മൈസൂരു കൂട്ടബലാത്സംഗം; ആറ് പേര് കസ്റ്റഡിയില്‍, പിടിയിലായത് തമിഴ്നാട്, മുംബൈ എന്നിവിടങ്ങളില്‍ നിന്നും
28 Aug 2021 6:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മൈസൂരുവിലെ ചാമുണ്ഡി ഹില്‍സില്‍ എംബിഎ വിദ്യാര്‍ഥിനിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ച കേസില്‍ ആറ് പേര് പിടിയില്‍. തമിഴ്നാട് മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് ആറ് പേരെ കര്‍ണാടക പൊലീസ് പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ട്. 4 പേരെ തമിഴ്നാട്ടില്‍നിന്നും 2 പേരെ മുംബൈയില്‍നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് വിവരം.
എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത് എന്നാണ് പുറത്ത് വരുന്ന വിവരം. ഇവരെ മൈസൂരുവിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ് എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര നോര്‍ത്ത് ലേഔട്ടില്‍ വന മേഖലയില്‍ വച്ച് പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തിന് പിന്നില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരംഗ സംഘമാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പിറകെയാണ് അറസ്റ്റ് വാര്‍ത്തകള്‍.
അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ് സംഭവത്തിന് പിന്നിലെന്ന് നേരത്തെ തന്നെ പൊലീസ് സൂചന നല്‍കിയിരുന്നു. പീഡന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ പൊലീസ് ടവര്‍ രേഖകള്‍ പരിശോധിച്ചാണ് പ്രതികളെന്ന് സംശയിക്കുന്നവരിലേക്ക് എത്തിയത്. സംശയാസ്പതമായ 20 സിം കാര്‍ഡുകളാണ് പൊലീസ് കണ്ടെത്തിയത്. ഇതില്‍ ആറെണ്ണം വിദ്യാര്‍ത്ഥികളായിരുന്നു. മുന്നെണ്ണം മലയാളികളും ഒന്ന് തമിഴ്നാട് സ്വദേശിയുടേയുമാണെന്നും തിരിച്ചറിഞ്ഞു. സംഭവം നടന്നതിന് പിന്നാലെ മൈസൂരു സര്‍വകലാശാലയുടെ പരിധിയിലെത്തിയ ഈ നാല് നമ്പറുകളും പിന്നാലെ പ്രവര്‍ത്തന രഹിതമാവുകയും ചെയ്തു. ഇതോടെയാണ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചത്. സംഭവ ദിവസം വൈകിട്ട് ആറര മുതല്‍ എട്ടര മുതല്‍ ഇവരുടെ ഫോണ്‍ ചാമുണ്ഡിഹില്‍സിലെ ടവറിന് കീഴിലായിരുന്നു. പിന്നീട് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഇവര്‍ എത്തിയതായി അന്വേഷണസംഘം കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുപ്രധാനമായ സര്‍വകലാശാല പരീക്ഷ എഴുതാതെ വിദ്യാര്‍ത്ഥികള്‍ മടങ്ങിയതായി കണ്ടെത്തിയതോടെ സംശയം ബലപ്പെടുകയായിരുന്നു. ഹോസ്റ്റലിലും ഇവര്‍ എത്തിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി പഠിക്കുന്ന അതേ കോളേജിലെ വിദ്യാര്‍ത്ഥികളായതിനാല്‍ ഇവര്‍ തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള മുന്‍ വൈരാഗ്യം ഉള്‍പ്പെടെ പരിശോധിക്കുകയാണ് പൊലീസ്.
ഇതിനിടെ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ക്രൂരമായ പീഡനമാണ് പെണ്‍കുട്ടി നേരിട്ടതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ തലയില്‍ കല്ല് കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങളും പകര്‍ത്തി. ശേഷം പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത് വിസമ്മതിച്ചോടെ വീണ്ടും പീഡിപ്പിച്ച് വന്യമൃഗങ്ങള്‍ ഇറങ്ങുന്ന പ്രദേശത്ത് ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ഉപേക്ഷിച്ച് സംഘം മടങ്ങുകയായിരുന്നു.