Top

എട്ടു മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയ; നേവിസിന്റെ ഹൃദയം പ്രേംചന്ദിന്റെ ശരീരത്തില്‍ മിടിച്ചു തുടങ്ങി

26 Sep 2021 11:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എട്ടു മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയ; നേവിസിന്റെ ഹൃദയം പ്രേംചന്ദിന്റെ ശരീരത്തില്‍ മിടിച്ചു തുടങ്ങി
X

കോഴിക്കോട്: മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ ഹൃദയം 59-കാരനായ പ്രേംചന്ദിന്റെ ശരീരത്തില്‍ മിടിക്കാന്‍ തുടങ്ങി. മാറ്റിവച്ച ഹൃദയം സ്വന്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗി ഇപ്പോഴും വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണെങ്കിലും പൂർണ ആരോഗ്യവാനാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.

കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ഇന്നലെ രാത്രി ഏഴര മുതല്‍ പുലർച്ചെ മൂന്നര വരെ എട്ടു മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്തക്രിയയിലൂടെയാണ് നേവിസിന്റെ ഹൃദയം കണ്ണൂർ സ്വദേശിയായി പ്രേംചന്ദിന്റെ ശരീരത്തില്‍ വിജയകരമായി വച്ച് പിടിപ്പിച്ചത്.

എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മരണപ്പെട്ട സ്വദേശി നേവിസിന്റെ ഹൃദയം ഇന്നലെ വൈകുന്നേരം 7.15നാണ് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിയത്. എറണാകുളത്ത് നിന്ന് മൂന്ന് മണിക്കൂർ കൊണ്ടാണ് നേവിസിന്‍റെ ഹൃദയവും വഹിച്ചുള്ള ആംബുലൻസ് കോഴിക്കോടെത്തിയത്. 4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്.

25-കാരനായിരുന്ന നേവിസിന്റെ എട്ട് അവയവങ്ങളാണ് ബന്ധുക്കൾ ദാനം ചെയ്തത്. ഹൃദയം, കരൾ, കൈകൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എൻ.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഏറെ വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകീർത്തിച്ചു. അച്ഛൻ സാജൻ മാത്യുവിനേയും അമ്മ ഷെറിനേയും സഹോദരൻ എൽവിസിനേയും സർക്കാരിന്റെ ആദരവ് അറിയിച്ചു.

ഫ്രാൻസിൽ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കൊവിഡ് കാരണം ഇപ്പോൾ ഓൺലൈനായാണ് ക്ലാസ്. കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാൻ വൈകിയിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണർത്താൻ ചെന്നപ്പോൾ അബോധാവസ്ഥയിൽ കിടന്നിരുന്നു. ഉടൻ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നു. ആരോഗ്യ നിലയിൽ വലിയ മാറ്റം വരാത്തതിനാൽ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.

Popular Stories

    Next Story