Top

മമതക്ക് ഇന്ന് നിര്‍ണായക ദിനം; വോട്ടെണ്ണലിലേക്ക് കടന്ന് ഭവാനിപൂര്‍

മമത 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

3 Oct 2021 2:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മമതക്ക് ഇന്ന് നിര്‍ണായക ദിനം; വോട്ടെണ്ണലിലേക്ക് കടന്ന് ഭവാനിപൂര്‍
X

പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പ് നടന്ന ഭവാനിപൂരില്‍ ഇന്ന് വോട്ടെണ്ണല്‍. ഇന്ന് രാവിലെ 8നാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. മണ്ഡലത്തില്‍ 21 റൗണ്ടായാണ് വോട്ടെണ്ണല്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഭാവി തീരുമാനിക്കുന്ന ഈ തെരഞ്ഞെടുപ്പ് ഫലം തൃണമൂല്‍ കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്.

ബിജെപി സ്ഥാനാര്‍ഥി പ്രയങ്ക ട്രിബ്രേവാളും, സിപിഎം സ്ഥാനാര്‍ഥി ശ്രീജിബ് ബിശ്വാസുമായിരുന്നു മമതയുടെ എതിര്‍സ്ഥാനാര്‍ഥികള്‍. നന്ദിഗ്രാമില്‍ തോറ്റ മമതക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരണമെങ്കില്‍ ആറ് മാസത്തിനുളളില്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെടണം.

മമത 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. അതേസമയം പ്രിയങ്ക ട്രിബ്രേവാള്‍ ഭവാനിപൂര് പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. നിയമാസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ സീറ്റ് നഷ്ടപ്പെട്ട മമതക്ക് ഈ ഉപതെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്.

നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ഭവാനിപൂരിലെ ഉപതെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ബിജെപി നേതാവ് ദിലീപ് ഘോഷ് അടക്കമുളളവരുടെ ഈ ആവശ്യം ഹൈക്കോടതി തളളിയിരുന്നു. കഴിഞ്ഞ നിയമാസഭാ തെരഞ്ഞെടുപ്പ് മുതല്‍ സംഘര്‍ഷ ഭരിതമാണ് പശ്ചിബംഗാള്‍ രാഷ്ട്രീയം. കേന്ദ്രസേനയുടെ 24 കമ്പനി സേനയെ സുരക്ഷക്കായി ഭവാനിപൂരിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വിന്യാസിച്ചിട്ടുണ്ട്

Next Story