Top

ട്വിറ്റർ ബയോയില്‍ നിന്ന് ബിജെപിയെ 'ഒഴിവാക്കി' വരുണ്‍ ഗാന്ധി; പ്രചാരണത്തിന്റെ സത്യാവസ്ഥ എന്ത്

വരുണ്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിന്റെ സൂചനയാണിതെന്നും ചിലർ അവകാശപ്പെട്ടു

7 Oct 2021 2:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്വിറ്റർ ബയോയില്‍ നിന്ന് ബിജെപിയെ ഒഴിവാക്കി വരുണ്‍ ഗാന്ധി; പ്രചാരണത്തിന്റെ സത്യാവസ്ഥ എന്ത്
X

ലംഖിപൂര്‍ ഖേരിയില്‍ കൊലപ്പെട്ട കര്‍ഷകര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന് പിന്നാലെ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും പുറത്തായ വരുണ്‍ ഗാന്ധി ബിജെപി വിടാനൊരുങ്ങുന്നതായി പ്രചാരണം. ഈ നീക്കത്തിന്റെ ആദ്യ പടിയായി തന്റെ ട്വിറ്റർ ബയോയില്‍ നിന്ന് 'ബിജെപി'യെ എംപി ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഇത് മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്ന വരുണ്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിന്റെ സൂചനയാണെന്നും ചിലർ അവകാശപ്പെട്ടു. എന്നാല്‍ സത്യാവസ്ഥ അതാണോ?

ട്വിറ്ററിലും ഫേസ്ബുക്കിലും വൈറലായ ഈ പ്രചാരണം തീര്‍ത്തും വ്യജമാണെന്നതാണ് സത്യം. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി വരുണ്‍ ഗാന്ധിയുടെ ട്വിറ്ററില്‍ ബിജെപിയില്ല. ട്വിറ്റര്‍ ഉപയോക്താക്കളുടെ പ്രൊഫൈല്‍ മാറ്റങ്ങള്‍ ട്രാക്കുചെയ്യുന്ന സ്പൂണ്‍ബില്‍ പ്രകാരം 2014 ഒക്ടോബറിലെ 14 ന് തന്നെ ബയോയിലെ ബിജെപിയെ വരുണ്‍ ഗാന്ധി ഒഴിവാക്കിയിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അപ്രീയനായ വരുണ്‍ ഗാന്ധി ദേശീയ ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഇക്കാലയളവിലാണ് അദ്ദേഹം ബയോയില്‍ മാറ്റം വരുത്തിയത്. ഇതിനുശേഷം പിന്നീട് ഒരു ഘട്ടത്തിലും പാര്‍ട്ടിയുടെ പേര് വരുണ്‍ ഗാന്ധി ബയോയില്‍ ഉപയോഗിച്ചിട്ടില്ല.


ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഇന്ന് പുറത്തുവിട്ട 80 അംഗ നിര്‍വ്വാഹക സമിതിയുടെ പട്ടികയില്‍ നിന്നുമാണ് വരുണ്‍ ഗാന്ധിയെയും മനേക ഗാന്ധിയെയും ഒഴിവാക്കിയത്. ലഖിംപൂര്‍ ഖേരിയില്‍ ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ കുറ്റാരോപിതനായ കര്‍ഷക വേട്ടയില്‍ കുറ്റാക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വരുണ്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു നീക്കമെന്നത് വലിയ ചർച്ചയ്ക്കും തുടക്കമിട്ടിരുന്നു.

ലഖിംപൂരില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം ഉളളുലയ്ക്കുന്നതാണെന്ന് നേരത്തെ പ്രതികരിച്ച വരുണ്‍ ഗാന്ധി കര്‍ഷകര്‍ക്ക് നേരെ മനപ്പുര്‍വ്വം വാഹനം ഇടിച്ചു കയറ്റുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും രംഗത്തെത്തിയിരുന്നു. 'ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭത്തിനിടയിലേക്ക് കാര്‍ മനപൂര്‍വ്വം കയറ്റിയതാണെന്ന് ഈ വീഡിയോയില്‍ വളരെ വ്യക്തമാണ്. പ്രക്ഷോഭകരെ കൊലപാതകത്തിലൂടെ നിങ്ങള്‍ക്ക് നിശബ്ദരാക്കാന്‍ കഴിയില്ല. നിരപരാധികളായ കര്‍ഷകരുടെ രക്തം ചൊരിഞ്ഞതില്‍ നിങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. ക്രൂരതയുടെ സന്ദേശം ഓരോ കര്‍ഷകരുടെയും ഉള്ളിലേക്ക് എത്തുന്നതിന് മുമ്പ് നീതി നടപ്പാക്കണം.' എന്നും ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ഈ വർഷം ജൂണിലും വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് പോകുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ പൂർണ്ണമായി തള്ളിയായിരുന്നു എംപിയുടെ പ്രതികരണം.

Next Story