Top

വരടിയം സിജോയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു; ജയിലിലെത്തി കൊടി സുനിയെ തീര്‍ക്കാന്‍ പദ്ധതി, ആരാണ് ഈച്ചര പ്രതീഷ്

26 Sep 2021 4:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വരടിയം സിജോയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു; ജയിലിലെത്തി കൊടി സുനിയെ തീര്‍ക്കാന്‍ പദ്ധതി, ആരാണ് ഈച്ചര പ്രതീഷ്
X

ഈച്ചര പ്രതീഷ്, വരടിയം സിജോ, കൊടി സുനി 

2019 ഏപ്രില്‍ 24ന് കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മുണ്ടത്തിക്കോട് രാജഗിരി ചൊവ്വല്ലൂര്‍ വീട്ടില്‍ ക്രിസ്റ്റഫര്‍ (35), മുണ്ടൂര്‍ പറവട്ടാനി വീട്ടില്‍ ശ്യാം (24) എന്നിവര്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ടിപ്പര്‍ ലോറി ഉപയോഗിച്ച് ഇടിച്ചു തെറിപ്പിച്ച ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. കേസില്‍ രണ്ടാം പ്രതിയായ വരടിയം സിജോ അധികം വൈകാതെ തന്നെ പൊലീസിന്റെ പിടിയിലായി. കൊലപാതകം ആസൂത്രണം ചെയ്തത് സിജോയാണെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

കൊവിഡ് കാലഘട്ടം ആരംഭിച്ചതോടെ ഇളവ് ലഭിച്ച സിജോ പുറത്തിറങ്ങി. ഏത് സമയത്തും ആയുധവുമായി നടക്കുന്നവരാണ് സിജോയും കൂട്ടാളികളും. ജാമ്യം ലഭിച്ച ശേഷം കൂട്ടുകാര്‍ക്കൊപ്പമല്ലാതെ സിജോ പുറത്തിറങ്ങാറുമില്ല. 2020 ജൂലൈ 6ന് പുലര്‍ച്ചെ രണ്ട് ബൈക്കുകളിലായി നാല് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നതിനിടെ സിജോ ആക്രമിക്കപ്പെട്ടു.

ഈച്ചര പ്രതീഷിന്റെ ആസൂത്രണം

ക്രിസ്റ്റഫറും ശ്യാമും ആക്രമിക്കപ്പെട്ട അതേ ശൈലിയില്‍ കാറിലെത്തിയ സംഘം സിജോയുടെ ബൈക്ക് ഇടിച്ചു വീഴ്ത്തി. റോഡില്‍ വീണ സിജോയെ വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടിക്കൊന്നു. മരണം ഉറപ്പാക്കുന്നത് വരെ സിജോയെ വെട്ടിയ ശേഷമാണ് സംഘം മടങ്ങിയത്. സിജോയ്ക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. വരടിയം രാജേഷ് എന്നറിയപ്പെടുന്ന സിജോയുടെ സുഹൃത്തിനും അന്ന് വേട്ടേറ്റിരുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കുറ്റൂര്‍ തവളക്കുളം ഈച്ചരത്ത് വീട്ടില്‍ പ്രതീഷിനെക്കുറിച്ച് സൂചന ലഭിച്ചിരുന്നു.

ക്രിസ്റ്റഫറിന്റെയും ശ്യാമിന്റെയും സംഘത്തിലെ പ്രധാനിയാണ് ഈച്ചര പ്രതീഷ്. ഇരുവരുടെയും കൊലപാതകത്തിന് പകരം വീട്ടുന്നതിനായി ഒരു വര്‍ഷത്തിലേറെ സിജോ പുറത്തിറാങ്ങാനായി കാത്തിരുന്നു. റോഡിലൂടെ വലിച്ചിഴച്ച് സിജോയെ ക്രൂരമായി വെട്ടിക്കൊന്നത് പ്രതീഷായിരുന്നു. എരുമപ്പെട്ടി ഉരിക്കുന്ന് വീരത്ത് വീട്ടില്‍ ശിവദാസന്‍ (35), നല്ലെങ്കര കാഞ്ഞിലി വീട്ടില്‍ സച്ചിന്‍ എന്ന കൊടി പമ്പരം (25), വടക്കാഞ്ചേരി ആറ്റത്ര മുല്ലക്കല്‍ വീട്ടില്‍ ചീറ്റ എന്ന വൈശാഖ് (33), ആര്യംപാടം ദേശം കരുമത്തില്‍ കാട്ടു എന്ന ലെജീഷ് (28), പറപ്പൂര്‍ ഹാപ്പിനഗര്‍ പാലക്കല്‍ വീട്ടില്‍ പ്രസാദ് എന്ന സെയ്തു (28), കുറ്റൂര്‍ കറ്റത്തേടത്ത് വീട് ബിജു എന്നിവരാണ് സിജോ വധക്കേസില്‍ പ്രതീഷിനെ കൂടാതെ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

കൊടി സുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ കൊലപ്പെടുത്താന്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പദ്ധതിയുണ്ടായിരുന്നെന്ന് ടിപി കേസ് പ്രതി കൊടി സുനിയെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘത്തിന്റേതായിരുന്നു പദ്ധതിയെന്നാണ് ആരോപണം ഉയര്‍ന്നത്. രണ്ടു സഹതടവുകാര്‍ക്ക് അഞ്ചു കോടി രൂപയുടെ ക്വട്ടേഷനാണ് അവര്‍ കൊടുത്തതെന്നും കൊടി സുനി പറയുന്നു. ക്വട്ടേഷന്‍ വിവരം താന്‍ അറിഞ്ഞെന്ന് മനസിലായതോടെയാണ് അവര്‍ക്ക് പദ്ധതി നടപ്പാക്കാന്‍ സാധിക്കാത്തതെന്നും സുനി വെളിപ്പെടുത്തി.

സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തെ സംസ്ഥാന വ്യാപകമായി സുനി ജയിലില്‍ വെച്ച് നിയന്ത്രിച്ചിരുന്നുവെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇത് തടയുന്നതിനായി ക്വട്ടേഷന്‍ നല്‍കി സുനിയെ കൊലപ്പെടുത്താന്‍ പ്രതീഷിനെ ചിലര്‍ ചുമതലപ്പെടുത്തിയെന്നും അഭ്യൂഹങ്ങളുണ്ട്. സിജോ വധക്കേസില്‍ ദീര്‍ഘ നാള്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള പ്രതീഷ് സുനിയുമായി സൗഹൃദത്തിലായിരുന്നുവെന്നും വിവരമുണ്ട്. പ്രതീഷ് കൃത്യം നിര്‍വ്വഹിച്ചാല്‍ 5 കോടി രൂപ ജയിലിന് പുറത്തുള്ള അനുയായികള്‍ക്ക് കൈമാറാമെന്നായിരുന്നു വ്യവസ്ഥിതി. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ജയിലില്‍ മര്‍ദനം, പിന്നിലാരെന്ന് വ്യക്തമല്ല

കുന്നംകുളം കോടതിയില്‍ നല്‍കിയ മൊഴിയിലാണ് തനിക്ക് മര്‍ദ്ദനമേറ്റതായി പ്രതീഷ് വെളിപ്പെടുത്തിയത്. ശരീരമാസകലം പരിക്കേറ്റെന്നും മൂത്രതടസമുണ്ടെന്നും ഇയാള്‍ കോടതിയില്‍ മൊഴി നല്‍കി. പരാതി മുഖവിലയ്‌ക്കെടുത്ത കോടതി ഇയാളെ ചാവക്കാട് സബ് ജയിലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ജയില്‍ മാറ്റാനുള്ള സിജോയുടെ അടവാണോ പുതിയ നീക്കമെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

Next Story

Popular Stories