മോദിയുമായുള്ള കൂടിക്കാഴ്ച്ച 'ട്വിറ്ററിനെ അറിയിക്കാതെ' കമലാ ഹാരിസ്; ഉത്കണ്ഠ രേഖപ്പെടുത്തിയത് സുബ്രഹ്മണ്യം സ്വാമി
'ഈ ചിത്രങ്ങള്‍ കമല ഹാരിസ് ട്വീറ്റ് ചെയ്തോ' എന്നു ചോദിച്ചാണ് സുബ്രഹ്മണ്യന് സ്വാമിയുടെ മറുപടി ട്വീറ്റ് ആരംഭിക്കുന്നത്.
24 Sep 2021 2:32 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച ട്വിറ്ററില്‍ പങ്കുവെയ്ക്കാത്ത യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി.
ഏതോ ഒരു ആഫ്രിക്കനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ വരെ പങ്കുവെച്ച കമല ഹാരിസ് എന്തുകൊണ്ടാണ് അതിന് മുന്‍പ് നടന്ന മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാത്തതെന്നായിരുന്നു സുബ്രഹ്മണ്യന് സ്വാമിയുടെ വിമര്‍ശനം. യുഎസ് സന്ദര്‍ശനത്തിനിടെ കമല ഹാരിസുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ക്ക് പങ്കുവെച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന് മറുപടിയായി ആയിരുന്നു സുബ്രഹ്മണ്യ സ്വാമിയുടെ ചോദ്യം. 'ഈ ചിത്രങ്ങള്‍ കമല ഹാരിസ് ട്വീറ്റ് ചെയ്തോ' എന്നു ചോദിച്ചാണ് സുബ്രഹ്മണ്യന് സ്വാമിയുടെ മറുപടി ട്വീറ്റ് ആരംഭിക്കുന്നത്.
മോദിയുമായുള്ള കൂടിക്കാഴ്ചയുടെ അതേദിവസം ആഫ്രിക്കന്‍ രാജ്യമായ സാംബിയയുടെ പ്രസിഡന്റ് ഹക്കൈന്‍ഡെ ഹിചിലേമയുമായും കമല ഹാരിസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സന്ദര്‍ശനത്തില്‍ നിന്ന് കമല ഹാരിസ് പങ്കുവെച്ച ചിത്രങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു സുബ്രഹ്മണ്യന് സ്വാമി ചോദ്യമുന്നയിച്ചത്.
ഈ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയ മറ്റ് ലോക നേതാക്കളുമായും രാജ്യങ്ങളുടെ പ്രതിനിധികളുമായും ചിത്രങ്ങളും വീഡിയോകളും കമല ഹാരിസ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ മോദിയുമായുള്ള സന്ദർശനത്തിന്റെ വിവരങ്ങള്‍ വെെസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡിലിലോ തന്റെ അനൗദ്യോഗിക ട്വിറ്റർ ഹാന്‍ഡിലിലോ കമല ഹാരിസ് പങ്കുവെച്ചിരുന്നില്ല.
അതേസമയം, വൈറ്റ് ഹൗസിൽ വെച്ച് നടന്ന മോദി-കമല കൂടിക്കാഴ്ചയിൽ പാകിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങളെക്കുറിച്ചും അഫ്ഗാനിസ്താനിലുൾപ്പെടെയുള്ള ആഗോള സംഭവ വികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും അഭിപ്രായങ്ങൾ പങ്കുവെച്ചു. സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊളളുന്നതുമായ ഇന്തോ-പസഫിക് മേഖലയ്ക്കായി പ്രതിജ്ഞാബന്ധമാണെന്ന് ഇരുവരും ഉറപ്പു നൽകി.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും സംയുക്ത പ്രസ് കോൺഫറൻസും നടത്തി. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്നും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് ലോകത്തിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നും കമല ഹാരിസ് അഭിപ്രായപ്പെട്ടു. ത്രിദിന സന്ദർശനത്തിന് അമേരിക്കയിലെത്തിയ മോദി പ്രസിഡന്റ് ജോ ബൈഡനുമായും ആദ്യ കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ചയാണ് സന്ദർശനം അവസാനിക്കുന്നത്.