Top

ജാലിയന്‍ വാലാബാഗ് നവീകരണം; ചരിത്രത്തെ തുടച്ചുനീക്കാനുള്ള ശ്രമം

ചരിത്രത്തിലൂടെ കടന്നുപോകുമ്പോഴാണ് നവീകരണത്തിലെ പാളിച്ചകള്‍ എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാവുക.

2 Sep 2021 1:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജാലിയന്‍ വാലാബാഗ് നവീകരണം; ചരിത്രത്തെ തുടച്ചുനീക്കാനുള്ള ശ്രമം
X

ജാലിയന്‍ വാലാബാഗില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നവീകരണപ്രവര്‍ത്തനം വന്‍ വിവാദം ഉയര്‍ത്തുകയാണ്. എന്തുകൊണ്ടാണ് ജാലിയന്‍ വാലാബാഗ് നവീകരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രയേറെ വിമര്‍ശനം കേള്‍ക്കേണ്ടിവന്നതെന്ന് പലകോണില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ജാലിയന്‍ വാലാബാഗില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ കൂട്ടക്കൊലയുടെ ഓര്‍മ്മകള്‍ അവശേഷിപ്പിക്കുന്നതല്ല നവീകരണമെന്നതാണ് പ്രധാന വസ്തുത. രക്തസാക്ഷി മണ്ഡപത്തിന്റെ സ്മരണ പൂര്‍ണ്ണമായും തുടച്ചുമാറ്റുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നവീകരണ പ്രവര്‍ത്തനമെന്നാണ് വിലയിരുത്തല്‍. ആയിരകണക്കിന് പേരാണ് ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ പോരാടി ജനറല്‍ ഡയറിന്റെ തോക്കിന് ഇരയാക്കപ്പെട്ടത്. പുതിയ വിവാദത്തിന്റെ പാശ്ചാത്തലത്തില്‍ ജാലിയന്‍ വാലാബാഗിന്റെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോഴാണ് നവീകരണത്തിലെ പാളിച്ചകള്‍ എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാവുക.

ജാലിയന്‍ വാലാബാഗിലെ ദാരുണ സംഭവം 1919ലാണ് നടക്കുന്നത്. റൗലറ്റ് നിയമത്തിനെതിരെ ബ്രിട്ടീഷ് സര്‍ക്കാര്‍ ആ വര്‍ഷം പഞ്ചാബില്‍ നിന്ന് വന്‍ പ്രതിഷേധം നേരിടുകയായിരുന്നു. റൗലറ്റ് നിയമം ബ്രിട്ടീഷ് സര്‍ക്കാരിന് ആരേയും വാറണ്ടും വിചാരണയും കൂടാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം നല്കിയിരുന്നു. അതിനിടെയാണ് ഏപ്രില്‍ 11ന് ജനറല്‍ മൈക്കേല്‍ ഒ ഡ്വയര്‍ അമൃതസറിലും ലാഹോറിലും പുതിയ സൈനിക നിയമം കൊണ്ടുവരുന്നത്. എന്നാല്‍ നിയമം സംബന്ധിച്ച ഉത്തരവ് അമൃതസറിലേക്ക് എത്തിച്ചേരുന്നത് ഏപ്രില്‍ 14ന് മാത്രമാണ്. ജലന്തര്‍ കന്റോണ്‍മെന്റിന്റെ ചുമതലയുള്ള ജനറല്‍ ഡയറിന് ഇതോടൊപ്പം അമൃതസറിന്റെ ചുമതല കൂടി നല്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം താല്‍ക്കാലികമായി ബ്രിഗേഡിയര്‍ ജനറല്‍ പദവി കൂടി ജനറല്‍ ഡയറിന് കല്പ്പിച്ചുകൊടുക്കുകയും ചെയ്തു. ഏപ്രില്‍ 13ന് നാലില്‍ കൂടുതല്‍ പേര്‍ സംഘം ചേരുന്നത് നിരോധിച്ചുകൊണ്ട് ജനറല്‍ ഡയറിന്റെ സൈന്യം പ്രദേശത്തെ പ്രധാന നഗരങ്ങളിലെല്ലാം മാര്‍ച്ച് ചെയ്തു. എന്നാല്‍ അന്ന് ബൈശാഖി ആഘോഷിക്കാന്‍ സിഖ് മതവിശ്വാസികള്‍ സുവര്‍ണ ക്ഷേത്രത്തിലേക്ക് കൂട്ടമായി എത്തിച്ചേര്‍ന്നു. റൗലറ്റ് നിയമത്തിനെതിരെ പ്രതിഷേധിച്ച ഡോക്ട്ടര്‍ സത്യപാലിനേയും ഡോക്ട്ടര്‍ സൈഫുദ്ദീന്‍ കിച്ച്‌ലൂവിനേയും അറസ്റ്റ് ചെയ്ത നടപടിയില്‍ ജാലിയന്‍ വാലാബാഗില്‍ വൈകീട്ട് നാലുമണിക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനമുണ്ടായിരുന്നു.

ജാലിയന്‍ വാലാബാഗ് ഒരു ചതുര്‍ഭുജാകൃതിയിലുള്ള കെട്ടിടമാണ്. അതിനുള്ളില്‍ ഒരു കിണറും ഉണ്ട്. അതിനു ചുറ്റും വളരെ ഉയര്‍ന്നു നില്ക്കുന്ന കെട്ടിടങ്ങളും ചെറിയ ഇടനാഴികളുമാണ് ഉണ്ടായിരുന്നത്. നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആയിരകണക്കിനാളുകളാണ് ഏപ്രില്‍ 13ന് വൈകുന്നേരം ജാലിയന്‍ വാലാബാഗില്‍ തടിച്ചുകൂടിയത്. ഏകദേശം അഞ്ചുമണിയോടെ ജനറല്‍ ഡയര്‍ അന്‍പതോളം സൈനികരുമായി ജാലിയന്‍ വാലാബാഗിലേക്ക് മാര്‍ച്ച് ചെയ്ത് എത്തിച്ചേര്‍ന്നു. 303 ലീ എന്‍ഫീല്‍ഡ് വെടിയുണ്ടകളും റൈഫിളുകളുമായാണ് ജനറല്‍ ഡയറിന്റെ നേതൃത്വത്തിലുള്ള പട്ടാളക്കാര്‍ ജാലിയന്‍ വാലാബാഗില്‍ എത്തിച്ചേര്‍ന്നത്. പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പൊന്നും കൊടുക്കാതെ ജനറല്‍ ഡയര്‍ പട്ടാളക്കാര്‍ക്ക് വെടിവെക്കാന്‍ നിര്‍ദേശം നല്കുകയായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ 1650 റൗണ്ട് തവണ വെടിയുതിര്‍ക്കപ്പെട്ടു. ആദ്യ വെടിയുതിര്‍ത്തപ്പോള്‍ തന്നെ ജനങ്ങള്‍ ജാലിയന്‍ വാലാബാഗില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് ജാലിയന്‍ വാലാബാഗില്‍ നിരവധി പേര്‍ മരിച്ചുവീണു. ബ്രിട്ടന്റെ കണക്ക് പ്രകാരം 376പേരാണ് കൊല്ലപ്പെട്ടത്. 9 വയസ്സ് മുതല്‍ 80 വയസ്സ് വരെ പ്രായമുള്ളവര്‍ അവിടെ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ജാലിയന്‍ വാലാബാഗില്‍ കൊല്ലപ്പെട്ടത് ആയിരത്തോളം പേരാണെന്നാണ് ഇന്ത്യന്‍ ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നത്. പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ട 21 കാരനായ ഉദ്ദം സിങ് തന്നെയാണ് ലണ്ടനില്‍ വെച്ച് 1942ല്‍ ജനറല്‍ മൈക്കേല്‍ ഒ ഡ്വയറിനെ വധിച്ചത്.


ജാലിയന്‍ വാലാബാഗിലെ കൂട്ടക്കുരുതി ഒരുകൊടുങ്കാറ്റായാണ് രാജ്യത്തെ പിടിച്ചുലച്ചത്. മഹാകവി രബീന്ദ്രനാഥ് ടാഗോര്‍ ബ്രിട്ടന്റെ ആദരമായ നൈറ്റ്ഹുഡ് പദവി തിരിച്ചുകൊടുത്തു. ചരിത്രത്തില്‍ ജാലിയന്‍ വാലാബാഗിന് സമമായി ഒരു സംഭവവുമില്ലെന്ന് ടാഗോര്‍ പ്രസ്താവിച്ചു. ജാലിയന്‍ വാലാബാഗ് സംഭവത്തിനെ തുടര്‍ന്ന് മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്താനം തുടങ്ങി. ബ്രിട്ടീഷ് മുന്‍പ്രധാനമന്ത്രി വിന്‍സ്റ്റന്റ് ചര്‍ച്ചിലും കടുത്ത ഭാഷയില്‍ലാണ് ആ കൂട്ടക്കുരുതിക്കെതിരെ രംഗത്തുവന്നത്. ഇന്ത്യന്‍ സ്വതന്ത്ര്യസമര ചരിത്രത്തിന്റെ ചിത്രം തന്നെ ആ കൂട്ടക്കുരുതി മാറ്റിമറിച്ചു.

ജാലിയന്‍ വാലാബാഗിന്റെ രക്ത രൂക്ഷിതമായ ചരിത്രം നീക്കം ചെയ്യാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അതൊരു വസ്ത്രവ്യാപാര കേന്ദ്രമാക്കി. എന്നാല്‍ മഹാത്മാഗാന്ധിയുടേയും മദന്‍ മോഹന്‍ മാളവ്യയുടേയും നേതൃത്വത്തില്‍ ജാലിയന്‍ വാലാബാഗ് രക്ത സാക്ഷി സ്മാരകമായി സംരക്ഷിക്കുന്നതിന് രാജ്യമെമ്പാടു നിന്നും ഫണ്ട് ശേഖരണം നടത്തി. തുടര്‍ന്ന് ഉടമസ്ഥാനായ ഹിമ്മത് സിങില്‍ നിന്ന് 192ാ ആഗസ്തില്‍ ജാലിയന്‍ വാലാബാഗിന് വേണ്ടി സ്വരൂപിച്ച ഫണ്ട് നല്കി വാങ്ങുകയായിരുന്നു. കൂട്ടക്കുരുതി നടക്കുന്ന സമയത്ത് ജാലിയന്‍ വാലാബാഗില്‍ ഉണ്ടായിരുന്ന ശാസ്തി ചരണ്‍ മുഖര്‍ജിയായിരുന്നു ഇക്കാര്യത്തില്‍ ആദ്യം മുതല്‍ മുന്നിട്ടറങ്ങിയത്. അതുകൊണ്ട് തന്നെ ജാലിയന്‍ വാലാബാഗിന്റെ ആദ്യ കെയര്‍ ടേക്കറായും പ്രവര്‍ത്തിച്ചത് മുഖര്‍ജി തന്നെയായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം 1951ല്‍ ജാലിയന്‍ വാലാബാഗ് ദേശീയ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് അമ്മേരിക്കന്‍ ശില്പ്പി ബെഞ്ചമിന്‍ പോള്‍ക്ക് രൂപംകൊടുത്ത സ്വതന്ത്ര്യത്തിന്റെ ജ്വാല ജാലിയന്‍ വാലാബാഗില്‍ സ്ഥാപിക്കപ്പെട്ടു. 1961ലാണ് പ്രധാനമന്ത്രി അധ്യക്ഷനായ ട്രസ്റ്റ് രൂപം കൊള്ളുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍, പഞ്ചാബ് മുഖ്യമന്ത്രി, ഗവര്‍ണര്‍, കേന്ദ്ര സാംസ്‌ക്കാരിക മന്ത്രി ,ലോക്‌സഭയിലെ പ്രതിപക്ഷ കക്ഷി നേതാവ് എന്നിവരാണ് ട്രസ്റ്റിലെ മറ്റംഗങ്ങള്‍.


ജാലിയന്‍ വാലാബാഗില്‍ പിന്നീട് പല കാലങ്ങളിലായി പല അറ്റക്കുറ്റപ്പണികളും നടന്നു. എന്നാല്‍ ഇടുങ്ങിയ പാത നൂറുവര്‍ഷമായി ഒരു മാറ്റവും കൂടാതെ സംരക്ഷിക്കപ്പെടുകയായിരുന്നു. ജനറല്‍ ഡയറിന്റെ സൈനികര്‍ തോക്കുകളുമായി മാര്‍ച്ച് ചെയ്ത് വന്ന ഇടനാഴിക ചരിത്രത്തിന്റെ കറുത്ത ഒരുദിനത്തിന് സാക്ഷ്യം വഹിച്ചതിന്റെ ശേഷിപ്പായി കാഴ്ച്ചക്കാര്‍ നോക്കിക്കണ്ടു. എന്നാല്‍ കഴിഞ്ഞവര്‍ഷം ജൂലായില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നവീകരണപ്രവര്‍ത്തനം മാറ്റം വരുത്തിയത് രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ ഉണരുന്ന സ്മാരകത്തിന്റെ പ്രധാനകേന്ദ്രത്തെ തന്നെയാണ്. ഇടനാഴികള്‍ നവീകരിച്ച് ചുവര്‍ചിത്രങ്ങള്‍ ചിത്രീകരിക്കുന്ന വലിയ ഗ്യാലറിയാക്കി അതിനെ മാറ്റിമറിച്ചു. ബ്രിട്ടീഷുകാര്‍ ജാലിയന്‍ വാലാബാഗില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കാതെ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തത് ഈ ചെറിയ പാതയില്‍ നിന്നാണ്. ഇതിലൂടെ രക്ഷപ്പെടാനാകാതെയാണ് ആയിരങ്ങള്‍ വെടിവെപ്പില്‍ മരിച്ചുവീണത്. ഇന്നവിടെ വര്‍ണാഭമായ കാഴ്ച്ചകളാണ് നവീകരണത്തിലൂടെ നിര്‍മ്മിച്ചെടുത്തിരിക്കുന്നത്. തിളക്കമുള്ള പുതിയ നിലങ്ങള്‍, പ്രതിമകളില്‍ പക്ഷികള്‍ ഇരിക്കുന്നത് തടയാന്‍ പാതി മറച്ച രീതിയിലാണ് ഇടുങ്ങിയ പാത ഇപ്പോള്‍ വിശാലമാക്കിയിരിക്കുന്നത്.

അതേ സമയം സാമൂഹിക മാധ്യമങ്ങളില്‍ ജാലിയന്‍ വാലാബാഗിന്റെ ഇപ്പോഴത്തേയും മുന്‍പത്തേയും ഫോട്ടോകള്‍ പലരും പങ്കുവെച്ചിട്ടുണ്ട്. ചരിത്രത്തെ തന്നെ തുടച്ചുനീക്കാനുള്ള ശ്രമമായാണ് പലരും ജാലിയന്‍ വാലാബാഗിലെ ഇപ്പോഴത്തെ നവീകരണത്തെ കാണുന്നത്. ചരിത്രപരമായും പൈതൃകപരമായും പ്രാധാന്യമുള്ള പ്രദേശങ്ങള്‍ പാര്‍ക്ക് പോലെ തരംതാഴ്ത്തരുതെന്ന് പൈതൃകസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവനര്‍ത്തിക്കുന്ന സിആര്‍സിഐ ഡയക്ട്ടര്‍ ഗുര്‍മീത് റായ് സംഗ അഭിപ്രായപ്പെട്ടു. ബ്രിട്ടന്റെ ഇന്ത്യയിലെ പതനത്തിന് തുടക്കം കുറിച്ചത് ജാലിയന്‍ വാലാബാഗ് സംഭവമായിരുന്നു. പ്രതിമകള്‍ സ്ഥാപിച്ച് വെറും പാര്‍ക്കിന്റെ സംവിധാനത്തിലേക്ക് സ്മാരകം മാറ്റിയതില്‍ പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശനം ഉയര്‍ത്തുന്നത് ഇക്കാരണം കൊണ്ടുതന്നെയാണ്.

Next Story

Popular Stories