Top

മിസോറാമിലേക്ക് മ്യാന്‍മറില്‍ നിന്ന് കൂട്ടപലായനം; സൈനിക നീക്കങ്ങള്‍ അവസാനിച്ചാല്‍ തിരിച്ചുപോകുമെന്ന് സര്‍ക്കാര്‍

അതിര്‍ത്തി വഴി നൂറുകണക്കിന് മ്യാന്‍മാര്‍ അഭയാര്‍ഥികളാണ് മിസോറാമില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്

12 Sep 2021 11:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മിസോറാമിലേക്ക് മ്യാന്‍മറില്‍ നിന്ന് കൂട്ടപലായനം; സൈനിക നീക്കങ്ങള്‍ അവസാനിച്ചാല്‍ തിരിച്ചുപോകുമെന്ന് സര്‍ക്കാര്‍
X

മിസോറാമിലേക്ക് അതിര്‍ത്തിവഴി മ്യാന്‍മറില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ കൂട്ടമായി പാലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തി വഴി നൂറുകണക്കിന് മ്യാന്‍മാര്‍ അഭയാര്‍ഥികളാണ് മിസോറാമില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസമായി മ്യാന്‍മറില്‍ നിന്ന് നിരവധിപേര്‍ അതിര്‍ത്തി വഴി മിസോറാമില്‍ അഭയം തേടി എത്തിച്ചേരുന്നതായി സംസ്ഥാന സര്‍ക്കാരും ഔദ്യോഗികമായി അറിയിച്ചു.

മ്യാന്‍മാര്‍ അതിര്‍ത്തി പങ്കിടുന്ന ചമ്പായി, ഹനത്യാല്‍ ജില്ലകളിലാണ് മ്യാന്‍മറില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ അഭയം തേടിയെത്തിരിക്കുന്നത്. മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിനെതിരെ കടുത്ത പോരാട്ടങ്ങള്‍ ഇന്ത്യയുമായുള്ള അതിര്‍ത്തിപ്രദേശങ്ങളില്‍ നടക്കുന്നതിനിടെയാണ് ജനങ്ങള്‍ കൂട്ടത്തോടെ മിസോറാമിലേക്ക് പാലായനം ചെയ്യുന്നത്്.

നൂറുകണക്കിന് പേര്‍ മ്യാന്‍മറില്‍ നിന്ന് മിസോറാമിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ എത്രപേര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നതിന് കൃത്യമായ കണക്കുകളില്ലെന്ന് മിസോറാം ആഭ്യന്തര മന്ത്രി ലാല്‍ചമാലിന വ്യക്തമാക്കി. ചെറിയ സംഘങ്ങളായി മിസോറാമില്‍ പ്രവേശിക്കുന്ന മ്യാന്‍മാറില്‍ നിന്നുള്ളവര്‍ക്ക് ഗ്രാമങ്ങളിലെ മുതിര്‍ന്നവര്‍ അഭയം നല്കുന്നതായി ഹനത്യാല്‍ ഡപ്യൂട്ടി കമ്മീഷണര്‍ സെയ്‌സ്‌ക്ക്പ്പ്യൂ അറിയിച്ചു. ഇത്തരത്തില്‍ ഹനത്യാല്‍ ജില്ലയില്‍ എഴുനൂറ്റിയറുപതോളം പേരെ അഞ്ചോ ആറോ ഗ്രാമങ്ങളിലായി താമസിപ്പിച്ചുവരുന്നതായും സെയ്‌സ്‌ക്ക്പ്പ്യൂ കൂട്ടിച്ചേര്‍ത്തു. മ്യാന്‍മറിലെ അതിര്‍ത്തിയില്‍ നടക്കുന്ന സൈനിക നീക്കങ്ങള്‍ അവസാനിച്ചാല്‍ എല്ലാവരും തിരിച്ചുപോകുമെന്ന് കരുതുന്നതായി മിസോറാം സര്‍ക്കാര്‍ വിശ്വാസം പ്രകടിപ്പിച്ചു.

ചമ്പായി ജില്ലയില്‍ താല്‍ക്കാലിക അഭയകേന്ദ്രങ്ങള്‍ സ്ഥാപിച്ചാണ് മ്യാന്‍മര്‍ നിവാസികള്‍ താമസിക്കുന്നതെന്നും ഇതിന് പ്രദേശിക എന്‍ജിഒകള്‍ സംവിധാനങ്ങള്‍ ഒരുക്കിയതായും ചമ്പായി ഡപ്യൂട്ടി കമ്മീഷണര്‍ മരിയ സിടി സുലെ അറിയിച്ചു. അഞ്ഞൂറ്റിപത്തോളം കിലോമീറ്റര്‍ അതിര്‍ത്തിയാണ് മ്യാന്‍മര്‍ മിസോറാമുമായി പങ്കിടുന്നത്.

മ്യാന്‍മറില്‍ സൈന്യം ഭരണം പിടിച്ചതോടെ ഇന്ത്യയിലേക്ക് അഭയം തേടിയെത്തുന്നത് ആയിരകണക്കിന് ആളുകളാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പതിനായിരത്തോളം മ്യാന്‍മര്‍ പൗരന്‍മാരാണ് മാര്‍ച്ച് മുതല്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. മിസോറാമിലെ സെര്‍ച്ചിപ്പ്, സെയ്ത്താല്‍ സെയ്ഹ തുടങ്ങീ നിരവധി ജില്ലകള്‍ മ്യാന്‍മറിന്റെ അതിര്‍ത്തി പങ്കിടുന്നുണ്ട്. കൂടാതെ മിസോകളും മ്യാന്‍മര്‍ അതിര്‍ത്തിയിലെ ചിന്‍സുകളും ഒരേ ഗോത്രവംശക്കാരെന്ന പ്രത്യേകയും ഉണ്ട്.

Next Story