Top

നിയമസഭാ കയ്യാങ്കളി; സ്പീക്കറുടെ ഡയസിൽ കയറിയത് തങ്ങൾ മാത്രമല്ലെന്ന് പ്രതികൾ

മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് വിടുതൽ ഹർജി നൽകിയത്.

23 Sep 2021 1:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമസഭാ കയ്യാങ്കളി; സ്പീക്കറുടെ ഡയസിൽ കയറിയത് തങ്ങൾ മാത്രമല്ലെന്ന് പ്രതികൾ
X

നിയമസഭാ കൈയ്യാങ്കളി കേസിൽ വി ശിവൻകുട്ടി അടക്കമുള്ളവർ നിയമപരമായി കുറ്റമെന്ന് അറിഞ്ഞു കൊണ്ടാണ് അതിക്രമം കാട്ടിയതെന്ന വാദവുമായി സർക്കാർ. വിടുതൽ ഹർജിയിന്മേലുള്ള വാദത്തിലാണ് സർക്കാർ അഭിഭാഷകൻ്റെ നിലപാട്. അതേസമയം, സ്പീക്കറുടെ ഡയസിൽ കയറിയത് തങ്ങൾ ആറ് പേർ മാത്രമല്ലെന്ന വാദമാണ് പ്രതികൾക്ക്. വിടുതൽ ഹർജിയിൽ അടുത്തമാസം ഏഴിന് കോടതി വിധി പറയും.

നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജി സർക്കാർ അഭിഭാഷകൻ ശക്തമായി എതിർത്തു. പ്രഥമദൃഷ്ട്യാ പ്രതികൾ കുറ്റം ചെയ്തിട്ടുണ്ട്. നിയമപരമായി കുറ്റമെന്ന് അറിഞ്ഞുകൊണ്ടാണ് നിയമസഭയിലെ അക്രമം. പ്രതികളുടെ പ്രവർത്തി നിയമസഭാ ചരിത്രത്തിൽ ആദ്യമാണെന്നും അഭിഭാഷകൻ വാദിച്ചു.

എന്നാൽ സ്പീക്കറുടെ ഡയസിൽ കയറിയത് തങ്ങൾ ആറ് എംഎൽഎമാർ മാത്രമല്ലന്നായിരുന്നു പ്രതിഭാഗത്തിൻ്റെ പ്രധാന വാദം. നിലവിൽ കേസിൽ പ്രതികളല്ലാത്ത തോമസ് ഐസക്കും സുനിൽകുമാറും ബി സത്യനും ഇതിൽ ഉണ്ടായിരുന്നു. സംഘർഷം ഉണ്ടാക്കിയത് വാച്ച് ആൻ്റ് വാർഡായി എത്തിയ പോലീസുകാരാണ്. പുറത്തുവന്ന ദൃശ്യങ്ങളിൽ യാഥാർത്ഥ്യമില്ല. കേസിൽ പോലീസ് മാത്രമാണ് സാക്ഷികളെന്നും, മന്ത്രിമാരേയോ എംഎൽഎമാരെയോ സാക്ഷികളാക്കിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് വിടുതൽ ഹർജി നൽകിയത്.

Popular Stories

    Next Story