Top

'വിജയ സാധ്യത ഒമ്പത് മണ്ഡലങ്ങളില്‍, മൂന്ന് മണ്ഡലങ്ങള്‍ക്ക് ഒരു കേന്ദ്രമന്ത്രി'; പഞ്ചാബ് പിടിക്കാന്‍ ബിജെപി

9 July 2022 11:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിജയ സാധ്യത ഒമ്പത് മണ്ഡലങ്ങളില്‍, മൂന്ന് മണ്ഡലങ്ങള്‍ക്ക് ഒരു കേന്ദ്രമന്ത്രി; പഞ്ചാബ് പിടിക്കാന്‍ ബിജെപി
X

ചണ്ഡീഗഡ്: പഞ്ചാബില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള പരിപാടികള്‍ക്ക് ബിജെപി തുടക്കമിട്ടു. ഇതിന്റെ ഭാഗമായി മൂന്ന് കേന്ദ്ര മന്ത്രിമാര്‍ ലോകസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തി. കേന്ദ്ര പെട്രോളിയം-നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി അര്‍ജുന്‍ മേഘ്വാള്‍, കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി എന്നിവരാണ് പര്യടനം നടത്തുന്നവര്‍. ഹര്‍ദീപ് സിംഗ് പുരി ബതിന്‍ഡയിലും അര്‍ജുന്‍ മേഘ്വാള്‍ അമൃത്സറിലും സാധ്വി നിരഞ്ജന്‍ ജലന്ധറിലുമാണ് ക്യാമ്പ് ചെയ്യുന്നത്.

പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കാന്‍ ശക്തമായ സാധ്യതയുണ്ടെന്ന് കരുതുന്ന ഒമ്പത് ലോക്സഭാ സീറ്റുകള്‍ കണ്ടെത്തി അവയെ മൂന്ന് ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. മൂന്ന് മണ്ഡലങ്ങള്‍ക്ക് ഒന്ന് വീതം കേന്ദ്ര മന്ത്രിമാരെയാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ആനന്ദ്പൂര്‍ സാഹിബ്, ഹോഷിയാര്‍പൂര്‍, ബതിന്‍ഡ എന്നീ സീറ്റുകളുള്ള ഒരു ക്ലസ്റ്ററിന്റെ ചുമതലക്കാരനായി ഷെഖാവത്തിനെ നിയമിച്ചത്. അമൃത്സര്‍, ജലന്ധര്‍, ഗുരുദാസ്പൂര്‍ എന്നീ സീറ്റുകളുടെ മേല്‍നോട്ടം മേഘ്വാളിനായിരിക്കും. പട്യാല, സംഗ്രൂര്‍, ലുധിയാന എന്നിവിടങ്ങളില്‍ പാര്‍ട്ടി അടിത്തറ ശക്തമാക്കുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ മീനാക്ഷി ലേഖി, ആര്‍.കെ. സിംഗ് എന്നിവരും ഈ മന്ത്രിമാരെ സഹായിക്കുമെന്നും ഇതിനായി 10 കേന്ദ്രമന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്നുമാണ് സൂചന.

ഈ മന്ത്രിമാര്‍ മാസത്തില്‍ ഒരിക്കലെങ്കിലും ഒരു പ്രത്യേക ലോക്സഭാ സെഗ്മെന്റില്‍ 72 മണിക്കൂര്‍ വീതം ചെലവഴിക്കും. കൂടാതെ അവരുടെ ലഭ്യതയനുസരിച്ച് സെഗ്മെന്റുകളില്‍ പര്യടനവും നടത്തും. സംസ്ഥാനത്ത് പാര്‍ട്ടിയെ എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ച് അഭിപ്രായം ആരായുന്നതിന് കേന്ദ്ര മന്ത്രിമാര്‍ പാര്‍ട്ടി നേതാക്കളുമായും ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുമായും 20-ലധികം കൂടിക്കാഴ്ചകള്‍ നടത്തി.

Story Highlight: Possibility of victory in nine constituencies one Union Minister for three constituencies BJP to capture Punjab

Next Story