Top

പരിശീലകൻ അവഹേളിച്ചു, പൈലറ്റ് ട്രെയിനി നാടുവിട്ടു; പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് കുടുംബം

ഏവിയേഷന്‍ അക്കാദമിയിലെ പരിശീലകന്റെ മോശം പെരുമാറ്റത്തിൽ മനംമടുത്ത് ശനിയായാഴ്ച വൈകീട്ടോടെയാണ് പെണ്‍കുട്ടി നാടുവിട്ടത്.

21 May 2022 11:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരിശീലകൻ അവഹേളിച്ചു, പൈലറ്റ് ട്രെയിനി നാടുവിട്ടു; പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് കുടുംബം
X

തിരുവനന്തപുരം: പരിശീലകന്റെ നിരന്തരമായ അവഹേളനത്തിലും മോശം പെരുമാറ്റത്തിലും മനംനൊന്ത് പൈലറ്റ് ട്രെയിനി നാടുവിട്ടു. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ പൈലറ്റ് ട്രെയിനിയായ പെണ്‍കുട്ടിയാണ് നാടുവിട്ടത്. പരിശീലകന്റെ മോശം പെരുമാറ്റത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല എന്ന ആരോപണവും ശക്തമാകുന്നുണ്ട്. അതേസമയം നാടുവിട്ട പെൺകുട്ടിയെ കന്യാകുമാരിയില്‍ കണ്ടെത്തി.

ഏവിയേഷന്‍ അക്കാദമിയിലെ പരിശീലകന്റെ മോശം പെരുമാറ്റത്തിൽ മനംമടുത്ത് ശനിയായാഴ്ച വൈകീട്ടോടെയാണ് പെണ്‍കുട്ടി നാടുവിട്ടത്. നാടുവിടുന്നതിന് മുമ്പ് പെണ്‍കുട്ടി ഇത് സൂചിപ്പിച്ച് ബന്ധുക്കള്‍ക്കും മറ്റും ശബ്ദ സന്ദേശവും അയച്ചിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കള്‍ വലിയതുറ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തിയത്.

പരിശീലന പറക്കലിനിടെ പരിശീലകന്‍ അതിക്രമം നടത്തിയെന്നാരോപിച്ച് പെൺകുട്ടി മാസങ്ങൾക്ക് മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിന്മേൽ പൊലീസ് ഒരു നടപടിയുമെടുത്തില്ല. സംഭവത്തിൽ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയും അധ്യാപകനെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. പരാതി നൽകിയതിന് പിന്നാലെ പരിശീലകനും സഹപാഠികളും നിരന്തരമായി അവഹേളിച്ചിരുന്നതായും പെൺകുട്ടി പറഞ്ഞു.

Story Highlights: Trainer tortured continuously, Pilot Trainee left; Police didn't take any actions on complaint

Next Story