Top

യുപി കർഷക വേട്ട; അജയ് മിശ്ര രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ബിജെപി

അപകടമുണ്ടാക്കിയ വാഹനം തന്റേതാണെന്ന് സമ്മതിച്ച മന്ത്രി മകന്റെ പങ്കാളിത്തം പൂർണ്ണമായി തള്ളിയാണ് ആദ്യഘട്ടം മുതല്‍ പ്രതികരിച്ചത്.

6 Oct 2021 11:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുപി കർഷക വേട്ട; അജയ് മിശ്ര രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ബിജെപി
X

ന്യൂഡല്‍ഹി: യുപി ലഖിംപുര്‍ ഖേരിയിലെ കര്‍ഷകരുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ആരോപണ വിധേയനായ കേന്ദ്രമന്ത്രിയെ കെെവിടാതെ ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന തീരുമാനമുണ്ടായത്. അക്രമം നടന്ന സ്ഥലത്ത് താനോ മകനോ ഉണ്ടായിരുന്നില്ലെന്ന് കൂടിക്കാഴ്ചയിലും മന്ത്രി ആവർത്തിച്ചതായാണ് വിവരം. ഈ പശ്ചാത്തലത്തില്‍ അന്വേഷണം നടക്കട്ടെ എന്ന നിലപാടിലാണ് ബിജെപി.

നേരത്തെ രാജിയുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. 'ഞാന്‍ എന്തിനാണ് രാജിവെക്കുന്നത്? ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു സമ്മർദ്ദവുമില്ല, നടന്നതെന്താണെന്ന് അന്വേഷണം നടത്തി, ഇതിന് പിന്നില്‍ ഗൂഢാലോചന നടത്തിയവർക്കെതിരെ നടപടിയെടുക്കും' എന്നായിരുന്നു അജയ് മിശ്ര പറഞ്ഞത്.

ഇക്കഴിഞ്ഞ ഒക്ടോബർ മുന്നിനായിരുന്നു ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരുടെ ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹമിടിച്ച് കയറി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ ഒമ്പത് പേര് കൊല്ലപ്പെട്ടത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം കയറ്റിയതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നു. തുടർന്ന് ആശിഷ് മിശ്രയുള്‍പ്പെടെ 14 പേര്‍ക്കെതിരെ യുപി പൊലീസ് കൊലക്കുറ്റം ചുമത്തുകയും ചെയ്തു.

അതേസമയം, അപകടമുണ്ടാക്കിയ വാഹനം തന്റേതാണെന്ന് സമ്മതിച്ച മന്ത്രി മകന്റെ പങ്കാളിത്തം പൂർണ്ണമായി തള്ളിയാണ് ആദ്യഘട്ടം മുതല്‍ പ്രതികരിച്ചത്. സംഭവ സമയത്ത് ആശിഷ് മിശ്ര ബാന്‍ബിര്‍പൂര്‍ ഗ്രാമത്തിലെ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഏറ്റവും ഒടുവില്‍ കർഷകർക്കിടയിലേക്ക് പാഞ്ഞുകയറിയ വാഹനത്തിലുണ്ടായിരുന്ന ഒരാളെ സംഭവ സ്ഥലത്ത് വെച്ച് പൊലീസ് ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ ഈ വാദം പൊളിഞ്ഞിരുന്നു.

കർഷകരെ ഇടിച്ച വാഹനവ്യൂഹത്തിലാരൊക്കെയുണ്ടെന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നാണ് ആദ്യം മറുപടി ഇയാള്‍ പൊലീസ് പിന്നെയും ചോദിച്ചപ്പോൾ അവരെല്ലാം ഭയ്യയുടെ ആൾക്കാരാണെന്നാണ് മറുപടി പറഞ്ഞത്. ഭയ്യ എന്ന് കൊണ്ട് ആഷിഷ് മിശ്രയെയാണ് ഇയാൾ സൂചിപ്പിച്ചതാണെന്നാണ് റിപ്പോർട്ട്.

Next Story

Popular Stories