Top

'ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം മുംബൈയില്‍ നടത്തും'; രാജ്യത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ശിവസേന

17 April 2022 11:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം മുംബൈയില്‍ നടത്തും; രാജ്യത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ശിവസേന
X

മുംബൈ: രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം മുംബൈയില്‍ വെച്ച് അടുത്ത് തന്നെ നടക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. രാജ്യത്തെ വര്‍ത്തമാനകാല പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയിച്ചിരുന്നു. അതിനെ മുന്‍നിര്‍ത്തിയാണ് മുംബൈയിലെ യോഗമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയും ഇക്കാര്യം സംസാരിച്ചു. മുംബൈയില്‍ യോഗം നടത്താനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയുമായിരുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

തൊഴിലില്ലായ്മ, പണപ്പെരുപ്പം, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം, സാമുദായിക സൗഹാര്‍ദം ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്തെ 13 പ്രതിപക്ഷ നേതാക്കളുടെ സംയുക്ത പ്രസ്താവന പുറത്ത് വന്നിരുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവ്, എന്‍സിപി അധ്യക്ഷന്‍ ഫറൂഖ് അബ്ദുളള എന്നിവരാണ് പ്രതിപക്ഷ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കും വര്‍ഗീയ കലാപങ്ങള്‍ക്കുമെതിരെ സംസാരിക്കാന്‍ ഒത്തുചേര്‍ന്നത്.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, ഫോര്‍വേഡ് ബ്ലോക്കിന്റെ ദേബബ്രത ബിശ്വാസ്, ആര്‍എസ്പിയുടെ മനോജ് ഭട്ടാചാര്യ, മുസ്‌ലിം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടി, സിപിഐ (എം എല്‍) ലിബറേഷന്‍സിന്റെ ദീപങ്കര്‍ ഭട്ടാചാര്യ എന്നിവരും ഈ കൂട്ടായ്മയില്‍ ഒത്തു ചേര്‍ന്നിരുന്നു.

സമാധാനവും സൗഹാര്‍ദവും കാത്തുസൂക്ഷിക്കണമെന്നും വര്‍ഗീയ കലാപം നടത്തുന്നവരെ കര്‍ശനമായി ശിക്ഷിക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. ഭക്ഷണം, വസ്ത്രധാരണം, വിശ്വാസം, ഉത്സവങ്ങള്‍, ഭാഷ എന്നിവയുപയോഗിച്ച് സമൂഹത്തില്‍ ബോധപൂര്‍വം ധ്രുവീകരണങ്ങളുണ്ടാക്കുന്നതില്‍ ഞങ്ങള്‍ അങ്ങേയറ്റം വേദനിക്കുന്നു.

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങളില്‍ ഞങ്ങള്‍ ഉത്കണ്ഠാകുലരാണ്. വര്‍ഗീയ കലാപങ്ങളില്‍ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കി.

വിദ്വേഷവും മുന്‍വിധിയും പ്രചരിപ്പിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളും ദൃശ്യശ്രാവ്യ പ്ലാറ്റ്‌ഫോമുകളുമുപയോഗിക്കുന്നുണ്ട്. ഇതിനെതിരെയെല്ലാം പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ സംസാരിക്കാന്‍ പരാജയപ്പെട്ട പ്രധാനമന്ത്രിയുടെ മൗനത്തില്‍ ഞങ്ങള്‍ ഞെട്ടിപ്പോയി.

നൂറ്റാണ്ടുകളായി ഇന്ത്യയെ നിര്‍വചിക്കുകയും സമ്പന്നമാക്കുകയും ചെയ്തിട്ടുള്ള സാമൂഹിക സൗഹാര്‍ദ്ദത്തിന്റെ വൈവിധ്യങ്ങളേയും ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. നമ്മുടെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന വിഷലിപ്തമായ ആശയങ്ങള്‍ക്കെതിരെ പോരാടുമെന്നും നേതാക്കള്‍ പ്രതിജ്ഞയെടുത്തു.

സമാധാനം നിലനിര്‍ത്താനും വര്‍ഗീയ ധ്രുവീകരണത്തിന് മൂര്‍ച്ച കൂട്ടാന്‍ ആഗ്രഹിക്കുന്നവരുടെ ദുഷിച്ച ലക്ഷ്യത്തെ പരാജയപ്പെടുത്താനും ഞങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളോടും എല്ലാ പാര്‍ട്ടി യൂണിറ്റുകളോടും അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കള്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Story Highlights: shiv sena leader sanjay raut says non bjp cms likey to meet in mumbai to discuss political situation

Next Story