Top

ട്വിറ്റർ ഇന്ത്യ എം ഡിയെ സ്ഥലം മാറ്റി

13 Aug 2021 1:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്വിറ്റർ ഇന്ത്യ എം ഡിയെ സ്ഥലം മാറ്റി
X

ട്വിറ്റർ ഇന്ത്യ എം ഡിയെ സ്ഥലം മാറ്റി. ട്വിറ്ററിന്‍റെ ഇന്ത്യന്‍ വിഭാഗം മേധാവിയായിരുന്ന മനീഷ് മഹേശ്വരിയെയാണ് സ്ഥലം മാറ്റിയത്. അമേരിക്കയില്‍ റവന്യു സ്ട്രാറ്റജി വിഭാഗത്തിൽ സീനിയർ ഡയറക്ടറായാണ് പുതിയ നിയമനം. ട്വിറ്ററും കേന്ദ്ര സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സ്ഥലം മാറ്റമെന്നതും ശ്രദ്ധേയമാണ്.

പുതിയ ഐ ടി നിയമവുമായി ബന്ധപ്പെട്ട് ട്വിറ്ററും കേന്ദ്ര സർക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ വ്യാപകമായിരുന്നു. ട്വിറ്ററിന്‍റെ പ്രശ്നപരിഹാര വിംഗില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനെ തന്നെ നിയമിക്കണമെന്ന കേന്ദ്ര വാദത്തെ ചൊല്ലിയായിരുന്നു പ്രതിഷേധം അണപൊട്ടിയത്. തുടർന്ന് കേന്ദ്ര നിലപാട് അംഗീകരിക്കാന്‍ തയ്യാറാണെന്ന് ട്വിറ്റർ വ്യക്തമാക്കുകയായിരുന്നു. വിവിധ നേതാക്കളുടെ ഉള്‍പ്പെടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനെതിരെയും ട്വിറ്റർ പ്രതിക്കൂട്ടില്‍ നിന്നിരുന്നു.

ഒടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകളും ട്വിറ്റർ മരവിപ്പിക്കുകയുണ്ടായി. ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചെന്നാരോപിച്ചായിരുന്നു രാഹുലിന്‍റെ അക്കൗണ്ടിനെതിരെ ട്വിറ്ററിന്‍റെ നടപടി. അതേസമയം ട്വിറ്റർ ദേശീയ രാഷ്ട്രീയത്തില്‍ കൈകടത്തല്‍ നടത്തുകയാണെന്നും രാഹുല്‍ ആരോപണം ഉയർത്തിയിരുന്നു.

Next Story