Top

കൊവിഡ് വാക്‌സിനേഷനിലെ വിഴ്ച്ച; കേന്ദ്ര സര്‍ക്കാരിനെ രാജ്യവിരുദ്ധരെന്ന് വിളിക്കാനാകുമോ എന്ന് രഘുറാം രാജന്‍

ജിഎസ്ടി നടപ്പാക്കിയത് തീര്‍ത്തും ഉല്‍പാദനക്ഷമതയില്ലാത്ത പ്രവര്‍ത്തനമാണെന്നും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു.

15 Sep 2021 9:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് വാക്‌സിനേഷനിലെ വിഴ്ച്ച; കേന്ദ്ര സര്‍ക്കാരിനെ രാജ്യവിരുദ്ധരെന്ന് വിളിക്കാനാകുമോ എന്ന് രഘുറാം രാജന്‍
X

കൊവിഡ് വാക്സിനേഷനിലെ കേന്ദ്ര സര്‍ക്കാര്‍ വീഴ്ച്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡോക്ടര്‍ രഘുറാം രാജന്‍. ആദ്യഘട്ടത്തില്‍ വാക്‌സിനേഷനിലുണ്ടായ മോശം പ്രകടനത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ രാജ്യവിരുദ്ധരെന്ന് വിളിക്കാന്‍ കഴിയുമോയെന്ന് രഘുറാം രാജന്‍ ചോദിച്ചു. എന്‍ഡിടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുന്‍ ആര്‍ബിഐ ഗവര്‍ണറുടെ പ്രതികരണം.

ഇന്‍ഫോസിസ് കൈകാര്യം ചെയ്യുന്ന നികുതിയുമായി ബന്ധപ്പെട്ട് വെബ്സൈറ്റില്‍ ചില സാങ്കതിക തടസ്സങ്ങള്‍ വന്നതില്‍ കമ്പനിക്കെതിരെ ആര്‍എസ്എസ് എത്തിയതിന് പിന്നാലെയായിരുന്നു രഘുറാം രാജന്റെ പ്രതികരണം. വെബ്സൈറ്റിലെ പിഴവുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ആര്‍എസ്എസ് പ്രസിദ്ധീകരണത്തിന്റെ ആരോപണം. ദേശദ്രോഹ പ്രവൃത്തിയാണ് ഇന്‍ഫോസിസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന ആര്‍എസ്എസ് ഭാഷ്യത്തെ ചൂണ്ടിക്കാട്ടിയ അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് നയത്തിലെ ആദ്യഘട്ട വീഴ്ച്ചകള്‍ രാജ്യദ്രോഹപരമെന്ന് വ്യാഖ്യാനിക്കുമോയെന്നും ചോദിച്ചു.

ജിഎസ്ടി നടപ്പാക്കിയത് തീര്‍ത്തും ഉല്‍പാദനക്ഷമതയില്ലാത്ത പ്രവര്‍ത്തനമാണെന്നും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. വാക്സിനുകളുടെ കാര്യത്തില്‍ ആദ്യഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്ല പ്രവര്‍ത്തനമല്ല കാഴ്ച്ചവെച്ചിരുന്നത്. ഇതില്‍ രാജ്യദ്രോഹം ആരോപിക്കാന്‍ കഴിയുമോയെന്നും എന്നാല്‍ അത് കേന്ദ്രസര്‍ക്കാരിന് സംഭവിച്ച അബദ്ധമായാണ് വ്യാഖ്യാനിക്കുക. അതുപോലെ തന്നെ അബദ്ധങ്ങള്‍ എല്ലാവര്‍ക്കും സംഭവിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെബ്സൈറ്റില്‍ വന്ന പിശകുകള്‍ ഉടന്‍ പരിഹരിക്കണമെന്ന് കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മലാസീതാരാമന്‍ ഇന്‍ഫോസിസിനോട് ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി രഘുറാം രാജന്‍ എത്തിയത്. മുന്‍ ആര്‍ബിഐ ഗവര്‍ണറായ രഘുറാം രാജന്‍ നിലവില്‍ ചിക്കാഗോ സര്‍വ്വകലാശലയില്‍ അധ്യാപകനാണ്.

Popular

    Next Story