Top

മോന്‍സന്‍ മാവുങ്കലിനെ രക്ഷാധികാരി സ്ഥാനത്തുനിന്ന് നീക്കി പ്രവാസി മലയാളി ഫെഡറേഷൻ

പുരാവസ്തു തട്ടിപ്പ് കേസിൽ ഉൾപ്പെട്ടതായുള്ള വാർത്തകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഫെഡറേഷൻ

27 Sep 2021 10:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സന്‍ മാവുങ്കലിനെ രക്ഷാധികാരി സ്ഥാനത്തുനിന്ന് നീക്കി പ്രവാസി മലയാളി ഫെഡറേഷൻ
X

മോന്‍സന്‍ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി സ്ഥാനത്തുനിന്ന് നീക്കി. പുരാവസ്തു തട്ടിപ്പ് കേസിൽ ഉൾപ്പെട്ടതായുള്ള വാർത്തകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഫെഡറേഷൻ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മോന്‍സന്‍ മാവുങ്കലിനെ എറണാകുളം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുരാവസ്തു വിറ്റ വിദേശ പണം ബാങ്കിലുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ നിയമ തടസ്സമുണ്ടെന്നും പറഞ്ഞ് പലരില്‍ നിന്നായി 10 കോടിയോളം രൂപ കൈപറ്റിയെന്നാണ് കേസ്. ഗള്‍ഫ് രാജ്യങ്ങളില്‍ പുരാവസ്തു വിറ്റ് രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയെന്നായിരുന്നു മോന്‍സന്‍ പണം വാങ്ങുന്നവര്‍ക്ക് രേഖാമൂലം കാണിച്ചത്. എന്നാല്‍ ഇവ ബാങ്കിന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജ രേഖയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. വിദേശത്ത് മോന്‍സണ് ബാങ്ക് അക്കൗണ്ടും ഉണ്ടായിരുന്നില്ല.

ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മോശയുടെ അംശ വടി തുടങ്ങിയവ നിരവധി പുരാവസ്തു തന്റെ പക്കലുണ്ടെന്നായിരുന്നു മോന്‍സന്റെ അവകാശ വാദം. എന്നാല്‍ ഈ വസ്തുക്കളെല്ലാം നിര്‍മ്മിച്ചത് ചേര്‍ത്തലയിലുള്ള ആശാരിയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തട്ടിപ്പാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റും ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ പത്താംക്ലാസ് പോലും പാസായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനോട് അടുപ്പമുണ്ടെന്ന ആക്ഷേപം നേരിട്ട ഐജി ലക്ഷ്മണിന് എഡിജിപി മനോജ് എബ്രഹാം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അധികാര പരിധിയില്‍പെടാത്ത വിഷയത്തില്‍ ഇടപെട്ടെന്ന ആരോപണത്തിലാണ് എഡിജിപി വിശദീകരണം തേടിയത്. കേസില്‍ ഇടപെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് രണ്ട് ദിവസത്തിനകം മറുപടി നല്‍കണം എന്നാണ് നിര്‍ദേശം.

Popular Stories

    Next Story