Top

'കെ സുധാകരന്‍ ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും': രമേശ് ചെന്നിത്തല

അഭിപ്രായ വ്യത്യാസം കോണ്‍ഗ്രസില്‍ സ്വാഭാവികമാണെന്നും അതെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.

26 Sep 2021 3:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ സുധാകരന്‍ ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: രമേശ് ചെന്നിത്തല
X

കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ച കെപിസിസി മുന്‍ അധ്യക്ഷന്‍ കൂടിയായ വിഎം സുധീരനെ ചര്‍ച്ചയിലൂടെ അനുനയിപ്പിക്കുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി എല്ലാവരേയും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമിതിയില്‍ സുധീരന്‍ അനിവാര്യമാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

'പ്രശ്‌നപരിഹാരമാണ് ജനങ്ങളും പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. അതിനുള്ള സാഹചര്യം ഒരുക്കുമെന്ന് കെപിസിസി പ്രസിഡണ്ട് അറിയിച്ചിട്ടുണ്ട്. അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. സുധീരന്‍ സമിതില്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. സുധീരന്റെ അഭിപ്രായങ്ങളും നിലപാടും സമിതിയില്‍ വളരെ പ്രയോജനകരമാണ്. അതില്‍ ഒരു സംശയവുമില്ല.' രമേശ് ചെന്നിത്തല പറഞ്ഞു.

അഭിപ്രായ വ്യത്യാസം കോണ്‍ഗ്രസില്‍ സ്വാഭാവികമാണെന്നും അതെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.ശനിയാഴ്ച്ച് രാവിലെയാണ് രാജികത്ത് സുധീരന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കൈമാറിയത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുന്‍ കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു വി എം സുധീരന് ഉണ്ടായിരുന്നത്. അടുത്ത കേന്ദ്രങ്ങളോട് അദ്ദേഹം പല തവണ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് രാജി.

പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ഇല്ലെന്ന ആക്ഷേപം നിരന്തരം ഉന്നയിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഹൈക്കമാന്റില്‍ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജി എന്നാണ് കെപിസിസി നല്‍കുന്ന വിശദീകരണം.

Popular Stories

    Next Story