' എങ്കില്‍ നീ ബ്രാഹ്മണനല്ല, പിന്നെ എന്നോട് മിണ്ടിയില്ല'; ഋഷി കപൂറിനെക്കുറിച്ച് ശശി തരൂര്‍
ഈ സംഭവത്തിന് ശേഷമാണ് ശശി തരൂര്‍ തന്റെ ജാതി നായരാണെന്ന് അറിയുന്നത്
12 Aug 2021 7:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അന്തരിച്ച ബോളിവുഡ് നടന് ഋഷി കപൂറുമായുള്ള സ്കൂള്‍ പഠനകാലത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് ശശി തരൂര്‍. ഋഷി കപൂര്‍ കാരണമാണ് തന്റെ ജാതി നയരാണെന്ന് തിരിച്ചറിഞ്ഞതെന്ന് ശശി തരൂര്‍ പറഞ്ഞു. തനിക്ക് വളരെയേറെ നല്ല ഓര്‍മ്മകള്‍ നല്കിയ കാലഘട്ടമായിരുന്നു കാംപിയോണ്‍ സ്കൂളിലേത് എന്ന് ശശി തരൂര്‍ പറയുന്നു.
'സ്കൂളിലെ നാടകവേദികളില്‍ വിലസുന്ന കാലത്താണ് സഹപാഠിയായ ഋഷി കപൂര്‍ എന്നോട് ഒരു ചോദ്യം ചോദിച്ചത്. നിന്റെ ജാതി എന്താണ്? ഞാന്‍ അന്തം വിട്ടു പോയി. ഈ ചോദ്യത്തിലേക്ക് ഋഷിയെ നയിച്ചത് ക്ലാസില്‍ നടന്ന ചില സംഭവങ്ങളാണ്. ഞാന്‍ ഒരിക്കല്‍ ഒരു തമാശ കവിത ചൊല്ലി കുട്ടികളെ ചിരിപ്പിക്കുകയും ചില പരിപാടികളുടെ മാസ്റ്റര്‍ ആയി കൈയ്യടി വാങ്ങുകയും ചെയ്തു. ഇതില്‍ കൗതുകമോ ഈര്ഷ്യയോ തോന്നിയ ഋഷി എന്നോട് ചോദിച്ചതാണ് ഈ ചോദ്യം,' ശശി തരൂര്‍ പറഞ്ഞു.
അച്ഛന് എന്നോട് ജാതിയെക്കുറിച്ചോ മതത്തെക്കുറിച്ചോ ഒന്നും പറഞ്ഞു തരാത്തതിനാല്‍ എനിക്കറിയില്ലെന്നാണ് ശശി തരൂര്‍ മറുപടി നല്‍കിയത്. എന്നാല്‍ ഋഷി കപൂര്‍ വിട്ടില്ല. ' എല്ലാവര്ക്കും അവരുടെ ജാതി അറിയാമല്ലോ, നിനക്കെന്താ അറിയാത്തത് എന്നായിരുന്നു അവന്റെ ചോദ്യം. എനിക്കറിയില്ല എന്ന് തുറന്നു പറഞ്ഞപ്പോള്‍ എങ്കില്‍ നീ ബ്രാഹ്മമണനായിരിക്കില്ല എന്നു പറഞ്ഞ് ഋഷി പോയി. അവന് പിന്നെ എന്നോട് മിണ്ടിയിട്ടില്ല,' ശശി തരൂര്‍ പറഞ്ഞു.
ഈ സംഭവത്തിന് ശേഷമാണ് ശശി തരൂര്‍ തന്റെ ജാതി നായരാണെന്ന് അറിയുന്നത്. തന്റെ അച്ഛന് പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിക്കുമ്പോള്‍ തന്റെ ജാതിപ്പേര് ഉപേക്ഷിച്ചതാണ്. അതിനു ശേഷം അദ്ദേഹം ജാതിപ്പേരോ മതമോ എങ്ങും സൂചിപ്പിച്ചിരുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.