Top

നരേന്ദ്രഗിരിയുടെ മരണം; ശിഷ്യന്‍മാരില്‍ ഒരാള്‍ അറസ്റ്റില്‍, രണ്ടുപേര്‍ കസ്റ്റഡിയില്‍

നരേന്ദ്രഗിരിയുടെ മരണം സംബന്ധിച്ച് സംശയങ്ങള്‍ ബാക്കി നില്ക്കുകയാണ്

21 Sep 2021 6:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നരേന്ദ്രഗിരിയുടെ മരണം; ശിഷ്യന്‍മാരില്‍ ഒരാള്‍ അറസ്റ്റില്‍, രണ്ടുപേര്‍ കസ്റ്റഡിയില്‍
X

അഖില ഭാരതീയ അഖാഡി പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്രഗിരിയുടെ മരണത്തില്‍ ശിഷ്യന്‍മാരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്ത അനുയായിയും ശിഷ്യനുമായ ആനന്ദ്ഗിരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനശിഷ്യന്‍മാരില്‍ രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്ദീപ് തിവാരിയെയും മകന്‍ ആദ്യതിവാരിയെയുമാണ് ചോദ്യം ചെയ്യുന്നത്.

തിങ്കളാഴ്ച്ചയാണ് രാജ്യത്തെ പ്രമുഖ മതമേലധ്യക്ഷനായ നരേന്ദ്രഗിരിയെ തൂങ്ങി മരിച്ചനലയില്‍ യുപിയിലെ പ്രയാഗ്‌രാജിലെ ബാഗഭരി മഠത്തില്‍ കണ്ടെത്തുന്നത്. എഴുപത്തിരണ്ടുകാരനായ മഹന്ദ് നരേന്ദ്രഗിരി ഫാനില്‍ നൈലോണ്‍ കയറുപയോഗിച്ച് തൂങ്ങി മരിച്ച് നില്്ക്കുന്നതായി തിങ്കാളാഴ്ച്ച വൈകീട്ടാണ് കണ്ടെത്തുന്നത്. നരേന്ദ്രഗിരി തയ്യാറാക്കിയ ആത്മഹ്യകുറിപ്പിലാണ് ഇപ്പോള്‍ അറസ്റ്റിലായവരുള്‍പ്പടെയുള്ളവര്‍ മാനസികമായി തന്നെ പീഢിപ്പിക്കുന്നതായി എഴുതിയിരിക്കുന്നത്.

അതേസമയം, നരേന്ദ്രഗിരിയുടെ മരണം സംബന്ധിച്ച് സംശയങ്ങള്‍ ബാക്കി നില്ക്കുകയാണ്. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് യുപി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അറസ്റ്റിലായ ആനന്ദ് ഗിരി നേരത്തെ സാമ്പത്തിക തിരിമറികള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സന്ന്യാസി സംഘത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് നരേന്ദ്ര ഗിരിയുടെ കാലില്‍വീണ് മാപ്പപേക്ഷിക്കുന്ന വീഡിയോയുമായി ആനന്ദ്ഗിരി വീണ്ടും രംഗത്തെത്തുന്നത്. എന്നാല്‍ നരേന്ദ്രഗിരിയുടെ സംശയാസ്പദമായ മരണത്തെ തുടര്‍ന്ന് ഇക്കാര്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചുവരികയാണ്.

2019ലാണ് മഹന്ത് നരേന്ദ്രഗിരി ആള്‍ ഇന്ത്യാ അഖില ഭാരതീയ അഖാഡി പരിഷത്തിന്റെ അധ്യക്ഷനായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവരുമായി നരേന്ദ്രഗിരിയ്ക്ക് അടുത്ത ബന്ധമാണുള്ളത്. പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നരേന്ദ്രഗിരിയുടെ മരണത്തില്‍ അനുശോചിച്ചു. എസ്പി അധ്യക്ഷനും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും നരേന്ദ്രഗിരിയുടെ മരണത്തില്‍ അതീവദുഖം രേഖപ്പെടുത്തി.

Popular Stories

    Next Story