Top

'ഭക്ഷ്യക്ഷാമം വരുന്നു'; ശ്രീലങ്കന്‍ ജനതയ്ക്ക് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

29.8 ശതമാനമാണ് ശ്രീലങ്കയില്‍ ഏപ്രില്‍ മാസത്തിലുണ്ടായ പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 46.6 ശതമാനം വര്‍ധനയുണ്ടായി.

20 May 2022 10:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭക്ഷ്യക്ഷാമം വരുന്നു; ശ്രീലങ്കന്‍ ജനതയ്ക്ക് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
X

കൊളംബോ: ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ഭക്ഷ്യക്ഷാമം മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. രാജ്യത്ത് ഭക്ഷണ സാമഗ്രികളുടെ ക്ഷാമത്തിന് സാധ്യതയുണ്ടെന്നും സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കണമെന്നും വിക്രമസിംഗെ പറഞ്ഞു. ആവശ്യത്തിനുള്ള വളമെത്തിച്ച് അടുത്ത നടീല്‍ വര്‍ഷത്തില്‍ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഏപ്രിലില്‍ എല്ലാ രാസവളങ്ങളും നിരോധിച്ചുകൊണ്ടുള്ള പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ തീരുമാനം ശ്രീലങ്കയുടെ ആഭ്യന്തര ഉത്പാദനം ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. നിരോധനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയെങ്കില്‍ കാര്യമായ ഇറക്കുമതി ഇതുവരെ നടന്നിട്ടില്ല.മെയ് മുതല്‍ ആഗസ്റ്റ് വരെയുള്ള ഈ 'യല' കാലാവസ്ഥയില്‍ വളം എത്തിക്കാന്‍ സമയമില്ലായിരിക്കാമെങ്കിലും സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള 'മഹാ' കാലാവസ്ഥയില്‍ ആവശ്യത്തിനുള്ള സ്റ്റോക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും റെനില്‍ വിക്രമസിംഗെ ട്വിറ്ററില്‍ കുറിച്ചു. വിഷയത്തിന്റെ ഗൗരവം അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ആത്മാര്‍ത്ഥമായി ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തികരംഗം, വിദേശ നാണ്യം, ഇന്ധനം, അവശ്യമരുന്നുകള്‍ എന്നിവയിലെല്ലാം ശ്രീലങ്ക കടുത്തക്ഷാമം നേരിടുമ്പോഴാണ് ഭക്ഷ്യക്ഷാമഭീഷണി എന്നതും ഇരട്ട പ്രഹരമാകുന്നുണ്ട്.

ജീവിതം എത്രമാത്രം കഷ്ടതകളിലൂടെയാണ് കടന്നുപോകുന്നതെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. രണ്ടു മാസത്തില്‍ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും ഈ നിരക്കാണെങ്കില്‍ ഞങ്ങളെ ഇവിടെ കാണില്ലെന്നും കൊളംബോയിലെ പേട്ട മാര്‍ക്കറ്റില്‍ പഴവര്‍ഗങ്ങളും പച്ചക്കറിയും വില്‍ക്കുന്ന അറുപതുകാരിയായ സുമനവതി പറഞ്ഞു.പാചകവാതക സിലിണ്ടറുകള്‍ക്കായി കടകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവും തുടരുന്നുണ്ട്. 500 ആവശ്യക്കാരുള്ളിടത്ത് 200 സിലിണ്ടറുകള്‍ മാത്രമാണ് എത്തിച്ചുനല്‍കുന്നതെന്നു പറഞ്ഞ പാര്‍ട് ടൈം ഡ്രൈവറായ മുഹമ്മദ് ഷാസ്ലി അഞ്ച് പേരടങ്ങുന്ന തന്റെ കുടുംബത്തിനായി മൂന്ന് ദിവസമായി വരിയില്‍ തുടരുന്നതിലെ ആശങ്കയും പങ്കുവെച്ചു. 'ഗ്യാസില്ലാതെ, മണ്ണെണ്ണയില്ലാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാനാകില്ല, ഭക്ഷണമില്ലാതെ ഞങ്ങള്‍ മരിക്കാന്‍ പോകുകയാണ്. അത് നൂറുശതമാനം സംഭവിക്കും,' ഷാസ്ലി കൂട്ടിച്ചേര്‍ത്തു.

ലോക ബാങ്കില്‍ നിന്നുള്ള ലോണില്‍ നിന്ന് വിദേശ നാണ്യം സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് സെന്‍ട്രന്‍ ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. ഇന്ധനത്തിനും പാചകവാതകത്തിനും അടക്കാനുള്ള തുക നല്‍കി വരികയാണ്. അടുത്ത രണ്ട് മാസങ്ങളില്‍ പണപ്പെരുപ്പം 40 ശതമാനം വരെ വര്‍ധിക്കും. പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഇതിനോടകം ബാങ്കും സര്‍ക്കാരും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.29.8 ശതമാനമാണ് ശ്രീലങ്കയില്‍ ഏപ്രില്‍ മാസത്തിലുണ്ടായ പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 46.6 ശതമാനം വര്‍ധനയുണ്ടായി. സര്‍ക്കാരിനെതിരെയുള്ള ജനരോഷം വര്‍ധിക്കുകയാണ്. തലസ്ഥാനനഗരമായ കൊളംബോയില്‍ പ്രതിഷേധിച്ച നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. ശ്രീലങ്കന്‍ പ്രധാനമന്ത്രിയെപ്പോലെ പ്രസിഡന്റും രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Story Highlights: Food Shortage is here; Srilankan Prime minister Warns people to accept the gravity of the situation

Next Story