Top

കണ്ണൂരില്‍ 98കാരന്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു

പ്രഭാതസവാരിക്കിറങ്ങിയ ഗോവിന്ദനെ കാട്ടുപോത്ത് കുത്തിപരുക്കേല്‍പിച്ചു

6 March 2022 5:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂരില്‍ 98കാരന്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു
X

കണ്ണൂര്‍: പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ കോളയാട് കറ്റിയാട് കണിയാംപടിയിലെ പുത്തലത്താന്‍ ഗോവിന്ദനാണ് (98) കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച്ച പുലര്‍ച്ചെ 6:30ഓടെയാണ് സംഭവമുണ്ടായത്. വീടിന് സമീപത്തുള്ള റോഡിലേക്ക് നടക്കാനിറങ്ങിയ ഗോവിന്ദനെ വഴിയില്‍ നില്‍ക്കുകയായിരുന്ന കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.

കാട്ടുപോത്തിന്റെ കുത്തേറ്റ ഗോവിന്ദന് മാരകപരുക്കേറ്റു. തലശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പൊന്നോരാന്‍ നാരായണിയാണ് ഭാര്യ. സതി, വസുമതി, സരോജിനി, പരേതനായ മനോജ് എന്നിവര്‍ മക്കള്‍. മരുമക്കള്‍: പുതുക്കുടി രാഘവന്‍, പരേതനായ ജനാര്‍ദ്ദനന്‍, രാഘവന്‍ തെറ്റുവഴി, പുഷ്പ്. മൃതദേഹം പിന്നീട് സംസ്‌കരിക്കും.

സംസ്ഥാനത്ത് ഈയിടെയായി വന്യജീവികളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ട്. മലയോര-വനമേഖലകളില്‍ താമസിക്കുന്നവര്‍ കാട്ടുപന്നിയുടേയും കാട്ടാനയുടേയും ആക്രമണത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് പല തവണ രംഗത്ത് വന്നിരുന്നു.

Next Story