Top

'ന്യൂനപക്ഷത്തെ കരുതിയിരിക്കണം'; മലയാളികളെ അധിക്ഷേപിച്ച യൂണിവേഴ്സിറ്റി പ്രൊഫസർ ഓൺലൈനിലെ 'വർ​ഗീയ വാദ്യാർ'

ഭൂരിപക്ഷത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളെയാണ് ഇന്ത്യയിൽ മതേതരത്വം എന്ന് വിളിക്കുന്നതെന്നാണ് ഒരു ട്വീറ്റ്

7 Oct 2021 8:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂനപക്ഷത്തെ കരുതിയിരിക്കണം; മലയാളികളെ അധിക്ഷേപിച്ച യൂണിവേഴ്സിറ്റി പ്രൊഫസർ ഓൺലൈനിലെ വർ​ഗീയ വാദ്യാർ
X

കേരളത്തിൽ നിന്നും പഠിക്കാനെത്തുന്നു വിദ്യാർത്ഥികൾക്കെതിരെ മാർക് ജിഹാദ് ആരോപണം ഉന്നയിച്ച ‌ ഡൽഹി സർവകലാശാലാ പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയ്ക്കെതിരെ വ്യാപക വിമർശനമാണ് കേരളത്തിൽ നിന്നും ഉയരുന്നത്. വംശീയച്ചുവയുള്ള പരാമർശമാണ് പ്രൊഫസർ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. ആരാണ് രാകേഷ് കുമാർ പാണ്ഡെയെന്ന് സമൂഹ മാധ്യമങ്ങളിൽ തിരയുന്നവരും നിരവധിയാണ്.

ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ കിരൊരി കോളേജിലെ ഫിസിക്സ് അസോസിയേറ്റ് പ്രൊഫസറാണ് രാകേഷ് കുമാർ പാണ്ഡെ. ആർഎസ്എസുമായി ബന്ധമുള്ള അധ്യാപക സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രന്റിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. നേരത്തെയും വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. സംഘപരിവാർ അനുകൂല ട്വീറ്റുകളാണ് ഇദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഭൂരിഭാ​ഗവും. ഭൂരിപക്ഷത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളെയാണ് ഇന്ത്യയിൽ മതേതരത്വം എന്ന് വിളിക്കുന്നതെന്നാണ് ഒരു ട്വീറ്റ്.

മുസ്ലിം വിഭാ​ഗത്തിനെതിരെയുള്ള നിരവധി പോസ്റ്റുകൾ ഇദ്ദേഹം റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. ന്യൂനപക്ഷം ഹിന്ദുക്കളല്ലെങ്കിൽ അവരെ വിശ്വസിക്കരുതെന്നാണ് രാകേഷ് പാണ്ഡെയുടെ തന്നെ ഒരു ട്വീറ്റ്. സിഎഎ പ്രക്ഷോഭകർക്കെതിരെരായ പോസ്റ്റുകൾ, ഡൽഹി കലാപം സംബന്ധിച്ച പോസ്റ്റുകൾ തുടങ്ങിയവും ഇദ്ദേഹത്തിന്റെ ട്വിറ്റർ‍ അക്കൗണ്ടിൽ കാണാം.



കേരളത്തിലെ വിദ്യാർത്ഥികൾക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം,

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ കൈപ്പിടിയിലാക്കാൻ കേരളത്തിൽ നിന്നും മാർക് ജിഹാദ് നടക്കുന്നുണ്ടെന്നാണ് രാകേഷ് കുമാർ പാണ്ഡെയുടെ ആരോപണം. ഇടതുപക്ഷ കേന്ദ്രമായി അറിയപ്പെടുന്ന കേരളം എല്ലാ കുട്ടികൾക്കും ആവശ്യത്തിലധികം മാർക്ക് നൽകി ഡൽഹി യൂണിവേഴ്സിറ്റിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുള്ള ശ്രമം നടത്തുകയാണെന്ന് രാകേഷ് കുമാർ പാണ്ഡെ സനൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കേരളത്തിൽ നിന്നെത്തുന്ന കുട്ടികൾക്ക് ഹിന്ദിയിലോ ഇം​ഗ്ലീഷിലോ സംസാരിക്കാൻ പറ്റുന്നില്ല. എന്നിട്ടും ഇവർ ഇത്തരം യൂണിവേഴ്സിറ്റികൾ തെരഞ്ഞെടുക്കുന്നതിന് പിന്നിൽ ​ഗൂഡാലോചനയുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിനു​ദാഹരണായി ചൂണ്ടിക്കാട്ടുന്നത് ജെഎൻ.യു സർവകലാശാലയാണ്. ഇടതുപക്ഷം ജെഎൻയു കൈയ്യടക്കിയതു പോലെ ഡൽഹി സർവകലാശാലയും കൈയടക്കാനുള്ള ശ്രമമാണെന്ന് രാകേഷ് പാണ്ഡെ പറയുന്നു.

"വിദ്യാർത്ഥികൾക്ക് കേരള ബോർഡ് 100 ശതമാനം മാർക്ക് നൽകുന്ന പ്രതിഭാസം സാധാരണല്ല. ഈ വിദ്യാർത്ഥികൾക്ക് ഹിന്ദിയിലോ ഇം​ഗ്ലീഷിലോ സംസാരിക്കാൻ പറ്റുന്നില്ല. പക്ഷെ അവർ ഡൽഹി യൂണിവേഴ്സിറ്റിയെ തെരഞ്ഞെടുക്കുന്നു. ഇതിനു പിന്നിൽ ​​ഗൂഢാലോചനയും ആസൂത്രണവും ഉണ്ട്. കേരളം ഇടതുപക്ഷ ഹബ്ബായാണ് അറിയപ്പെടുന്നത്. ജെഎൻയു അവരുടെ നിയന്ത്രണത്തിലാണ്. പക്ഷെ ഡൽഹി യൂണിവേഴ്സിറ്റിയിെ അവർക്ക് കൈപ്പിടിയിലാക്കാനായിട്ടില്ല. വിദ്യാർത്ഥികൾക്ക് 100 ശതമാനം മാർക്ക് ലഭിച്ചാൽ ഡൽഹി യൂണിവേഴ്സിറ്റിയിലേക്കെത്താൻ എളുപ്പമാണെന്ന് അവർക്കറിയാം. അവരത് ചെയ്യുന്നതിന് എന്തെങ്കിലും കാരണമുണ്ടാവും," സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനു പിന്നാലെ രാകേഷ് പാണ്ഡെ പ്രതികരിച്ചതിങ്ങനെയാണ്.

Next Story