പെട്രോളും ഡീസലും ജിഎസ്ടിക്ക് പുറത്ത് തന്നെ; അനുയോജ്യമായ സമയമല്ലെന്ന് ധനമന്ത്രി
17 Sep 2021 4:09 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പെട്രോളിയം ഉല്പന്നങ്ങള് ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള ഉചിതമായ സമയമല്ല ഇപ്പോഴെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ലോക്ഡൗണും കോവിഡ് പ്രതിസന്ധിയും നിലനില്ക്കുന്നതില് ഇപ്പോള്‍ ഈ വിഷയം പരിഗണിക്കേണ്ടതില്ലെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിലപാട് എടുത്തു. പെട്രോളിയം ഉല്പന്നങ്ങള് ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് ഇന്ന് ലക്നൗവില്‍ നടന്ന 45ാം ജിഎസ്ടി കൗണ്‍സില്‍ യോഗം പരിഗണിച്ചിരുന്നു.
എന്നാല്‍, വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന പൊതുഅഭിപ്രായമാണ് കൗണ്‍സിലില്‍ ഉയര്‍ന്നത്. വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ അഭിപ്രായ സമന്വയമുണ്ടാകട്ടെ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും. പെട്രോളിയം ഉല്പന്നങ്ങള് ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയം കൗണ്‍സില്‍ പരിശോധിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് വിഷയം പരിഗണിച്ചു. എന്നാല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പെട്രോളിയം ഉല്പന്നങ്ങള് വേണ്ടെന്ന് വ്യക്തമാക്കി. ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയിക്കുമെന്നും യോഗത്തിന് ശേഷം ധനമന്ത്രി വ്യക്തമാക്കി.
കേരളവും മഹാരാഷ്ട്രയും അടക്കം ബിജെപി ഇതരപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഒപ്പം ഉത്തര്‍ പ്രദേശും നിര്‍ദേശത്തിന് എതിരായ നിലപാടാണ് എടുത്തത്. നികുതി വരുമാനത്തിലെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ രംഗത്ത് എത്തിയത്. 32 ഉല്‍പ്പന്നങ്ങളുടെയും 29 സേവനങ്ങളുടെയും നികുതി നിരക്ക് പരിഷ്കരിക്കുന്നതുള്പ്പെടെയാണ് ഇന്ന് ജിഎസ്ടി കൗണ്‍സില്‍ പരിഗണിച്ചത്.
അതേസമയം, അപൂര്‍വ ജനിതക രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളെ ചരക്ക് സേവന നികുതിയില്‍ നിന്നും ഒഴിവാക്കി. സോള്‍ജെന്‍സ്മ, വില്‍ടെപ്സോ പോലുള്ള വലിയ വിലയുള്ള മരുന്നുകളെയാണ് ചരക്ക് സേവന നികുതിയില്‍ നിന്നും ഒഴിവാക്കിയത്. ലഖ്നൗവില്‍ ചേര്‍ന്ന 45 മത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെതാണ് തീരുമാനം. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട മസ്കുലര്‍ അട്രോഫി ചികില്‍സയ്ക്കാവശ്യമായ മരുന്നിന് 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വ്യാപകമായി കേരളം ഉള്‍പ്പെടെ നേരത്തെ രംഗത്ത് എത്തിയിരുന്നു. പിന്നാലെയാണ് കൗണ്‍സില്‍ തീരുമാനം.
കോവിഡ് ചികില്‍സയുമായി ബന്ധപ്പെട്ട മരുന്നുകളുടെ ജിഎസ്ടി നിരക്കുകള്‍ നല്കിയ ഇളവുകളും ദീര്‍ഘിപ്പിച്ചു. 2021 ഡിസംബര്‍ 31 വരെയാണ് ഇളവുകള്‍ നീട്ടിയത്. ആംഫോട്ടറിസിന്‍ ബി നോള്‍ റേറ്റ്, ടോസിലിസുമാബ് നോള്‍ റേറ്റ്, റെംഡെസിവിര്‍ 5%, ഹെപ്പാരിന്‍ പോലുള്ള ആന്റിഓകോഗുലന്റുകള്‍ 5% എന്നിവയ്ക്കാണ് ഇളവുകളുള്ളത്. നേരത്തെ പ്രഖ്യാപിച്ച ഇളവ് സെപ്റ്റംബര്‍ 30 ന് അവസാനിക്കാനിരിക്കെയാണ് നടപടി.
ബയോ ഡീസല്‍ നികുതിയിലാണ് ജിഎസ്ടി കൗണ്‍സിലെ മറ്റൊരു നിലപാട്. ബയോ ഡീസല്‍ നികുതി കുറച്ചു. ഡീസലുമായി ലയിപ്പിക്കുന്നതിന് എണ്ണ വിപണന കമ്പനികള്‍ക്ക് വിതരണം ചെയ്യുന്ന ബയോഡീസലിന്റെ ജിഎസ്ടി നിരക്ക് 12% ല്‍ നിന്ന് 5% ആയി കുറച്ചു. വ്യോമ, കപ്പല്‍ മാര്‍ഗമുള്ള ചരക്കു നീക്കത്തിനും ജിഎസ്ടി ഇളവ് നല്‍കിയിട്ടുണ്ട്. കാര്‍ബണേറ്റഡ് പഴച്ചാറിന് 28 ശതമാനം നികുതിയും 12 ശതമാനം സെസും ഏര്‍പ്പെടുത്തി. ജിഎസ്ടി നഷ്ടപരിഹാരത്തുകയുടെ കാലാവധി ജൂണില്‍ അവസാനിക്കാനിരിക്കെ അഞ്ചുവര്‍ഷം കൂടി നീട്ടണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.