കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്?; 'വരുംദിവസങ്ങളില്‍ നിര്‍ണായക തീരുമാനം'
പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ തന്നെ ചര്‍ച്ച നടക്കുന്നുണ്ട്.
14 Sep 2021 2:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പ്രമുഖ സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റുമായി കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. കനയ്യ കുമാര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.
എല്ലാം നേരായ രീതിയില്‍ പോയാല്‍ രാഹുല്‍ ഗാന്ധിയുമായി കനയ്യ കുമാര്‍ കൂടിക്കാഴ്ച നടത്തും. ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തീരുമാനം വരുംദിവസങ്ങൡ തന്നെ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൈക്കമാന്‍ഡ് രാഷ്ട്രീയ ഉപദേഷ്ടാവ് പ്രശാന്ത് കിഷേറിന്റെ നീക്കമാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്.
കനയ്യയെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ തന്നെ ചര്‍ച്ച നടക്കുന്നുണ്ട്. യുവാക്കള്‍ക്കിടയില്‍ താരമായ കനയ്യ കുമാര്‍ പാര്‍ട്ടിയിലേക്ക് എത്തുന്നത് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതേസമയം, സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ തീരുമാനത്തെ എങ്ങനെ സ്വീകരിക്കുമെന്നും കോണ്‍ഗ്രസിന് ആശങ്കയുണ്ട്.
ബിഹാറിലെ സിപിഐ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്നത് മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഇന്ദുഭൂഷണുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ദേശീയ നിര്‍വാഹക സമിതിയില്‍ പരസ്യമായി ശാസിച്ചതോടെയാണ് കനയ്യ കുമാറിന് നേതൃത്വവുമായുള്ള അകല്‍ച്ച വര്‍ധിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയുമായും കനയ്യ സ്വരച്ചേര്‍ച്ചയില്ലായ്മയുണ്ട്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി കനയ്യ കുമാര്‍ മത്സരിച്ചിരുന്നു. ബിജെപി നേതാവ് ഗിരിരാജ് സിംഗിനോടാണ് അന്ന് കനയ്യ പരാജയപ്പെട്ടത്. അതിന് ശേഷം പൊതുവേദികളില്‍ നിന്ന് കനയ്യ വിട്ടുനിന്നിരുന്നു.