Top

തര്‍ക്കമില്ലാത്തിടത്ത് കല്ലിടുമെന്ന് റവന്യൂ മന്ത്രി; ജിയോ ടാഗിങ്ങ് പദ്ധതി വേഗത്തിലാക്കുമെന്ന് കെ റെയില്‍

തർക്കമില്ലാത്ത സ്ഥലങ്ങളിൽ കല്ലിടാനും, അല്ലാത്ത സ്ഥലങ്ങളിൽ മാ‌ർക്ക് ചെയ്ത് സർവേ നടത്താനും, മറ്റിടങ്ങളിൽ ജിയോ ടാ​ഗ് സംവിധാനങ്ങൾ ഏർപ്പെടുത്താനുമുള്ള നിർദേശമാണ് കെ റെയിൽ മുന്നോട്ട് വെച്ചിരുന്നു.

16 May 2022 3:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തര്‍ക്കമില്ലാത്തിടത്ത് കല്ലിടുമെന്ന് റവന്യൂ മന്ത്രി; ജിയോ ടാഗിങ്ങ് പദ്ധതി വേഗത്തിലാക്കുമെന്ന് കെ റെയില്‍
X

തിരുവനന്തപുരം: കെ റെയിൽ സർവെ കല്ലിടൽ നിർത്തിയിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ. തർക്കമില്ലാത്ത സ്ഥലങ്ങളിൽ കല്ലിടാനും, അല്ലാത്ത സ്ഥലങ്ങളിൽ മാ‌ർക്ക് ചെയ്ത് സർവേ നടത്താനും, മറ്റിടങ്ങളിൽ ജിയോ ടാ​ഗ് സംവിധാനങ്ങൾ ഏർപ്പെടുത്താനുമുള്ള നിർദേശമാണ് കെ റെയിൽ മുന്നോട്ട് വെച്ചിരുന്നു. ഈ മൂന്നിനും മന്ത്രി അം​ഗീകാരം നൽകി. ഇതോടെ ജിയോ ടാഗിങ്ങ് പദ്ധതി വേഗത്തിലാക്കുമെന്ന് കെ റെയില്‍ അധികൃതർ പ്രതികരിച്ചു.

കല്ലിടലുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിരടയാളം നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മെയ് അ‍ഞ്ചിന് കെ റെയിൽ എംഡി റവന്യൂ വകുപ്പിന് കത്ത് നൽകിയിരുന്നു. ഭൂമിയുടെ ഉടമകൾ അനുവദിക്കുന്ന സ്ഥലങ്ങളിൽ കല്ലിടാമെന്നും മറ്റുള്ള സ്ഥലങ്ങളിൽ ജിപിഎസ് അടക്കമുള്ള സംവിധാനങ്ങളിലൂടെ സർവേ നടത്താമെന്നുമാണ് കെ റെയിൽ കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കത്തി​ന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. സാമൂഹികാഘാത പഠനത്തി​ന്റെ വേ​ഗം വർധിപ്പിക്കാനാണിതെന്ന് മന്ത്രി പറഞ്ഞു.

കെ റെയിൽ പ്രവർത്തനം വേ​ഗതയിൽ ആക്കണമെങ്കിൽ സാമൂഹികാഘാത പഠനം വേ​ഗത്തിലാക്കണം. സാമൂഹികാഘാത പഠനം നടത്തുന്നത് ഭൂമി ഏറ്റെടുക്കാൻ വേണ്ടിയല്ല. ഭൂമി ഏറ്റെടുക്കുമ്പോൾ ആളുകൾക്കുണ്ടാകുന്ന ആഘാതം എത്രയാണ് എന്ന് അറിയാൻ വേണ്ടിയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സർവേയ്ക്ക് മൂന്ന് വ്യത്യസ്ത രീതികൾ അവലംബിക്കാമെന്ന റവന്യൂ വകുപ്പി​ന്റെ ഉത്തരവ് വന്നതോടെ ജിയോ ടാഗിങ്ങ് പദ്ധതി വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് കെ റെയില്‍ അധികൃതർ.

Story Highlights : Revenue Minister says stone will be thrown where there is no dispute; K Rail to speed up geo-tagging project

Next Story