Top

ഖേല്‍രത്‌ന പുനര്‍നാമകരണം പ്രതികാരപരവും ദുരുദ്ദേശപരവുമെന്ന് ശിവസേന; 'രാജീവ് ഗാന്ധിയുടെ ത്യാഗം അവഹേളിക്കപ്പെടരുത്'

രാജീവ് ഗാന്ധിയുടെ ത്യാഗം അവഹേളിക്കപ്പെടാതെ തന്നെ ഹോക്കി ഇതിഹാസമായ മേജര്‍ ധ്യാന്‍ചന്ദ് ആദരിക്കപ്പെടണമെന്നും സേന വ്യക്തമാക്കി.

9 Aug 2021 6:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഖേല്‍രത്‌ന പുനര്‍നാമകരണം പ്രതികാരപരവും ദുരുദ്ദേശപരവുമെന്ന് ശിവസേന; രാജീവ് ഗാന്ധിയുടെ ത്യാഗം അവഹേളിക്കപ്പെടരുത്
X

രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡിന്റെ പുനര്‍നാമകരണം പ്രതികാരപരവും ദുരുദ്ദേശപരവുമാണെന്ന് ശിവസേന. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡിന് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന അവാര്‍ഡെന്ന് കേന്ദ്രസര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തത് വെറും രാഷ്ട്രീയ നേട്ടത്തിന് മാത്രമാണെന്നും ശിവസേന അഭിപ്രായപ്പെട്ടു. ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ഖേല്‍രത്‌ന അവാര്‍ഡിന്റെ പുനര്‍നാമകരണത്തില്‍ സേന കേന്ദ്രസര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചത്.

രാജീവ് ഗാന്ധിയുടെ ത്യാഗം അവഹേളിക്കപ്പെടാതെ തന്നെ ഹോക്കി ഇതിഹാസമായ മേജര്‍ ധ്യാന്‍ചന്ദ് ആദരിക്കപ്പെടണമെന്നും സേന വ്യക്തമാക്കി. രാജ്യം ടോക്യോ ഒളിപിക്‌സിന്റെ സുവര്‍ണ നിമിഷങ്ങളിലൂടെ കടന്നുപോകുകയാണ്. അതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചത് പലരേയും വേദനിപ്പിച്ചെന്ന് സേന സൂചിപ്പിച്ചു. പല പ്രമുഖ കളിക്കാര്‍ക്കും രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അവരാരും രാജീവ് ഗാന്ധിയുടെ പേരില്‍ അവാര്‍ഡ് നല്കിയതിനെ എതിര്‍ത്തിട്ടില്ലെന്ന് പൊതുജനതാത്പ്പര്യത്തിലാണ് പുനര്‍നാമകരണം ചെയ്തതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ തള്ളികളഞ്ഞുകൊണ്ട് സേന മുഖപത്രം വിശദീകരിച്ചു.

രാജീവ് ഗാന്ധിയെപ്പോലെ രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ഒരാളുടെ പേര് തുടച്ചുനീക്കി മേജര്‍ ധ്യാന്‍ചന്ദിന്റെ പേരില്‍ അവാര്‍ഡ് നല്കുന്നത് ധ്യാന്‍ചന്ദിന് ബഹുമതിയല്ലെന്നും ശിവസേന ചൂണ്ടിക്കാണിച്ചു. ഇത് വെറുപ്പിന്റെ രാഷ്ട്രീയം മാത്രമാണെന്നും സേന മുഖപത്രം അഭിപ്രായപ്പെട്ടു.

Next Story