Top

പ്രസംഗത്തിനിടെ സഭയില്‍ സിദ്ധരാമയ്യയുടെ മുണ്ട് അഴിഞ്ഞുവീണു; കോണ്‍ഗ്രസില്‍ പ്രതിച്ഛായ തർക്കം

മൈസൂര്‍ കൂട്ടബലാത്സംഗ കേസിലെ പൊലീസ് നടപടികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സിദ്ധരാമയ്യയുടെ മുണ്ട് അഴിഞ്ഞുവീണത്.

23 Sep 2021 11:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രസംഗത്തിനിടെ സഭയില്‍ സിദ്ധരാമയ്യയുടെ മുണ്ട് അഴിഞ്ഞുവീണു; കോണ്‍ഗ്രസില്‍ പ്രതിച്ഛായ തർക്കം
X

കഴിഞ്ഞദിവസം നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടെ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ മുണ്ട് അഴിഞ്ഞുപോയതില്‍ കോണ്‍ഗ്രസില്‍ പ്രതിച്ഛായ തര്‍ക്കം.

മൈസൂര്‍ കൂട്ടബലാത്സംഗ കേസിലെ പൊലീസ് നടപടികളെക്കുറിച്ച് സഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സിദ്ധരാമയ്യയുടെ മുണ്ട് അഴിഞ്ഞുവീണത്. എന്നാല്‍ ഇത് അറിയാതെ അദ്ദേഹം പ്രസംഗം തുടര്‍ന്നതോടെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ സിദ്ധരാമയുടെ അടുത്തു ചെന്ന് ചെവിയില്‍ കാര്യം പറഞ്ഞു.

പ്രസംഗം നിര്‍ത്തിയ സിദ്ധരാമയ്യ സീറ്റില്‍ ഇരുന്ന് മുണ്ട് ശരിയാക്കിയ ശേഷം പ്രസംഗം തുടരുകയും ചെയ്തു. ഇതിനിടെ എന്താണ് നടന്നതെന്ന് മനസിലാകാതെ ആശയക്കുഴപ്പത്തിലിരിക്കുന്ന സഭയോട് സംഭവിച്ചതിന്റെ കാരണമടക്കം സിദ്ധരാമയ്യ തന്നെ വിശദീകരിച്ചു.

കൊവിഡ് ബാധയ്ക്കുശേഷം തനിക്ക് തനിക്ക് 4-5 കിലോഗ്രാം ഭാരം വര്‍ദ്ധിച്ചുവെന്നും വയറുകൂടിയതാകാം മുണ്ട് അഴിഞ്ഞുപോകാന്‍ കാരണമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതിന് മറുപടിയായി കൂടുതല്‍ അംഗങ്ങളും കൊവിഡ് കാലത്ത് ശരീരഭാരം വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള തങ്ങളുടെ അനുഭവം പങ്കുവെച്ചു.

എന്നാല്‍, വിഷയം പ്രതിച്ഛായ പ്രശ്‌നമായാണ് കോണ്‍ഗ്രസില്‍ ഒരു വിഭാഗം കാണുന്നത്. സഭയില്‍ കോണ്‍ഗ്രസിന്റെ മാനം രക്ഷിക്കാനാണ് ഡി കെ ശിവകുമാര്‍ പ്രതിപക്ഷനേതാവിന്റെ ചെവിയില്‍ വന്ന് കാര്യം അറിയിച്ചത്. എന്നാല്‍ സിദ്ധരാമയ്യ അത് സഭയില്‍ പ്രഖ്യാപിച്ച് ചര്‍ച്ചയാക്കി. കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കാത്തിരിക്കുന്ന ബിജെപിക്ക് അവസരം കൊടുക്കുന്നത് പോലെയായി കാര്യങ്ങളെന്നും കോണ്‍ഗ്രസ് എംഎല്‍എ രമേശ് കുമാർ പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ബിജെപിക്ക് ശ്രമിക്കാമെങ്കിലും അവര്‍ക്ക് ഒരിക്കലും അതിന് കഴിയില്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.


Popular Stories

    Next Story