ്‌വര്‍ക്കുണ്ടെന്നും ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞെന്ന് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രസംഗിച്ചിരുന്നു. തൃശൂര്‍ മെത്രാനായി 18 വര്‍ഷം പിന്നിടുന്നു, ഇതിനിടെ 50,000 പേര്‍ കുറഞ്ഞു. 35 വയസ് കഴിഞ്ഞ 15,000 ഓളം യുവാക്കള്‍ കല്യാണം കഴിക്കാതെ നില്‍ക്കുകയാണ്. അനേകായിരങ്ങള്‍ വിവാഹമോചനം തേടുന്നു. സഭയുടെ ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും ബിഷപ്പ് ആരോപിച്ചു. കഴിഞ്ഞ ദിവസം തൃശൂര്‍ അതിരൂപതാ കുടുംബവര്‍ഷ സമാപനത്തോട് അനുബന്ധിച്ച് നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യവേയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രതികരണം.

Story Highlights : Syro-Malabar Church says birth rate is only 1.4; Rationalist leader says there is no attempt to reduce people in any religion

Next Story