Top

യുപിയില്‍ യോഗി തന്നെ, പഞ്ചാബില്‍ കോണ്‍ഗ്രസിന് 'ആപ്പ്'; കെജ്രിവാളിന്റെ ബദല്‍ കോണ്‍ഗ്രസിനെ തകർക്കും: സീവോട്ടര്‍ സര്‍വ്വേ

മൂന്ന് സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കുന്ന എഎപി ഈ പ്രക്രിയയില്‍ കോണ്‍ഗ്രസിന്റെ വീഴ്ചയ്ക്ക് ആക്കം കൂട്ടുമെന്നാണ് സർവ്വേ പ്രവചനം

4 Sep 2021 7:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുപിയില്‍ യോഗി തന്നെ, പഞ്ചാബില്‍ കോണ്‍ഗ്രസിന് ആപ്പ്; കെജ്രിവാളിന്റെ ബദല്‍ കോണ്‍ഗ്രസിനെ തകർക്കും: സീവോട്ടര്‍ സര്‍വ്വേ
X

ന്യൂഡല്‍ഹി: 2021-ല്‍ രാജ്യം കാത്തിരിക്കുന്ന നിര്‍ണ്ണായക നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രീപോള്‍ തെരഞ്ഞെടുപ്പ് പ്രവചനവുമായി എബിപി സീവോട്ടര്‍ സര്‍വ്വേ. യുപി, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബ് ഒഴികെയുള്ള മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് സർവ്വേ പ്രവചനം. യുപിയില്‍ പ്രതിപക്ഷ വിമർശനങ്ങളെയും കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകളെയും മറികടന്ന് യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തുന്നതിനൊപ്പം ഗോവയിലും ഉത്തരാഖണ്ഡിലും അധികാരം നിലനിർത്താന്‍ ബിജെപിക്ക് സാധിക്കുമെന്ന് സർവ്വേ ഫലം പറയുന്നു.

എന്നാല്‍ വോട്ടുശതമാനത്തില്‍ 2017-ലേതിനെ അപേക്ഷിച്ച് ബിജെപിക്ക് ഈ സംസ്ഥാനങ്ങളില്‍ ഇടിവുനേരിടേണ്ടിവരുമെന്നാണ് സർവ്വേ അവകാശപ്പെടുന്നത്. അതേസമയം, ആംആദ്മി പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കാനുള്ള അവസരമാണ് നിലവിലുള്ളതെന്നും സർവ്വേ നിരീക്ഷിച്ചു. മൂന്ന് സംസ്ഥാനങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്ന എഎപി ഈ പ്രക്രിയയില്‍ കോണ്‍ഗ്രസിന്റെ വീഴ്ചയ്ക്ക് ആക്കം കൂട്ടുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.

ഉത്തർപ്രദേശ്

ഉത്തര്‍പ്രദേശില്‍ ആകെ 403 സീറ്റില്‍, 259 -267 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് സർവ്വേ പ്രവചനം. ബിജെപിക്ക് സീറ്റുനേട്ടത്തില്‍ ഇടിവുണ്ടാകുന്ന തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയാണ് വലിയ നേട്ടമുണ്ടാക്കുക. നിലവിലെ 47 സീറ്റുകളില്‍ നിന്ന് എസ്പിക്ക് 107-119 സീറ്റ് വരെ ലഭിക്കാമെന്നാണ് കണക്കു കൂട്ടല്‍. മായാവതിയുടെ ബിഎസ്പി 12-16 സീറ്റുകളുമായി സീറ്റുനിലയില്‍ വലിയ മാറ്റമില്ലാതെ തുടരുമെന്നും കോണ്‍ഗ്രസ് 3-7 സീറ്റുകളുമായി മോശം പ്രകടനം ആവർത്തിക്കുമെന്നും സർവ്വേ പറയുന്നു. 6-10 വോട്ടുകളാണ് യുപിയില്‍ മറ്റ് സ്ഥാനാർത്ഥികള്‍ക്ക് വിജയപ്രതീക്ഷയുള്ളത്.
നേതാക്കളില്‍ യോഗി ആദിത്യനാഥിനെ 40 ശതമാനം പേരും അഖിലേഷ് യാദവിനെ 27 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നു.
പഞ്ചാബ്
പഞ്ചാബിലെ ആകെ 117 സീറ്റില്‍ ഭരണം പിടിക്കാന്‍ 59 സീറ്റ് വേണമെന്നിരിക്കെ ആം ആദ്മി 51 മുതല്‍ 57 സീറ്റുവരെ നേടി ഭരണം അട്ടിമറിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 2017-ലെ 23.7 ശതമാനത്തില്‍ നിന്ന് 35.1 ശതമാനമായി എഎപിയുടെ വോട്ടുവിഹിതം ഉയരുമെന്നാണ് പ്രവചനം. അങ്ങനെയെങ്കില്‍
ഡല്‍ഹിക്ക് പുറത്ത് എഎപി അധികാരത്തിലേറാന്‍ പോകുന്ന രണ്ടാമത്തെ സംസ്ഥാനമായിരിക്കും പഞ്ചാബെന്ന് സർവ്വേ അവകാശപ്പെടുന്നു. ഈ പ്രക്രിയയില്‍ തിരിച്ചടി നേരിടുന്ന പ്രധാന ഭരണകക്ഷിയായ കോണ്‍ഗ്രസ് 38-46 സീറ്റുകളിലേക്ക് ചുരുങ്ങും. 2017-ലെ 38.5 ശതമാനത്തില്‍ നിന്ന് 28.8 ശതമാനത്തിലേക്ക് 10 ശതമാനത്തിനടുത്ത് ഇടിവാണ് കോണ്‍ഗ്രസിനുണ്ടാകുക എന്ന സർവ്വേ പറയുന്നു.
ശിരോമണി അകാലിദള്‍ 16- 24 സീറ്റുകള്‍ നേടുമ്പോള്‍ ബിജെപിക്ക് ഒരു സീറ്റാണ് സർവ്വേ പ്രവചിക്കുന്നത്.
2017 ല്‍ 25.2 ശതമാനമായിരുന്ന എസ്എഡിയുടെ വോട്ട് ഷെയര്‍ 2022 ല്‍ 21.8 ശതമാനമായി കുറയുമെന്നും ബിജെപിയുടെ വോട്ട് വിഹിതം 5.4 ശതമാനത്തില്‍ നിന്ന് 7.3 ശതമാനമായി ഉയരുമെന്നുമാണ് സർവ്വേ അവകാശപ്പെടുന്നത്. കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രതിഷേധം ഈ കണക്കിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും, അകാലിദള്‍ സഖ്യത്തില്‍ നിന്ന് വിട്ട് മത്സരിക്കുന്ന ബിജെപി കഴിഞ്ഞതവണ മത്സരിച്ച 23നേക്കാള്‍ അധികം സീറ്റുകളില്‍ ഇത്തവണ മത്സരിച്ചേക്കുമെന്നതാണ് സർവ്വേ കണക്കുകള്‍ മുന്നേറ്റത്തിന് സാധ്യതയായി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, സർവ്വേയിലെ ആശ്ചര്യജനകമായ മറ്റൊരുഘടകം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിയായി ഏറ്റവുമധികം ജനപ്രീതിയുള്ളത് എന്നതാണ്. 21.6 ശതമാനമാണ് അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത്, എസ്എഡിയുടെ സുഖ്ബീര്‍ ബാദലാണ് 18.8 ശതമാനം പിന്തുണയുമായി പിന്നിലുള്ളത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് 17.9 ശതമാനവും എഎപി എംപി ഭഗവന്ത് മാന് 16.1 ശതമാനവും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദുവിന് 15.3 ശതമാനവുമായിരുന്നു ജനപിന്തുണ. അതേസമയം, എഎപിയും കോണ്‍ഗ്രസും ഇതുവരെ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.
ഗോവ
ഗോവയിലും ബിജെപി മുന്നേറ്റമാണ് സീവോട്ടർ സർവ്വേ പ്രവചിക്കുന്നത്. സംസ്ഥാനത്തെ ആകെ 40 സീറ്റില്‍ 22 -26 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിലേറുമെന്ന് സർവ്വേ പറയുന്നു. കോണ്‍ഗ്രസിന് 3-7 സീറ്റുകളും എഎപിക്ക് 4-8 സീറ്റുകളും ലഭിക്കുന്ന തെരഞ്ഞെടുപ്പില്‍ ആംആദ്മി പാർട്ടി പ്രധാന പ്രതിപക്ഷത്തിന്റെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. പ്രവചനമനുസരിച്ച് തെരഞ്ഞെടുപ്പില്‍ എഎപിയുടെ വോട്ടുവിഹിതം 22.2 ശതമാനവും കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 15.4 ശതമാനവുമായിരിക്കും. മറ്റുള്ളവർ ഗോവയില്‍ 3-7 സീറ്റുകള്‍ വരെയും നേടും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് 13.8 ശതമാനവും ആംആദ്മിയില്‍ നിന്ന് ആരായാലും തൃപ്തരാണെന്നായിരുന്നു മറുപടി നല്‍കിയത്. കോണ്‍ഗ്രസിന്റെ രവി നായിക്കിന് 4.5 ശതമാനവും, ദിഗംബർ കാമത്തിന് 4.5 ശതമാനവും, ലൂയിസിൻഹോ ഫലെറോക്കിന് 3.7 ശതമാനവുമാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണയുള്ളത്.
ഉത്തരാഖണ്ഡ്
സംസ്ഥാനത്തെ ആകെ 70 സീറ്റുകളില്‍ 44 മുതല്‍ 48 സീറ്റുകളുമായി ബിജെപി ആധികാരിക വിജയം നേടുമെന്നാണ് സിവോട്ടർ സർവ്വേ പ്രവചനം. കോണ്‍ഗ്രസ് 19-23 സീറ്റുകള്‍ നേടി മുന്നേറുമെന്നും സർവ്വേ പ്രവചിക്കുന്നു. മത്സര രംഗത്തേക്ക് എത്തുന്ന എഎപി നാല് സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. സര്‍വേ പ്രകാരം, എഎപിക്ക് 14.6 ശതമാനം വോട്ട് വിഹിതം നേടാന്‍ കഴിയും. ഈ നേട്ടത്തില്‍ ബിജെപിക്ക് 3.4 ശതമാനവും, കോണ്‍ഗ്രസിന് 0.9 ശതമാനവും, ബിഎസ്പിയും എസ്പിയുമടക്കമുള്ള മറ്റുളളവർക്ക് 10.3 ശതമാനവും വോട്ടുവിഹിതത്തില്‍ നഷ്ടം വരും. ഒരിക്കലും അധികാരത്തിലുള്ള സര്‍ക്കാര്‍ ആവര്‍ത്തിച്ചിട്ടില്ലാത്ത ഉത്തരാഖണ്ഡില്‍ 2017 -നുശേഷം മൂന്നുതവണയാണ് മുഖ്യമന്ത്രി മാറിയത്.
Next Story