Top

റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല; റിപ്പോ 4 ശതമാനം, റിവേഴ്‌സ് റിപ്പോ 3.5

ജൂൺ മാസത്തിലെ സ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ സാമ്പത്തിക രംഗം ഒട്ടേറെ മെച്ചപ്പെട്ടതായി റിസർവ് ബാങ്ക് ഗവർണർ അഭിപ്രായപ്പെട്ടു

6 Aug 2021 8:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല; റിപ്പോ 4 ശതമാനം, റിവേഴ്‌സ് റിപ്പോ 3.5
X

റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകൾ ഇത്തവണയും മാറ്റമില്ലാതെ തന്നെ തുടരുമെന്ന് റിസർവ് ബാങ്ക് പണനയ അവലോകന സമിതി. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്കുകൾ 3.5 ശതമാനമായുമാണ് തുടരുക. കൊവിഡ് മഹാമാരിയിൽ നിന്നും രാജ്യം ഇതുവരെ മോചനം നേടിയിട്ടില്ലാത്ത പശ്ചാത്തലത്തിൽ രാജ്യത്തെ മൊത്തം സാമ്പത്തിക രംഗത്തിന് ഉണർവ് പകരാനാണ് വായ്പാ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുന്നതെന്നും സമിതി അറിയിച്ചു. ജൂൺ മാസത്തിലെ സ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ സാമ്പത്തിക രംഗം ഒട്ടേറെ മെച്ചപ്പെട്ടതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് അഭിപ്രായപ്പെട്ടു. രാജ്യം വിലക്കയറ്റ ഭീഷണിയുടെ വക്കിലാണെങ്കിലും കാത്തിരുന്ന് നിരീക്ഷിക്കുക എന്ന നിലപാടാണ് റിസർവ് ബാങ്ക് ഇപ്പോൾ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് കൊവിഡ് കാലത്ത് തുടർച്ചയായി ഏഴാം തവണയും വായ്പ നിരക്കുകളിൽ മാറ്റമില്ലാതെ നിലനിർത്തിയത്. നിക്ഷേപങ്ങൾക്കും റിയൽ എസ്റ്റേറ്റ് വ്യവസായങ്ങളുടെ വളർച്ചയ്ക്കും അനുകൂലമായ കാലാവസ്ഥയാണ് നിലവിലുള്ളതെന്നും അതിനെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും പണനയ അവലോകന സമിതി വിലയിരുത്തി. കഴിഞ്ഞ യോഗത്തിൽ നിന്നും വ്യത്യസ്തമായി ഒരു സവിശേഷ സാഹചര്യവും പുതിയതായി സാമ്പത്തിക രംഗത്ത് രൂപപ്പെട്ടിട്ടില്ലെന്നും സമിതി അഭിപ്രായപ്പെട്ടു.

ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ 6 .26 ശതമാനവും മെയ് മാസത്തിൽ 6 .30 ശതമാനവുമായിരുന്നു ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. 2020 മെയ് 22നായിരുന്നു അവസാനമായി നയപ്രകാരമുള്ള നിരക്കുകളിൽ വ്യത്യാസമുണ്ടായത്.

Next Story