Top

മദര്‍ തെരേസയുടെ കന്യാസ്ത്രീമാരെ നിക്കരാഗ്വ നാടുകടത്തി; കോസ്റ്റാറിക്കയിലേക്ക് കടന്നത് കാല്‍നടയായി, സംഘത്തില്‍ ഏഴ് ഇന്ത്യക്കാരും

8 July 2022 4:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മദര്‍ തെരേസയുടെ കന്യാസ്ത്രീമാരെ നിക്കരാഗ്വ നാടുകടത്തി; കോസ്റ്റാറിക്കയിലേക്ക് കടന്നത് കാല്‍നടയായി, സംഘത്തില്‍ ഏഴ് ഇന്ത്യക്കാരും
X

മനാഗ്വ: മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തില്‍ നിന്ന് 18 കന്യാസ്ത്രീകളെ കാല്‍നടയായി അതിര്‍ത്തി കടത്തി നിക്കരാഗ്വ സര്‍ക്കാര്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ വിഭാഗവും പൊലീസും ചേര്‍ന്ന് ഇവരെ അതിര്‍ത്തി രാജ്യമായ കോസ്റ്റാറിക്കയിലേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്. 15 വര്‍ഷമായി അധികാരത്തിലിരിക്കുന്ന നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ താല്‍പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

18 കന്യാസ്ത്രീകളില്‍ ഏഴ് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.1988 മുതല്‍ നിക്കരാഗ്വയിലെ ദരിദ്രരെ സേവിക്കുന്നതിനായി പ്രവര്‍ത്തിച്ചുവരുന്ന ഈ സന്യാസിനീസമൂഹം ആതുരശുശ്രൂഷ കേന്ദ്രങ്ങള്‍, അഗതി മന്ദിരങ്ങള്‍, കുട്ടികള്‍ക്കായി നഴ്‌സറികള്‍ എന്നിവ നടത്തിയിരുന്നു. മിഷനറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെ മറ്റ് 100 എന്‍ജിഒ കളുടെയും പിരിച്ചുവിടല്‍ ജൂണ്‍ 29 ന് ദേശീയ അസംബ്ലി അടിയന്തര അടിസ്ഥാനത്തില്‍ യാതൊരു ചര്‍ച്ചയും കൂടാതെ അംഗീകരിച്ചിരുന്നു.

സ്വേച്ഛാധിപത്യത്തിന് നിക്കരാഗ്വയിലെ കത്തോലിക്കാ സഭക്കെതിരെ ഒരു മുന്നണി യുദ്ധമുണ്ടെന്നും സഭയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും ഇല്ലാതാക്കുകയാണ് അതിന്റെ ലക്ഷ്യമെന്നും മിഷനറീസ് ഓഫ് ചാരിറ്റി അഭിഭാഷകന്‍ ആരോപിച്ചു. നിക്കരാഗ്വയിലെ മനുഷ്യാവകാശ ലംഘനങ്ങളെ സഭ പരസ്യമായി എതിര്‍ത്തിരുന്നതാണ് ഇതിന് പ്രധാന കാരണം. കോസ്റ്റാറിക്കയിലേക്ക് എത്തുന്ന കന്യാസ്ത്രീകളെ ഇരും കയ്യും നീട്ടി സ്വീകരിക്കുമെന്ന് തിലറന്‍ - ലൈബീരിയ രൂപതയിലെ ബിഷപ്പ് മാനുവല്‍ യൂജെനിയോ സലാലര്‍ മോറെ അറിയിച്ചു.

Next Story