'നിരോധിത പുസ്തകം കൈവശം വച്ചാല്‍, മുദ്രാവാക്യം വിളിച്ചാല്‍ യുഎപിഎ ചുമത്താനാവുമോ'; എന്‍ഐഎയോട് സുപ്രീംകോടതി
23 Sep 2021 5:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിരോധിത പുസ്തകം കൈവശം വയ്ക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്താല്‍ എങ്ങനെയാണ് യുഎപിഎ വകുപ്പില്‍ കേസെടുക്കുന്നത് എന്ന് സുപ്രീം കോടതി. പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടെയാണ് സുപ്രീം കോടതി ദേശീയ അന്വേഷണ ഏജന്‍സിയോട് സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ചത്. ബുധനാഴ്ചയായിരുന്നു കോടതി കേസ് പരിഗണിച്ചത്.
മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം ആരോപിച്ച് കോഴിക്കോട് നിന്ന് അറസ്റ്റിലായ നിയമ വിദ്യാര്‍ത്ഥിയായ അലന് ഷുഹൈബിന് വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് സ്ഥിരീകരിച്ച കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യ്ത് കൊണ്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍. ജസ്റ്റിസുമാരായ അജയ് റസ്തോഗി, അഭയ് ശ്രീനിവാസ് ഓഖ, എന്നവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പന്തീരങ്കാവ് യുഎപിഎ കേസില്‍ വിചാരണ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത കേസിലെ മറ്റൊരു പ്രതിയായ ജേര്‍ണലിസം വിദ്യാര്‍ത്ഥി ത്വാഹ ഫസല്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ മുന്നിലെത്തിയിരുന്നു.
ഒരു വ്യക്തിയില്‍ നിരോധിത സാഹിത്യം കണ്ടെടുത്താല്‍, നിരോധിത സംഘടനയിയില്‍ അംഗത്വം, മുദ്രാവാക്യം വിളികള്‍ എന്നിവയുടെ പേരില്‍ യുഎപിഎ നിയമപ്രകാരം കുറ്റം ചുമത്താനാകുമോ എന്നായിരുന്നു സുപ്രീം കോടതി ദേശീയ അന്വേഷണ ഏജന്‍സിയോട് ചോദിച്ചത്. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) മായുള്ള ബന്ധം ആരോപിച്ചായിരുന്നു അലന് ഷുഹൈബ്, താഹ ഫസല്‍ എന്നീവര്‍ക്കെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്തത്.
ഒരു വ്യക്തിയുടെ വീട്ടില്‍ കണ്ടെത്തിയ വസ്തുക്കളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഭീകര സംഘടനയിലെ അംഗമാണെന്ന് നിങ്ങള്‍ക്ക് അനുമാനിക്കാന്‍ കഴിയുമെന്നാണോ പറയുന്നത്?. നിങ്ങളുടെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ മാസങ്ങളോളം തടവില്‍ കിടന്നിട്ടുണ്ടോ? പ്രതികള്‍ കുറ്റകരമായ പ്രവര്‍ത്തികള്‍ നടത്തിയെന്ന് തെളിയിക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ എവിടെയാണെന്നും 'ജസ്റ്റിസ് റസ്തോഗി ചോദിച്ചു.
ഇതിന് മറുപടി പറഞ്ഞ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ജമ്മു കശ്മീരിനെ സ്വാതന്ത്ര്യമാക്കുന്നതിനും സായുധ വിപ്ലവത്തിനും പ്രേരിപ്പിക്കുന്ന പുസ്തകത്തിന് ഒപ്പം ധാരാളം ഇലക്ട്രോണിക് തെളിവുകളും പ്രതികളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. 15 മാവോയിസ്റ്റ് അനുകൂല നോട്ടീസുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, അറിയപ്പെടുന്ന ഒരു 'സെമിഅണ്ടര്ഗ്രൗണ്ട്' മാവോയിസ്റ്റ് നേതാവുമായി ഇരുവരും രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പിടിയിലായത്. 'ഒരു വിദ്യാര്‍ത്ഥിക്ക് നിരോധിത സംഘടനയുടെ 15 നോട്ടീസുകളോ നിരോധിത സംഘടനയിലെ അംഗങ്ങളുമായി കൂടിക്കാഴ്ചകളോ ഉണ്ടാകില്ല. ഈ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ പ്രതികള്‍ ഇത്തരം സംഘടനയില്‍ അംഗമാണെന്ന് അനുമാനിക്കാം'. എന്നാല്‍ മാവോയിസ്റ്റ് സംഘടനയില്‍ ഒരു വ്യക്തിയുടെ അംഗത്വം കാണിക്കുന്ന സ്ലിപ്പുകള്‍ അന്വേഷണ ഏജന്‍സി ഹാജരാക്കുമെന്ന് കോടതിക്ക് പ്രതീക്ഷിക്കാനാവില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
അതിനിടെ, അലന് ഷുഹൈബ് താഹ ഫസല്‍ എന്നിവരുടെ പ്രായം സംബന്ധിച്ചും ഇന്നലെ കോടതിയില്‍ ചര്‍ച്ച ഉയര്‍ന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേസെടുക്കുമ്പോള്‍ കേസെടുക്കുമ്പോള്‍ അലന് ഷുഹൈബിന് 19തും, താഹ ഫസലിന് 23 വയസുമായിരുന്നു പ്രായം. എന്നാല്‍, തീവ്രവാദത്തിന് പ്രായമില്ലെന്നായിരുന്നു എന്‍ഐഎ ഇക്കാര്യത്തില്‍ നല്കിയ മറുപടി. പ്രതികള്‍ കൗമാരക്കാരായ ആണ്‍കുട്ടികളാണ്, തീവ്രവാദത്തിന് പ്രായ പരിധിയില്ല, നക്സലേറ്റുകളും മാവോയിസ്റ്റുകളും കുശാഗ്ര ബുദ്ധിയുള്ളവരാണ് എന്നുമായിരുന്നു എന്‍ഐഎ സ്വീകരിച്ച നിലപാട്. എന്‍ഐഎ കുറ്റപത്രത്തില്‍ യുവാക്കള്‍ക്കെതിരേ ചുമത്തിയിരുന്ന യുഎപിഎ സെക്ഷന്‍ 20 എന്തിന് ഒഴിവാക്കിയെന്നും സുപ്രീം കോടതി ചോദിച്ചു.