Top

'ഫേക്ക് അക്കൗണ്ടുകള്‍ അഞ്ച് ശതമാനത്തില്‍ താഴെയെന്ന് തെളിയിക്കട്ടെ'; ട്വിറ്റര്‍ സിഇഒയെ വെല്ലുവിളിച്ച് ഇലോണ്‍ മസ്‌ക്

ലോകം ഉറ്റു നോക്കിയിരുന്ന കരാറുകളില്‍ ഒന്നായിരുന്നു ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കും എന്നത്.

7 Aug 2022 7:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫേക്ക് അക്കൗണ്ടുകള്‍ അഞ്ച് ശതമാനത്തില്‍ താഴെയെന്ന് തെളിയിക്കട്ടെ; ട്വിറ്റര്‍ സിഇഒയെ വെല്ലുവിളിച്ച് ഇലോണ്‍ മസ്‌ക്
X

കാലിഫോര്‍ണിയ: ഇലോണ്‍ മസ്‌കും ട്വിറ്ററും തമ്മിലുള്ള പോര് തുടങ്ങിയിട്ട് കുറച്ചു കാലമായി. ലോകം ഉറ്റു നോക്കിയിരുന്ന കരാറുകളില്‍ ഒന്നായിരുന്നു ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കും എന്നത്. എന്നാല്‍ വ്യജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരം നല്‍കാത്തതിനെത്തുടര്‍ന്ന് ഇലോണ്‍ മസ്‌ക് ഏറ്റെടുക്കല്‍ നീക്കം ഉപേക്ഷിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്.

ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിനെ ഇലോണ്‍ മസ്‌ക് പരസ്യമായി വെല്ലുവിളിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇന്നലെയായിരുന്നു വ്യാജ അക്കൗണ്ടുകളുടെയും നിലവിലില്ലാത്തവരുടെയും എണ്ണം 5 ശതമാനത്തില്‍ താഴെയാണെന്ന് ട്വിറ്റര്‍ തെളിയിക്കട്ടെ എന്ന് മസ്‌ക് ട്വീറ്റ് ചെയ്തത്. ഇക്കാര്യത്തില്‍ അദ്ദേഹം ഒരു പോളും തുടങ്ങി. ഇരുപത് ശതമാനത്തില്‍ കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ ഉണ്ടെന്നാണ് മസ്‌ക് പറയുന്നത്. അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണെന്നാണ് ട്വിറ്ററിന്റെ വാദം. ഇത് തെളിയിക്കട്ടെയെന്നാണ് മസ്‌കിന്റെ വെല്ലുവിളി. കരാറില്‍നിന്ന് പിന്മാറിയ ഇലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ നിയമനടപടി സ്വീകരിച്ചിരുന്നു.

44 ബില്യണ്‍ ഡോളര്‍ കരാറില്‍ കബളിപ്പിച്ചുവെന്ന മസ്‌കിന്റെ അവകാശവാദം ട്വിറ്റര്‍ തള്ളുകയും ചെയ്തിരുന്നു. ജൂലൈ 29 നാണ് മസ്‌ക് ഇതിനെതിരെ പരാതി കൊടുത്തത്. എന്നാല്‍ 100 അക്കൗണ്ടുകള്‍ സാമ്പിളായി എടുത്ത് അവ യഥാര്‍ത്ഥമാണെന്ന് തെളിയിച്ചാല്‍ കമ്പനി വാങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ അതേപടി തുടരുമെന്നും മസ്‌ക് അറിയിച്ചു.

കഴിഞ്ഞ ഏപ്രില്‍ മാസം തുടങ്ങി ഇലോണ്‍ മസ്‌കും ട്വിറ്ററും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്നായിട്ടാണ് ട്വിറ്റര്‍ ഏറ്റെടുക്കലിനെ കണക്കാക്കിയിരുന്നത്. 4,400 കോടി ഡോളറിന് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ നിക്ഷേപകര്‍ക്കെല്ലാം ഓഹരിയൊന്നിന് 54.2 ഡോളര്‍ വീതം ലഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വ്യാജ അക്കൗണ്ടുകളുടെ കണക്ക് എത്രയാണെന്ന് മേയ് ഒമ്പതിന് ഇലോണ്‍ മസ്‌ക് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരം ട്വിറ്റര്‍ കൊടുത്തിട്ടില്ല. ഇതിനു പിന്നാലെയാണ് ലോകം ഉറ്റുനോക്കിയ കരാറില്‍ നിന്ന് മസ്‌ക് പിന്മാറിയത്.

Story Highlights: 'Prove that fake accounts are less than five percent'; Elon Musk challenges Twitter CEO

Next Story