'രാത്രി അവിടെ പോയതാണ് പ്രശ്നം'; മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ ഇരയെ ആക്ഷേപിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി
പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളും രംഗത്ത് എത്തി.
26 Aug 2021 11:56 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മൈസൂരുവില്‍ സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് എത്തിയ കോളേജ് വിദ്യാര്‍ഥിനിയെ ആറു പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കര്‍ണാടക ആഭ്യന്തമന്ത്രി അരഗ ജ്ഞാനേന്ദ്ര. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ ഇതുവരെ പിടികൂടാത്തതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇരയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശവുമായി മന്ത്രിയെത്തുന്നത്. ചാമുണ്ഡി ഹില്‍സില്‍ രാത്രി പോയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്നാണ് മന്ത്രിയുടെ പരാമര്‍ശം.
'അത് ഒരു വിജനമായ സ്ഥലമായിരുന്നു. അവര്‍ രാത്രി അവിടെ പോകാന്‍ പാടില്ലായിരുന്നു എന്നതാണ് ആദ്യത്തെ കാര്യം. ആരെയും എവിടെയും പോകുന്നത് തടയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ആളൊഴിഞ്ഞതിനാല് ആളുകള്‍ അധികം പോകാത്ത ഒരിടമാണ് അത്. പക്ഷേ ഈ രണ്ട് പേര് അവിടെ എത്തി. ഇപ്പോള്‍, പ്രദേശത്ത് പൊലീസ് പട്രോളിംഗ് ഇല്ലെന്ന ആക്ഷേപം ഉണ്ട് ഈ വീഴ്ചകള്‍ പരിശോധിക്കും.' മൈസൂരുവിലാണ് സംഭവം നടന്നത്. പക്ഷേ കോണ്‍ഗ്രസ് അതില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. എന്നും അദ്ദേഹം ആരോപിച്ചു. വിഷയം രാഷ്ട്രീയമായി തിരിച്ച് വിട്ട് കോണ്‍ഗ്രസ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ജ്ഞാനേന്ദ്ര പ്രതികരിച്ചു.
മന്ത്രിയുടെ പ്രതികരണത്തിന് എതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. ഗുരുതരമായ ഒരു സംഭവത്തെ നിസ്സാരവത്കരിക്കാനാണ് ജ്ഞാനേന്ദ്ര ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളും രംഗത്ത് എത്തി.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു എംബിഎ വിദ്യാര്‍ത്ഥിനിയും സുഹൃത്തും മൈസൂരുവിലെ പ്രശസ്തമായ ചാമുണ്ഡി ഹില്‍സ് എത്തിയത്. എന്നാല്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിര്‍ത്തി സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ ശേഷമായിരുന്നു ബലാത്സംഗം. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയും സുഹൃത്തും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുകയുമാണ്.
സംഭവത്തില്‍ മൈസൂരു അല്ലനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.