Top

ചുറ്റും വളഞ്ഞ് യുപി പൊലീസ്, കൈയ്യേറ്റ ശ്രമം; പതറാതെ പ്രിയങ്ക; ദൃശ്യങ്ങൾ പുറത്ത്

'നിങ്ങൾക്കൊരു സ്ത്രീയോട് സംസാരിക്കാൻ പറ്റുന്നില്ല. പകരം അദ്ദേഹത്തെ അടിക്കുകയാണ്'

4 Oct 2021 4:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചുറ്റും വളഞ്ഞ് യുപി പൊലീസ്, കൈയ്യേറ്റ ശ്രമം; പതറാതെ പ്രിയങ്ക; ദൃശ്യങ്ങൾ പുറത്ത്
X

യുപി ലഖിംപൂരിൽ പ്രതിഷേധ മാർച്ചിനിടെ വാഹനം കയറി മരിച്ച കർഷകരുടെ കുടുംബത്തെ കാണാൻ പോയ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയെ സീതാപൂരിൽ വെച്ച് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. വൻ പൊലീസ് സന്നാഹത്തെയാണ് പ്രിയങ്കയെയും സംഘത്തെയും തടയാൻ വിന്യസിച്ചത്. പ്രിയങ്കയുടെ ചുറ്റും വളഞ്ഞ പൊലീസുകാർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും പ്രിയങ്ക പിൻമാറാൻ തയ്യാറായില്ല. വാറണ്ട് ഇല്ലാതെ എന്നെ അറസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് അധികാരമില്ലെന്നാണ് പ്രിയങ്ക പ്രതികരിച്ചത്.

'നിങ്ങൾ, നിങ്ങൾ പ്രതിരോധിക്കുന്ന സർക്കാർ കൊന്നവരേക്കാൾ പ്രധാനപ്പെട്ടയാളല്ല ഞാൻ. ലീ​ഗൽ വാറണ്ട് തരൂ അല്ലെങ്കിൽ ഞാനിവിടെ നിന്നും പോവില്ല. നിങ്ങളെന്നെ തൊടില്ല,' രോഷത്തോടെ പ്രിയങ്ക പറയുന്നു.

ഇടയ്ക്ക് തനിക്കെതിരെ ബലം പ്രയോ​ഗിക്കാൻ ശ്രമിച്ച പൊലീസുകാരനും പ്രിയങ്ക മറുപടി നൽകുന്നുണ്ട്. 'അറസ്റ്റ് വാറണ്ടില്ലാതെ ഞാൻ ഇവിടെ നിന്നും പോവില്ല. നിങ്ങളെന്ന ഈ കാറിലേക്ക് കൊണ്ടു പോയാൽ ‍ഞാൻ നിങ്ങൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ് നൽകും. മുഴുവൻ പൊലീസുകാർക്കെതിരെയുമായിരിക്കില്ല കേസ്. പക്ഷെ നിങ്ങൾക്കെതിരെയായിരിക്കും,' പ്രിയങ്ക പറയുന്നു.

പ്രിയങ്കയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ ഇവർക്കൊപ്പം വന്ന കോൺ​ഗ്രസ് നേതാവ് ദീപേന്ദർ ഹൂഡയും പൊലീസിനോട് ശബ്ദിക്കുന്നത് വീഡിയോയിൽ കാണാം. ഇയാളെ ഒരു കൂട്ടം പൊലീസുകാർ ബലമായ പിടിച്ച് പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നു. ഇത് തടയാൻ പ്രിയങ്ക ശ്രമിക്കുന്നുണ്ട്. 'നിങ്ങൾക്കൊരു സ്ത്രീയോട് സംസാരിക്കാൻ പറ്റുന്നില്ല. പകരം അദ്ദേഹത്തെ അടിക്കുകയാണ്', പ്രിയങ്ക വീഡിയോയിൽ പറയുന്നു.

പ്രിയങ്ക ​ഗാന്ധിക്കെതിരെ നടന്ന അതിക്രമത്തിനെതിരെ ഉത്തർപ്രദേശ് കോൺ​ഗ്രസ് രം​ഗത്തു വന്നിട്ടുണ്ട്. പ്രിയങ്കയുടെ വസ്ത്രം കീറിക്കളയാൻ ശ്രമിച്ചെന്നും കൈ പിടിച്ച് തിരിച്ചെന്നും കോൺ​ഗ്രസ് ആരോപിച്ചു. തങ്ങളുടെ പോരാട്ടം തുടരുമെന്നും ഉത്തർപ്രദേശ് കോൺ​ഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു.

സംഭവ സ്ഥലത്തെ ചില ദൃശ്യങ്ങൾ


Next Story