Top

പിടിച്ചു നില്‍ക്കാന്‍ 'വിമാനങ്ങളും' വില്‍ക്കാന്‍ ശ്രീലങ്ക; ശമ്പളം നല്‍കാന്‍ നോട്ടുകള്‍ ആവശ്യത്തിന് അച്ചടിച്ചെടുക്കും

ശ്രീലങ്കയുടെ കറൻസിയെ സമ്മർദത്തിലാക്കുമെന്ന് അറിയാമെങ്കിലും കൂടുതൽ പണം അച്ചടിച്ച് ശമ്പളം നൽകാൻ താൻ നിർബന്ധിതനായിരിക്കുകയാണെന്നും വിക്രമസിം​ഗെ അറിയിച്ചു

17 May 2022 6:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിടിച്ചു നില്‍ക്കാന്‍ വിമാനങ്ങളും വില്‍ക്കാന്‍ ശ്രീലങ്ക; ശമ്പളം നല്‍കാന്‍ നോട്ടുകള്‍ ആവശ്യത്തിന് അച്ചടിച്ചെടുക്കും
X

കൊളംബോ: കടുത്ത സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാൻ വിമാനങ്ങൾ വിൽക്കാനൊരുങ്ങി ശ്രീലങ്കൻ സർക്കാർ. സർക്കാർ അധീനതയിലുള്ള ശ്രീലങ്കൻ എയർലെെൻസ് സ്വകാര്യ കമ്പനികൾക്ക് വിൽക്കാനാണ് റനിൽ വിക്രമസിം​ഗെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ തീരുമാനം. രാജ്യത്തിന്റെ ധനസ്ഥിതി സുസ്ഥിരപ്പെടുത്തുന്നതിന്റെ ഭാ​ഗമായി കൂടുതൽ നോട്ടുകൾ അച്ചടിച്ച് ശമ്പളം നൽകാനും അധികൃതർക്ക് സർക്കാർ നിർദേശം നൽകി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത പരിപാടിയിലാണ് ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

വിദേശത്ത് നിന്നുള്ള കടത്തിനുമേൽ കുടിശ്ശികയിനത്തിൽ മാത്രമായി 124 ദശലക്ഷം ഡോളർ 2021 മാർച്ചിൽ മാത്രം നഷ്ടപ്പെട്ടതായി അദ്ദേഹം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വിമാനത്തിൽ കാലുകുത്താത്ത പാവപ്പെട്ടവരിൽ പാവപ്പെട്ടവർ ഈ നഷ്ടം സഹിക്കേണ്ടിവരില്ല എന്ന് പറഞ്ഞാണ് വിക്രമസിം​ഗെ എയർലെെൻ വിൽപന നടത്തുന്നതിനെക്കുറിച്ചുള്ള തീരുമാനം അറിയിച്ചത്.



ശ്രീലങ്കയുടെ കറൻസിയെ സമ്മർദത്തിലാക്കുമെന്ന് അറിയാമെങ്കിലും കൂടുതൽ പണം അച്ചടിച്ച് ശമ്പളം നൽകാൻ താൻ നിർബന്ധിതനായിരിക്കുകയാണെന്നും വിക്രമസിം​ഗെ അറിയിച്ചു. ഒരുദിവസത്തെ ആവശ്യത്തിനുള്ള പെട്രോൾ സ്റ്റോക്ക് മാത്രമെ രാജ്യത്തിന്റെ കയ്യിലുള്ളുവെന്ന് പറഞ്ഞ അദ്ദേഹം ശ്രീലങ്കൻ തീരത്ത് അടുക്കുന്ന മൂന്ന് കപ്പൽ ക്രൂഡ് ഓയിലിന് വില നൽകുന്നതിനായി ഓപ്പൺ മാർക്കറ്റിൽ നിന്ന് പണം കണ്ടെത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും അറിയിച്ചു.



എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പങ്കാളിത്തത്തോടുകൂടി ഒരു ദേശീയ അസംബ്ലിയോ, രാഷ്ട്രീയ കൂട്ടായ്മയോ സംഘടിപ്പിച്ച് നിലവിലെ പ്രതിസന്ധിക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്താൻ ശ്രമിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടമാണ് വരാനിരിക്കുന്ന മാസങ്ങളെന്നും വിക്രമസിം​ഗെ മുന്നറിയിപ്പും നൽകി.

Story Highlights: In order to compensate losses Srilanka is ready to sell Airlines; also to print adequate currency to pay salaries

Next Story