Top

ലഖിംപൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം നല്‍കണം; അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി അജയ് മിശ്ര

മകന്‍ ആശിഷ് മിശ്ര സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് അജയ് മിശ്രയുടെ നിലപാട്

4 Oct 2021 8:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഖിംപൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം നല്‍കണം; അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി അജയ് മിശ്ര
X

ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ വിവാദ പരാമര്‍ശവുമായി കേന്ദ്ര മന്ത്രി അജയ് മിശ്ര. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം കയറ്റിയതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുകയും അപകടത്തില്‍ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയും ചെയ്യുന്നതിനിടെയാണ് അജയ് മിശ്രയുടെ പുതിയ പരാമര്‍ശം.

തന്റെ മകന്‍ ആശിഷ് മിശ്ര സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് അജയ് മിശ്ര ടെനിയുടെ നിലപാട്. മകനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സംഭവം നടക്കുമ്പോള്‍ മകന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ കൊല്ലപ്പെടുമായിരുന്നു. കര്‍ഷരാണ് ആക്രമണത്തിന് മുതിര്‍ന്നത് എന്നാണ് മന്ത്രിയുടെ നിലപാട്. ബിജെപി പ്രവര്‍ത്തകരെ കര്‍ഷകര്‍ വടികളും വാളുകളും ഉപയോഗിച്ച് ആക്രമിക്കുകയും വകവരുത്തുകയുമായിരുന്നു. പുറത്ത് വന്ന വീഡിയോകളില്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദം കേള്‍ക്കാം. സംഭവത്തില്‍ സിബിഐ, എസ്‌ഐടി അല്ലെങ്കില്‍ സിറ്റിങ്/റിട്ടയേര്‍ഡ് ജഡ്ജി അന്വേഷിക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. സംഭവത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെയും കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ നല്‍കണമെന്നും അജയ് മിശ്ര ടെനി ആവശ്യപ്പെട്ടു.



ലഖിംപൂരിലെ സംഭവത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തുവന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ യുപി ഭവനു മുമ്പില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു കൊണ്ടിരിക്കുകയാണ്. കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് ഗാന്ധിപ്പൂരിലെ ദേശീയ പാതയിലൂടെയുളള ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യം സംയുക്ത കിസാന്‍ മോര്‍ച്ച ഉയര്‍ത്തിട്ടുണ്ട്. മരിച്ച കര്‍ഷകരുടെ മൃതദേഹവുമായി കര്‍ഷകര്‍ റോഡില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ലഖിംപൂര്‍ ഖേരിയില്‍ ഇന്നലെ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരുടെ ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹമിടിച്ച് കയറ്റി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ ഒമ്പത് പേര് മരിച്ചിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ രാം കശ്യപ് എന്ന മാധ്യമപ്രവര്‍ത്തകനും ഇന്ന് മരിച്ചിരുന്നു. സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുള്‍പ്പെടെ 14 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ആശിഷ് മിശ്രയാണ് കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം കയറ്റിയതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നു. എന്നാല്‍ സംഭവ സമയത്ത് താന്‍ സ്ഥലത്തില്ലായിരുന്നുവെന്നും താന്‍ ബാന്‍ബിര്‍പൂര്‍ ഗ്രാമത്തിലെ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നുവെന്നും ആശിഷ് മിശ്ര പറഞ്ഞിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ വെറുതെ വിടില്ലെന്ന് നേരത്തേ ആശിഷ് മിശ്ര പ്രഖ്യാപിച്ചിരുന്നു.

Next Story

Popular Stories